ഇന്‍ഫൊപാര്‍ക്കില്‍ ജീവനക്കാരികള്‍ക്ക് മതിയായ സുരക്ഷയൊരുക്കുന്നില്ലെന്ന് പരാതി
കാക്കനാട്: കാക്കനാട് ഇന്‍ഫൊപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവതികള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ മതിയായ സുരക്ഷയൊരുക്കുന്നില്ലെന്ന് പരാതി.
കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ നാലാം നിലയിലെ വനിത വിശ്രമമുറിയില്‍നിന്ന് ഒരാളെ പിടികൂടിയ സാഹചര്യത്തിലാണ് വനിത തൊഴിലാളികള്‍ സുരക്ഷ പ്രശ്‌നം ഉന്നയിച്ചത്. ഇയാളെ പിടികൂടുന്നതിന് രണ്ടു ദിവസം മുമ്പ് സമാന സംഭവമുണ്ടായിരുന്നു. സ്ത്രീകള്‍ സുരക്ഷ വിഭാഗത്തിനും കമ്പനി അധികൃതര്‍ക്കും രേഖാമൂലം പരാതി നല്‍കിയെങ്കിലും നിസംഗമായ സമീപനമാണ് സ്വീകരിച്ചതെന്നും യുവതികള്‍ ആരോപിച്ചു. സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനു പുറമെ അധികൃതര്‍ ചുമതലപ്പെടുത്തിയ സ്വകാര്യ സുരക്ഷ ജീവനക്കാരെയും ചുമതലപ്പെടുത്തിയ സ്ഥാപനത്തിലാണ് ഇത്തരം സംഭവം. എന്നാല്‍ ജീവനക്കാരുടെ ഐ.ഡി കാര്‍ഡ് പരിശോധിക്കുകയും വാഹനങ്ങള്‍ തടയുന്നതിലും മാത്രമാണ് ഇവരുടെ ശ്രദ്ധയെന്നും ആരോപണമുണ്ട്.
നടുറോഡില്‍ വനിത ജീവനക്കാരെ പരിശോധിക്കുന്ന സുരക്ഷ ജീവനക്കാര്‍ വരെയുണ്ടെന്ന് ഇവര്‍ പറയുന്നു. ജീവനക്കാരുടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പണം വാങ്ങുന്നുണ്ടെന്നും ഇവര്‍ പരാതിപ്പെട്ടു. സുരക്ഷ പരിശോധനകള്‍ മറികടന്ന് പുറത്തുനിന്നൊരാള്‍ക്കും ഇവിടെ പ്രവേശിക്കാനാവില്ലെന്നും നിങ്ങളില്‍ ആരെങ്കിലുമായിരിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തയാറായില്ല. നിരവധി കമ്പനികളിലെ സ്ത്രീകളടക്കമുള്ള ജോലിക്കാര്‍ 24 മണിക്കൂറും പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന സ്ഥലമാണ് ഇന്‍ഫോപാര്‍ക്ക്.
ഇങ്ങനെയൊരു സ്ഥലത്ത് നിരന്തരമായി സുരക്ഷ പ്രശ്‌നം ഉണ്ടാകുന്നത് സ്ത്രീ ജോലിക്കാരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. സുരക്ഷ കാര്യങ്ങളില്‍ അധികൃതര്‍ നിസംഗമനോഭാവം പുലര്‍ത്തുന്നത് തങ്ങളില്‍ നിരാശയുണ്ടാക്കുന്നുവെന്നും ഇവര്‍ പ്രതികരിച്ചു. ഇന്‍ഫോപാര്‍ക്കിലെ സംഭവം സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഓഫിസ് സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."