യുവജനസംഘടനകളുടെ പേരുമാറ്റണമെന്ന കേന്ദ്രനിര്‍ദേശം പുനഃപരിശോധിക്കണം: യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍
കൊല്ലം: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന യുവജന ക്ലബുകളുടെ പേര് വിവേകാനന്ദ ക്ലബ് എന്നാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് സന്നദ്ധസംഘടനാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കേരളാ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ഏറ്റവും വലിയ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേഷന്‍ ലഭിക്കുവാനും പുതുക്കുന്നതിനും പേരുമാറ്റം അനിവാര്യമാണെന്ന പുതിയ തീരുമാനം വിചിത്രമാണ്.
രാജ്യത്തു പ്രവര്‍ത്തിക്കുന്ന 2.73 ലക്ഷം യൂത്ത് ക്ലബുകള്‍ നമ്മുടെ നാടിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങളാണ്. നിയമപ്രകാരം വിവിധ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത ഈ ക്ലബുകള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ക്ലബുകള്‍ നെഹ്‌റു യുവകേന്ദ്രയുമായി ചേര്‍ന്ന് യുവജന ശാക്തീകരണത്തിനായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരികയാണ്. ഇപ്പോള്‍ നെഹ്‌റു യുവകേന്ദ്രയേയും യൂത്ത് ക്ലബുകളേയും തകര്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറേണ്ടതാണെന്നും യോഗം ആവശ്യപ്പെട്ടു. കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ റ്റി.എസ് മുരളീധരന്‍ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായി റ്റി.എസ് മുരളീധരന്‍ (ചെയര്‍മാന്‍), ദിവ്യാ ദേവകി (വൈ. ചെയര്‍.), അനന്തകൃഷ്ണന്‍ പ്രസാദ് (ജന. സെക്ര.), സി. ജയലക്ഷ്മിപിള്ള, ജോബിന്‍ തോമസ് (സെക്ര.), അഖില്‍ (ട്രഷ.), സിദ്ദിഖ് മംഗലശ്ശേരി (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."