ടി.പി വധക്കേസ് പ്രതികള്‍ക്ക് പരോളില്ല
തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കാനുള്ള നീക്കം ഉപേക്ഷിച്ചു. പരോള്‍ നല്‍കാന്‍ നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്നലെ വിയ്യൂര്‍ ജയിലില്‍ ചേര്‍ന്ന ഉപദേശക സമിതി രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ക്കാര്‍ക്കും പരോള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പുന:സംഘടിപ്പിച്ച ജയില്‍ ഉപദേശകസമിതിയുടെ ആദ്യയോഗത്തിന്റെ പരിഗണനയ്ക്കായാണ് ടി.പി കേസിലെ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, ടി.കെ രജീഷ്, ഷാഫി എന്നിവര്‍ പരോളിനായി അപേക്ഷിച്ചത്.
ഒരു കേസിലെ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന മാനദണ്ഡം നിലനില്‍ക്കെയാണ് നാലുപേരുടേയും അപേക്ഷ ജയിലധികൃതര്‍ സമര്‍പ്പിച്ചത്. ജയില്‍ ഉപദേശകസമിതിയിലെ സി.പി.എം അംഗങ്ങളുടെ സമ്മര്‍ദമാണ് ജയിലധികൃതരുടെ നടപടിക്ക് പിന്നിലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികള്‍ നല്‍കുന്ന അപേക്ഷ ജയിലധികൃതര്‍ പരിശോധിച്ച ശേഷമാണ് ഉപദേശകസമിതിക്കു സമര്‍പ്പിക്കുക. അപേക്ഷിക്കുന്നതിലെ സാംഗത്യം ജയിലധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അപേക്ഷ നല്‍കിയാല്‍ മതി ബാക്കിയെല്ലാം തങ്ങള്‍ നോക്കിക്കൊള്ളാമെന്നായിരുന്നു ജയില്‍ ഉപദേശകസമിതിയംഗങ്ങളുടെ നിലപാട്. രാഷ്ട്രീയ എതിര്‍പ്പ് മറികടക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ കൊലക്കേസ് പ്രതികള്‍ക്കും പരോള്‍ നല്‍കാന്‍ നീക്കമുണ്ടായിരുന്നു.
ഇക്കാര്യം വാര്‍ത്തയായതോടെ ആദ്യ യോഗത്തില്‍ ആര്‍ക്കും പരോള്‍ അനുവദിക്കേണ്ടെന്ന് ജയില്‍ ഉപദേശക സമിതി നിലപാടെടുത്തു.
16 രാഷ്ട്രീയ തടവുകാരുടേതടക്കം എണ്‍പതോളം അപേക്ഷകളാണ് പരോളിനായി ലഭിച്ചിരുന്നത്. എന്നാല്‍ ജയില്‍ ഉപദേശകസമിതി അധ്യക്ഷയായ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി ആനി ജോണ്‍ ഉപദേശക സമിതി അംഗങ്ങളുടെ നിലപാടിനോട് വിയോജിച്ചതോടെ ചില മാനദണ്ഡങ്ങളോടെ മറ്റു അപേക്ഷകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, രോഗബാധിതര്‍ എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ച് ചില അപേക്ഷകള്‍ പരിഗണിക്കുകയായിരുന്നു. അതേസമയം, ടി.പി വധക്കേസിലെ പ്രതികള്‍ നിരന്തരം ജയിലില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ജയിലധികൃതരുടെ പരാതിയില്‍ അന്വേഷണം നടത്തി അടുത്ത സിറ്റിങില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത ജയില്‍ ഡി.ജി.പി അനില്‍ കാന്തിന് ജയില്‍ ഉപദേശകസമിതി നിര്‍ദ്ദേശം നല്‍കി. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, തൃശൂര്‍ റൂറല്‍ എസ്.പി ആര്‍ നിശാന്തിനി, ജയില്‍ ഉപദേശകസമിതിയംഗം ടി. പ്രദീപ്കുമാര്‍, ഷാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."