തീയതി നീട്ടിയിട്ടും മലയാളി പ്രവാസികള്‍ക്ക് നോട്ട് മാറ്റം സാധ്യമല്ല
മനാമ: ഇന്ത്യാ ഗവണ്‍മെന്റ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രവാസികള്‍ക്ക് തീയ്യതി നീട്ടി നല്‍കിയെങ്കിലും മലയാളി പ്രവാസികള്‍ക്ക് നോട്ടു മാറ്റം സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.
കാരണം റിസര്‍വ് ബാങ്കിന്റെ കേരളത്തിനുപുറത്തുള്ള പ്രത്യേക കൗണ്ടറുകളിലൂടെ മാത്രമേ മലയാളി പ്രവാസികള്‍ക്കും നോട്ടുമാറ്റം സാധ്യമാകൂവെന്നതും ഇതിന് തന്നെ കടുത്ത നിബന്ധനകളുണ്ട് എന്നതു കൊണ്ടാണിത്.
പ്രവാസികളുടെ കൈവശമുള്ള പഴയ 1000, 500 രൂപ നോട്ടുകള്‍ മാറ്റാനുള്ള സമയം പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. ഇതിന് കേരളത്തിനു പുറത്തുള്ള റിസര്‍വ് ബാങ്കിന്റെ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ പ്രത്യേക കൗണ്ടറില്‍ നേരിട്ടെത്തണമെന്നാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നത്.
മാത്രവുമല്ല, ഒരാള്‍ക്ക് പരമാവധി 25,000 രൂപ മാത്രമാണ് മാറ്റി നല്‍കുക. ഇതിനായി വലിയൊരു തുക യാത്രക്കും മറ്റുമായി ചെലവാക്കേണ്ട ദുരവസ്ഥയാണ് നിലവില്‍ പ്രവാസികള്‍ക്കുള്ളത്. കൂടാതെ, പ്രസ്തുത തുക മാറി ലഭിക്കണമെങ്കില്‍ തന്നെ വേറെയും കടമ്പകളുണ്ട്. 2016 നവംബര്‍ 9 മുതല്‍ ഡിസംബര്‍ 30 വരെ ഇന്ത്യയിലില്ലാത്ത പ്രവാസികളാകണം.ഇന്ത്യയില്‍ വിമാനമിറങ്ങുമ്പോള്‍ കൈവശമുള്ള അസാധു നോട്ടിന്റെ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ വെളിപ്പെടുത്തി കസ്റ്റംസ് കൗണ്ടറില്‍ പ്രത്യേക ഫോം പൂരിപ്പിച്ചു നല്‍കി സ്ലിപ്പ് കൈപ്പറ്റണം.
പിന്നീട് റിസര്‍വ് ബാങ്ക് ഓഫിസില്‍ ചെല്ലുമ്പോള്‍ ഈ സ്ലിപ്പിനോടൊപ്പം സത്യപ്രസ്താവനയും ഒപ്പിട്ട് നല്‍കണം. നോട്ട് മാറാന്‍ അനുവദിച്ച സമയത്ത് നാട്ടില്‍ ഇല്ലെന്ന് തെളിയിക്കാന്‍ എമിഗ്രേഷന്‍ സ്റ്റാമ്പ് പതിച്ച പാസ്‌പോര്‍ട്ടിന്റെ ഒറിജിനലും പകര്‍പ്പും കരുതണം. ഇന്ത്യയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലൂടെയും നേരത്തെ പണം മാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ എല്ലാ അക്കൗണ്ടുകളുടെയും സ്റ്റേറ്റ്‌മെന്റ് ഹാജരാക്കണം. പാന്‍ കാര്‍ഡ് കോപ്പി അല്ലങ്കില്‍ ഫോം 60 പൂരിപ്പിച്ചത് കൂടെവെക്കണം. ഈ വക കടമ്പകളെല്ലാം കഴിഞ്ഞാല്‍ ഇവ പരിശോധിക്കാനാവശ്യമായ സാവകാശം കഴിഞ്ഞ് മാത്രമേ കെ.വൈ.സി മാനദണ്ഡങ്ങള്‍ അംഗീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുകയുള്ളൂ. അതേ സമയം മേല്‍ രേഖകള്‍ തയ്യാറാക്കുന്നതില്‍ എവിടെയെങ്കിലും പാളിച്ചകളുണ്ടാകുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഏകദേശം അര ലക്ഷം രൂപയോളം പിഴയടക്കേണ്ടിയും വരും. ഇക്കാര്യങ്ങളെല്ലാം ഡിസംബര്‍ 31ന് ആര്‍.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ വിജയകുമാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.
ചുരുക്കത്തില്‍ വര്‍ഷത്തില്‍ തുഛമായ ദിവസത്തെ ലീവില്‍ നാട്ടിലെത്തുന്ന കേരളത്തിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് നോട്ടു മാറ്റം സാധ്യമല്ലെന്നാണ് ഈ മേഖലയിലുള്ള വിദഗ്ദരുടെ അഭിപ്രായം. നേരത്തേ ഡിസംബര്‍ 30ന് മുമ്പ് അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന നിബന്ധന പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കിയത്. ഈ ഇളവ് വലിയ ആശ്വാസമായെന്ന വിലയിരുത്തലിലായിരുന്നു ഗള്‍ഫിലടക്കമുള്ള മലയാളി പ്രവാസികള്‍. എന്നാല്‍ ഉത്തരവ് പൂര്‍ണ്ണമായും പരിശോധിച്ചതോടെയാണ് പ്രവാസി മലയാളികളുടെ നോട്ടുമാറ്റം നടക്കില്ലെന്ന് വ്യക്തമാകുന്നത്. ഇതോടെ പരമാവധി 25,000 രൂപവരെ കയ്യില്‍ കരുതാവുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കിലെത്താതെ നഷ്ടപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."