കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാത: സംയുക്ത സാധ്യതാ റിപ്പോര്‍ട്ട് തയാറായി
രാജപുരം: ഉത്തര കേരളത്തിന്റെ സമഗ്ര വികസനത്തിനു വഴി തെളിയിക്കുന്ന കാഞ്ഞങ്ങാട്- പാണത്തൂര്‍കാണിയൂര്‍ മലയോര റെയില്‍പാതയുടെ നിര്‍മാണത്തിനു സംയുക്ത സാധ്യതാ റിപ്പോര്‍ട്ട് തയാറായി.
ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിസ്ട്ര്റ്റീവ് മാനേജരുടെ ഓഫിസിലാണ് 2007 മുതല്‍ 2015 വരെയുള്ള മുഴുവന്‍ സര്‍വേകളുടേയും സാധ്യതാ റിപ്പോര്‍ട്ട് തയാറായത്.
2007 ലെ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് 70 കി.മീ ദൈര്‍ഘ്യമുള്ള പുതിയ പാതയുടെ സര്‍വേക്കു ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് ആദ്യ ഘട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പാത നിര്‍മാണം റെയില്‍വേക്ക് ലാഭകരമാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2010-11 ബജറ്റില്‍ പാണത്തൂര്‍ മുതല്‍ കാണിയൂര്‍ വരെ 30 കിലോമീറ്റര്‍ സര്‍വേ നടത്താനും ഉത്തരവിട്ടിരുന്നു.
പീന്നീട് എന്‍.ഡി.എ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായിരുന്ന സദാനന്ദ ഗൗഡ 2014 ല്‍ അവതരിപ്പിച്ച ബജറ്റില്‍ കാഞ്ഞങ്ങാട് മുതല്‍ കാണിയൂര്‍ വരെ ഒറ്റ സര്‍വേ നടത്താനും നിര്‍ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്ന് 2015 ല്‍ നടന്ന അവസാന സര്‍വേയില്‍ ജനസാന്ദ്രത, ചരക്കു ഗതാഗതം മറ്റു സാങ്കേതിക കാരണങ്ങള്‍ എന്നിവ കണക്കിലെടുത്ത് ജാല്‍സൂര്‍ വഴി കടന്നുപോകുന്ന വിധത്തിലുള്ള 91 കിലോമീറ്റര്‍ ദൂരം വരുന്ന പാതക്ക് സര്‍വേ നടത്തി. ഈ സര്‍വേകളുടെ സംയുക്ത സാധ്യത റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തയാറായിട്ടുള്ളത്. 12000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാതക്ക് കേരള സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള നീക്കങ്ങള്‍ക്ക് വേഗത വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ തയാറായ സംയുക്ത റിപ്പോര്‍ട്ട് ഉടന്‍ റെയില്‍വേ ബോര്‍ഡ് പരിഗണനക്കുകയാണെങ്കില്‍ വരുന്ന ബജറ്റില്‍ പാതക്കു വേണ്ടിയുള്ള തുക വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതു സംബന്ധിച്ചു ആശയം കൊണ്ടുവന്ന എന്‍ജിനീയര്‍ ജോസ് കൊച്ചിക്കുന്നേല്‍ പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി, മംഗളൂരു എം.പി നളിന്‍കുമാര്‍ കട്ടീല്‍, റെയില്‍വേ ബോര്‍ഡ്, ഇ ശ്രീധരന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."