ആളിയാര്‍ ജല വിതരണ പ്രശ്‌നം: കുടിവെള്ളം മുടങ്ങുമെന്ന് ജലഅതോറിറ്റി റിപ്പോര്‍ട്ട്
പാലക്കാട്: ആളിയാറില്‍ നിന്നും പുഴകളിലേക്ക് ആവശ്യമായ വെള്ളം ലഭിച്ചില്ലെങ്കില്‍ പുഴകളെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് കാണിച്ച് വാട്ടര്‍ അതോറിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനു അടിയന്തിര കത്തയച്ചു.
പുഴകള്‍ മുഖ്യ ജലസ്രോതസായി ജില്ലയില്‍ മുന്നോറോളം കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കിണറുകളിലും, കുഴല്‍കിണറുകളിലും ഇപ്പോള്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു വരികയാണ്.
ജനുവരി അവസാനമാവുമ്പോഴേക്കും കുടിവെള്ളത്തിന് ക്ഷാമം നേരിടുമെന്നും അടിയന്തിരമായി ആളിയാറില്‍നിന്ന് പുഴകളിലേക്ക് വെള്ളം തുറന്നു കിട്ടിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളം നല്‍കാന്‍ കഴിയില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്നെ കൃഷിക്കായി മലമ്പുഴയില്‍ നിന്നും വെള്ളം തുറന്ന് വിട്ടതിനാല്‍ ഭാരതപ്പുഴയിലേക്ക് ഇനി വെള്ളം വിടാന്‍ പറ്റാത്ത അവസ്ഥയുണ്ട്. ഫെബ്രുവരി വരേക്കുള്ള കുടിവെള്ളമേ ഇനി മലമ്പുഴയിലുള്ളു.
ചിറ്റൂര്‍, ഗായത്രി പുഴകളിലും, ഭാരതപ്പുഴയിലുമായി 50 മേജര്‍ കുടിവെള്ളപദ്ധതികളും, ഇരുന്നൂറിലധികം ചെറുകിട കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. കുന്നംകാട്ടുപതി, മീങ്കര, ചിറ്റൂര്‍, തത്തമംഗലം, പെരുമാങ്ങോട്ടുകുറിശി, തിരുനെല്ലായ് കുടിവെള്ള പദ്ധതികളിലേക്ക് ഇപ്പോള്‍ തന്നെ വളരെ കുറച്ച് വെള്ളമേ ഉള്ളു.
ഭാരതപ്പുഴയില്‍ പാലക്കാട്,തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കുടിവെള്ള പദ്ധതികളും വേറെ ഉണ്ട്. ഇവയൊക്കെ നന്നായി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ പറമ്പിക്കുളം വെള്ളം വാങ്ങിച്ചെടുത്ത് പുഴകളിലേക്ക് തുറന്നു വിടുക മാത്രമാണ് ഏകരക്ഷ.
ആളിയാര്‍ വെള്ളം കിട്ടിയില്ലെങ്കില്‍ പലകുടിവെള്ള പദ്ധതികളും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."