റേഷന്‍ കാര്‍ഡ് മുന്‍ഗണ പട്ടികയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കയറിക്കൂടിയാല്‍ ശക്തമായ നടപടി
കാക്കനാട്: റേഷന്‍ കാര്‍ഡ് മുന്‍ഗണ പട്ടികയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കയറിക്കൂടിയതായി തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കും. അത്തരം ക്രമക്കേട് കാട്ടുന്ന ജീവനക്കാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും.
ഗവ. ജീവനക്കാര്‍ ഉള്‍പ്പെടെ ആരെങ്കിലും മുന്‍ഗണന ലിസ്റ്റില്‍ വ്യാജ വിവരങ്ങള്‍ നല്‍കി കയറിക്കൂടിയിട്ടുണ്ടെങ്കില്‍ സ്വയം ഒഴിഞ്ഞു പോകാനാണ് സിവില്‍ സപ്ലൈസ് നിര്‍ദേശിച്ചിരിക്കുന്നത്.സമ്പത്തിക ശേഷിയുള്ളവര്‍ മുന്‍ഗണന ലിസ്റ്റില്‍ ഉണ്ടെന്ന് ഭാവിയില്‍ കണ്ടെത്തിയാല്‍ അവര്‍ അതുവരെ വാങ്ങിയ റേഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തിരിച്ചു പിടിക്കാനാണ് തീരുമാനം. ഭാരിച്ച ചികിത്സ ചെലവ് ആനുകൂല്യങ്ങള്‍ നേടുകയാണ് മുന്‍ഗണന ലിസ്റ്റില്‍ കയറി കൂടുന്നത് വഴി സാമ്പത്തിക ശേഷിയുള്ളവര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ അനര്‍ഹരായ 285 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് പറഞ്ഞു. അനര്‍ഹരാണെന്നു തോന്നുന്നവര്‍ക്കു സ്വയം പുറത്തുപോകാന്‍ അവസരം നല്‍കിയെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണു നടപടിയിലേക്ക് നീങ്ങിയത്.
റേഷന്‍ കാര്‍ഡ് മുന്‍ഗണനാപട്ടികയില്‍ നിന്ന് അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കിയതു സംബന്ധിച്ച് ആയിരക്കണക്കിന് പരാതികള്‍ വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ ലഭിച്ചിരുന്നത്. ഇവരുടെ പരാതികളില്‍ തെളിവെടുപ്പ് നടത്തിയപ്പോഴാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയവരെയും അബദ്ധത്തില്‍ ലിസ്റ്റില്‍ കയറിക്കൂടിയവരെയും കണ്ടെത്തിയത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് 285 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഒരാഴ്ചക്കുള്ളില്‍ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അവശ്യസാധന നിയമപ്രകാരം കേസെടുക്കും. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുന്നതാണു വകുപ്പുകള്‍. കൂടാതെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ ധാന്യങ്ങളുടെ വില ഈടാക്കുകയും ചെയ്യുമെന്നും സപ്ലൈ ഓഫിസ് അധികൃതര്‍ പറഞ്ഞു.
അതിനിടെ, അനര്‍ഹരായ 845 പേര്‍ സ്വയം അപേക്ഷ നല്‍കി പട്ടികയില്‍ നിന്നു പുറത്തുപോയതായും സപ്ലൈ ഓഫിസര്‍ പറഞ്ഞു. വലിയ വീടും കാറും ഉള്ളവരും സര്‍ക്കാര്‍ ജോലിയുള്ളവരുമായ പലരുമാണ് മുന്‍ഗണനാ പട്ടികയില്‍ കയറിക്കൂടിയിരിക്കുന്നത്. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് പരാതികള്‍ ലഭിച്ചത്.
എല്ലാ പരാതികളിലും വിശദമായ അന്വേഷണമാണ് നടത്തുന്നത്. പരാതികള്‍ ലഭിച്ച കാര്‍ഡുകളില്‍ സീല്‍ പതിപ്പിച്ചിട്ടില്ല. അതേസമയം കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജനുവരി ഏഴിന് ഒരവസരം കൂടി നല്‍കും.
താലൂക്ക് സപ്ലൈ ഓഫിസുകള്‍, സിറ്റി റേഷനിങ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ പരാതികള്‍ സമര്‍പ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."