അടഞ്ഞത് സി.എച്ച് കണാരനെ അട്ടിമറിച്ച ചരിത്ര പുസ്തകം
കാസര്‍കോട്: ജില്ലയുടെ എല്ലാ മേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയ നന്മയുടെ ഉറവിടമായിരുന്നു അന്തരിച്ച ഹമീദലി ഷംനാട്. ഷംനാട് സാഹിബെന്ന പേരില്‍ ജില്ലയുടെ സാംസ്‌കാരികരാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്ന ഇദ്ദേഹം രാഷ്ട്രീയത്തിനതീതമായി ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
രാഷ്ട്രീയ ജീവിതത്തില്‍ എന്നും വിശുദ്ധി കാത്തു സൂക്ഷിച്ച ഹമീദലി ഷംനാട് കാസര്‍കോടിന്റെ വികസന രംഗത്ത് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. 1929 ജനുവരി 23നു കര്‍ണാടക ബല്ലാരി തഹസില്‍ദാരായിരുന്ന കുമ്പള പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗര്‍ ശെറൂല്‍ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ഷംനാടിന്റെയും ഖദീജാബി ശെറൂള്‍ ദമ്പതികളുയും മകനായി ജനിച്ച ഹമീദലി ഷംനാടിനു ചെറു പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു.
ഉപ്പുപ്പയായ മുഹമ്മദ് ഷംനാടിന്റെ സംരക്ഷണത്തിലായിരുന്നു കുഞ്ഞു ഹമീദലി വളര്‍ന്നത്. തെക്കന്‍ കര്‍ണാടകയുടെ ഭാഗമായിരുന്നപ്പോള്‍ കാസര്‍കോടിന്റെ മേഖലകളില്‍ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഉപ്പൂപ്പയുടെ ആശയങ്ങളും ജീവിതരീതികളും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നു പലപ്പോഴായി ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
[caption id="attachment_210655" align="aligncenter" width="600"] ഹമീദലി ഷംനാടിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് പുറത്തേക്കെടുക്കുന്നു[/caption]
പ്രാഥമിക വിദ്യാഭ്യാസം ബാഡൂര്‍ ഗവ. എല്‍.പി സ്‌കൂള്‍, കാസര്‍കോട് ബി.ഇ.എം സ്‌കൂള്‍, ജി.എച്ച്.എസ്.എസ് കാസര്‍കോട്, മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പൂര്‍ത്തീകരിച്ച ശേഷം മദ്രാസ് ലോ കോളജില്‍ നിന്നു നിയമബിരുദം പാസായി. മുസ്‌ലിം ലീഗ് നേതാവായിരുന്ന ബി പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ 1956ല്‍ പ്രാക്ടീസ് ആരംഭിച്ചു.
ഏതാനും വര്‍ഷം അവിടെ പ്രവര്‍ത്തിച്ച ശേഷമാണ് കാസര്‍കോട് കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയത്. പ്രാക്ട്രീസ് കാലയളവില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ലീഗില്‍ അംഗത്വമെടുത്തു. സി.എച്ച് മുഹമ്മദ് കോയയുടെ സ്‌നേഹ പൂര്‍വമായ നിര്‍ബന്ധം കൂടി ഇതിന് പിന്നില്‍ ഉണ്ടായിരുന്നു.
1960 ല്‍ നിയസഭാ തിരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തില്‍ നിന്നും സി.പി.ഐയിലെ സി.എച്ച് കണാരനെ 7047 വോട്ടിനു പരാജപ്പെടുത്തി നിയമസഭയിലെത്തി. ചരിത്ര വിജയം നേടിയതോടെ ഹമീദലി ഷംനാട് മുസ്്‌ലിം ലീഗിന്റെ പ്രമുഖനായ നേതാവായി വളര്‍ന്നു. പിന്നീട് നിലമ്പൂരിലും കാസര്‍കോട്ടും പരാജയപ്പെട്ടെങ്കിലും അതൊരു വിജയയാത്രയ്ക്ക് തുടക്കം കുറിക്കുവാനുള്ള പരാജയങ്ങള്‍ മാത്രമായിരുന്നു.
[caption id="attachment_210659" align="aligncenter" width="600"] ഹമീദലി ഷംനാടും (ഇടത്തേയറ്റം) കുടുംബവും മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയോടൊപ്പം (ഫയല്‍ ചിത്രം)[/caption]
1970 മുതല്‍ 79 വരെ രണ്ടു തവണ രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയ്, എല്‍.കെ അദ്വാനി, ഇബ്രാഹിം സുലൈമാന്‍ സേഠ്, സി.എച്ച് മുഹമ്മദ് കോയ, ജി.എം ബനാത്ത് വാലയടക്കമുള്ള നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കാസര്‍കോട് നഗരസഭയിലേക്ക് തുരുത്തി വാര്‍ഡില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1982 മുതല്‍ 87 വരെ നഗരസഭ ചെയര്‍മാനായിരുന്നു.
കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, പി.എസ്.സി അംഗം, ഹോം ഗാര്‍ഡ് ഉപദേശക സമിതിയംഗം, കേരള റൂറല്‍ ഡവലെപ്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍, ഓവര്‍സീസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ഒഡെപെക്) ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
വായനയെ ഒരുപാടിഷ്ടപ്പെട്ടിരുന്ന ഹമീദലി ഷംനാടിന്റെ ചരിത്ര ബോധം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. എളിമയായര്‍ന്ന ജീവിത ശൈലി ഇഷ്ടപ്പെട്ട ഇദ്ദേഹം കാസര്‍കോടിന്റെ വികസനത്തിന് വേണ്ടിയും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഒരുപോലെ പ്രാധാന്യം നല്‍കി.
സേവനത്തിന്റ വഴിയില്‍ വ്യക്തി മുദ്രയായി എന്നും ഓര്‍ക്കുന്നത് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സ്ഥലമനുവദിച്ചതും, മുനിസിപ്പല്‍ റഫറന്‍സ് ലൈബ്രറി സ്ഥാപിച്ചതും ഹമീദലി ഷംനാടിന്റെ സമ്മര്‍ദഫലമായിട്ടായിരുന്നു. അബ്ദുല്‍ റഹ്മാന്‍ ബാഖവി തങ്ങള്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായിരുന്നപ്പോള്‍ ഹമീദലി ഷംനാടായിരുന്നു ജനറല്‍ സെക്രട്ടറി. കാസര്‍കോടിന്റെ സൗഭാഗ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷംനാടിന്റെ വിയോഗം മുസ്‌ലിം ലീഗിനു മാത്രമല്ല കസര്‍കോടിനും തീരാനഷ്ടം തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."