99 കോടിയുടെ കേന്ദ്ര ടൂറിസം പദ്ധതി: നിര്‍മാണോദ്ഘാടനം 16ന് വാഗമണ്ണില്‍
തൊടുപുഴ: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടിയും ഗവിയും പച്ചപുതച്ച വാഗമണ്ണുമടങ്ങുന്ന ടൂറിസം സര്‍ക്യൂട്ടിന്റെ വികസനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ച ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 16 ന് വാഗമണ്ണില്‍ നടക്കും.
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരത്തിനും അഡ്വഞ്ചര്‍ ടൂറിസത്തിനും പ്രാമുഖ്യം നല്‍കിയുള്ള പദ്ധതിക്കായാണ് കേന്ദ്രം 99 കോടി അനുവദിച്ചിരിക്കുന്നത്. തേക്കടിക്ക് പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ ടോപ് എമേര്‍ജിംഗ് ഡെസ്റ്റിനേഷന്‍ അവാര്‍ഡ് ലഭിച്ചതിനു പിന്നാലെ തേക്കടിയുള്‍പ്പെടുന്ന ടൂറിസം മേഖലയ്ക്ക് കൈവരുന്ന മെഗാ പദ്ധതി കേരളത്തിന്റെ വിനോദസഞ്ചാര രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
സ്വദേശി ദര്‍ശന്‍ പദ്ധതിപ്രകാരം ഗവി, തേക്കടി, വാഗമണ്‍ എന്നീ ടൂറിസം സര്‍ക്യൂട്ടുകള്‍ ഉള്‍പ്പെടുന്ന 150 കിലോമീറ്റര്‍ മേഖലയുടെ വികസനത്തിനാണ് അനുമതി. പദ്ധതിക്കു കീഴില്‍ കേരളത്തിലെ ആദ്യ മെഗാ ടൂറിസം പ്രൊജക്ടാണിത്. ഉത്തരേന്ത്യയിലെ ബുദ്ധിസ്റ്റ്, ഹിമാലയന്‍ മേഖലകളും സ്വദേശി ദര്‍ശന്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗവി-വാഗമണ്‍-തേക്കടി പദ്ധതി, പരിസ്ഥിതി വിനോദസഞ്ചാരം പ്രമേയമാക്കിയാണ് കേരളം പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചത്. 200 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളം മുമ്പോട്ട് വച്ചത്.
അനുമതി ലഭിച്ചതില്‍ 35 കോടിരൂപ ഗവി മേഖലയിലും 64 കോടി രൂപ വാഗമണ്‍-തേക്കടി മേഖലയിലും ചെലവഴിക്കും. ആങ്ങമൂഴി മുതല്‍ വാഗമണ്‍ വരെയുള്ള പ്രദേശമാണ് പദ്ധതിയ്ക്കു കീഴില്‍ വരുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനം, സഞ്ചാരികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയ്ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. ആങ്ങമൂഴി, മൂഴിയൂര്‍, കൊച്ചുപമ്പ, കക്കി, ഗവി എന്നിവിടങ്ങളില്‍ കഫെറ്റീരിയയും റെസ്റ്റ് സെന്ററുമടങ്ങുന്ന ടൂറിസ്റ്റ് ഫെസിലിറ്റി സെന്ററുകള്‍ സ്ഥാപിക്കും. ട്രക്കിങ്ങിനുള്ള സൗകര്യവും മറ്റ് സാഹസിക വിനോദസഞ്ചാര പദ്ധതികള്‍ക്കും സൗകര്യമൊരുക്കും. ബോട്ടിംഗ് നിരീക്ഷിക്കുന്നതിന് സുരക്ഷാക്യാമറ സ്ഥാപിക്കാനും മറ്റ് സുരക്ഷാസംവിധാനങ്ങള്‍ക്കും പദ്ധതി ലക്ഷ്യമിടുന്നു. ഇവിടങ്ങളില്‍ പരിസ്ഥിതി സൗഹൃദ താമസസൗകര്യങ്ങളുമൊരുക്കും. നിരവധി അണക്കെട്ടുകള്‍, പവര്‍ ഹൗസ്, കാന സൗന്ദര്യം ഇവ ആസ്വദിക്കാനും കാട്ടു മൃഗങ്ങളെ അടുത്തുകാണാനുമുള്ള സൗകര്യമുള്ള ഖേലയാണ് ഗവി.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം സംസ്ഥാന ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ 16 ന് രാവിലെ 10 മണിക്ക് വാഗമണ്ണില്‍ നിര്‍വ്വഹിക്കും. വൈദ്യുതിമന്ത്രി എം.എം.മണി, ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എ മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, ഡി.ടിപി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 48 കോടി രൂപയാണ് വാഗമണ്‍ ടൂറിസം വികസനത്തിന് മാത്രമായി ചിലവഴിക്കുന്നത്.
പ്രവേശനകവാടം, വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം, ആംപി തിയേറ്റര്‍, വാക്ക്‌വേ, റെയിന്‍ഷെല്‍ട്ടര്‍, വിനോദയാത്രികര്‍ക്ക് ഇരിക്കുന്നതിനുള്ള പ്രത്യേക സ്ഥലം, പ്രകാശാലങ്കാര കാഴ്ച്ചകള്‍, സാഹസിക ഉദ്യാനം, പൈന്‍പാര്‍ക്ക്, പരിസ്ഥിതി സൗഹൃദ താമസ സൗകര്യങ്ങള്‍, റെയിന്‍വാട്ടര്‍ ഹാര്‍വെസ്റ്റിംങ്ങ്, നിരീക്ഷണ ടവറുകള്‍, അമിനിറ്റി സെന്റേര്‍സ്, ടോയ്‌ലറ്റ്‌സ്, തുടങ്ങി വാഗമണ്‍ മൊട്ടക്കുന്നുകളുടേയും പച്ചപുല്‍ത്തകിടികളുടേയും പൈന്‍മരങ്ങളുടേയും സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടുള്ള അതിമനോഹരമായ രൂപകല്പനകളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വാഗമണ്ണില്‍ പ്രത്യേക സ്വാഗതസംഘം യോഗം ചേര്‍ന്ന് നിര്‍മ്മാണോദ്ഘാടനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ജോയ്‌സ് ജോര്‍ജ് എം.പിയും ഇ.എസ്.ബിജിമോള്‍ എം.എല്‍.എ യും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."