വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിച്ച കേസ്: രണ്ടു പേര്‍ പിടിയില്‍; രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലിസ്
വണ്ടിത്താവളം: പെരുമാട്ടി കോരിയാര്‍ചള്ളയില്‍ വീട്ടിനുള്ളില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും സൈക്കിളും കത്തിച്ച കേസ്സില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ജനതാദള്‍(എസ്) പ്രവര്‍ത്തകരായ കോരിയാര്‍ചള്ളയിലെ കെ.സതീഷ്(26), എസ്.സിജോഷ്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചിറ്റൂര്‍ സി.പി.എം.ഏരിയ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിന്റെ സഹോദരനും, കേരള കര്‍ഷകസംഘം ഏരിയാസെക്രട്ടറിയുമായ ഇ.എന്‍.രവീന്ദ്രന്റെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പെരുമാട്ടി പഞ്ചായത്തിലെ കരടികുന്ന് ഗ്രാമത്തിലെ 28 ജനതാദള്‍ (എസ്) കുടുംബങ്ങള്‍ സി.പി.എമ്മിലേക്ക് മാറുകയും അടുത്തദിവസം തന്നെ തിരിച്ച് ജനതാദള്‍(എസ്)ലേക്ക് മടങ്ങുകയും ചെയ്തു.
ഇതില്‍ ഇടതു രാഷ്ട്രീയ മുന്നണികള്‍ക്കുള്ളില്‍ പണ്ടുമുതല്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഒരു പരിധി വരെ പരിഹരിക്കപ്പെട്ടതുമായ കടുത്ത തര്‍ക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലിസിന്റെ അഭിപ്രായം.
രണ്ടു മാസം മുന്‍പ് കല്ലന്‍തോട് കള്ളുഷാപ്പിലെ ചെത്തുതൊഴിലാളിയെ വെട്ടിയ കേസില്‍ റിമാന്‍ഡിലുള്ള വിനേഷിന്റെ സഹോദരനാണ് ഇപ്പോള്‍ പിടിക്കപ്പെട്ട കെ.സതീഷ്.
ഈ പ്രതികള്‍ അന്നേദിവസം സംഭവസ്ഥലത്തെത്തി പെട്ടെന്ന് മാറിപോയതാണ് എളുപ്പത്തില്‍ പ്രതികളിലേക്ക് അന്വേഷണം ആരംഭിക്കാനും കണ്ടെത്താനും കഴിഞ്ഞതെന്ന് ചിറ്റൂര്‍ സി.ഐ ഹംസ പറഞ്ഞു. 22 വര്‍ഷത്തിന് ശേഷമുള്ള രാഷ്ട്രീയമാറ്റത്തിന് ജനതാദള്‍ (എസ്) സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ച സി.പി.എമ്മിന് കിട്ടിയ ജനതാദള്‍ (എസ്) നേതൃത്തത്തിന്റെ സമ്മാനമാണ് സി.പി.എം. നേതാവിന്റെ വാഹനവും മറ്റും കത്തിച്ചതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ അന്‍പതോളം ചെറുതും വലുതുമായ സി.പി.എം.ജനതാദള്‍ (എസ്)സംഘര്‍ഷം നടന്നിട്ടുണ്ട്. 2015 ഓഗസ്റ്റില്‍ ഇ.എന്‍. രവീന്ദ്രന്റെ സഹോദരന്‍ ഇ.എന്‍.ശശിയുടെ വീട് ജനതാദള്‍(എസ്) പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
പെരുമാട്ടിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സി.പി.എം ജനതാദള്‍(എസ്) സംഘര്‍ഷം ഇടതു മുന്നണിക്കുള്ളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ പരിഹരിച്ചിരുന്നെങ്കിലും അണികള്‍ക്കുള്ളില്‍ ഇപ്പോഴും അമര്‍ഷം നിലനില്‍ക്കുന്നതായി ഇവിടെത്തെ രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."