തെരഞ്ഞെടുപ്പ്: മോദിക്ക് അഗ്നിപരീക്ഷ
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാറിനും പ്രത്യേകിച്ച് നരേന്ദ്ര മോദിക്കും അഗ്നി പരീക്ഷയാകും.
രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഏത് രീതിയിലാണ് പ്രതികരിക്കുകയെന്നത് വ്യക്തമല്ല. മോദിയുടെ നടപടിയ്ക്കെതിരേ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ഒരേ നിലപാടിലേക്ക് എത്തിയത് ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കും കടുത്ത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലമുള്ളതും ജനസംഖ്യ കൂടുതലുമുള്ളതുമായ ഉത്തര്‍ പ്രദേശിലേക്കാണ് എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ തലസ്ഥാനമെന്ന് കണക്കാക്കുന്ന ഉത്തര്പ്രപദേശില് നോട്ട് നിരോധനം തിരിച്ചടിയ്ക്കാതിരിക്കാന് ബി.ജെ.പിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ റാലികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം യു.പിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം പ്രത്യേക ക്യാംപുകളും നടത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ കറന്‍സികളില്‍ 86 ശതമാനമുള്ള ഇവ നിരോധിച്ചത് വലിയ ദുരന്തമാണ് രാജ്യത്ത് വരുത്തിവച്ചത്. ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂനിന്ന് 100ലധികം പേര് മരിക്കുകയും ചെയ്തു. അഴിമതിക്കും കള്ളപ്പണത്തിനും എതിരായാണ് നോട്ടുകള്‍ അസാധുവാക്കിയതെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നതെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയുണ്ടായത് തെരഞ്ഞെടുപ്പില്‍ ഏത് രീതിയില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉറ്റുനോക്കുന്നത്.
2014ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 14ലും അധികാരത്തിലെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും മറ്റ് പ്രാദേശിക പാര്‍ട്ടികളുമാണ് അധികാരത്തിലുള്ളത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വരാനായിട്ടില്ലെങ്കില് നോട്ട് നിരോധനം പാളിയെന്ന് വിലയിരുത്തേണ്ടി വരുമെന്നാണ് ബി.ജെ.പി നേതാക്കളില്‍ ഒരു വിഭാഗം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഏത് നിലക്കും അധികാരത്തിലേറാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."