മകളുടെ കല്യാണവും വീടെന്ന സ്വപ്നവും പൂര്‍ത്തിയാക്കാനാകാതെ അഷ്‌റഫ് യാത്രയായി
പേരാമ്പ്ര: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സക്കിടെ മരിച്ച പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലെ ചുമട്ടുതൊഴിലാളി നാഗത്ത് മീത്തല്‍ അഷ്‌റഫിന്റെ വിയോഗത്തില്‍ നാട് തേങ്ങി. വീടെന്ന സ്വപ്നവും നിശ്ചയിച്ച മകളുടെ വിവാഹവും പൂര്‍ത്തീകരിക്കാനാകാതെയാണ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും നീറുന്ന നൊമ്പരമായി അഷ്‌റഫ് വിടവാങ്ങിയത്.
പേരാമ്പ്രയില്‍ നിന്നും ഈയിടെ ചാലിക്കര കോമത്ത് വീടും സ്ഥലവും വാങ്ങി കഴിയുന്നതിനിടെയാണ് മരണം അഷ്‌റഫിനെ തേടിയെത്തിയത്. നേരത്തെ താമസിച്ചു വന്ന നാഗത്ത് മീത്തല്‍ പണിത വീടിന്റെ പ്രവൃത്തി കടം കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിറ്റതിനുശേഷം ചാലിക്കരയില്‍ പണി നിലച്ച ഒരു വീടും സ്ഥലവും വാങ്ങി കഴിയുകയായിരുന്നു.
ഇതിനിടെയാണ് സംസ്ഥാന പാതയില്‍ കക്കാട് വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിന് അപകടത്തില്‍ പെട്ടത്.സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് തലക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ തൊഴിലിടത്തില്‍ ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠതയും കാരണം എല്ലാവര്‍ക്കും പ്രിയപ്പെട്ട അഷ്‌റഫിന്റെ ദാരുണ മരണം സഹപ്രവര്‍ത്തകരിലും നികത്താനാവാത്ത നഷ്ടമുണ്ടാക്കി.
മെഡിക്കല്‍ കോളജാശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ കഴിയുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുന്ന മകളുടെ വിവാഹം തീരുമാനിച്ചിരുന്നു. ചാലിക്കരയിലെ വീട്ടിലും ടൗണ്‍ പള്ളിയിലും വന്‍ ജനാവലിയാണ് എത്തിചേര്‍ന്നത്.
ചേനോളി പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ചാലിക്കരയില്‍ വച്ചും ചേനോളി ജുമാമസ്ജിദില്‍ വെച്ചും നടന്ന മയ്യിത്ത് നിസ്‌കാരത്തിലും നൂറ് കണക്കിനാളുകള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."