കേരളം... അജയ്യര്‍
പൂനെ: ദേശീയ കായിക കൗമാര മാമാങ്കത്തെ മൂന്നായി വിഭജിച്ച് കേരളത്തിന്റെ കിരീട വാഴ്ചയെ തകര്‍ക്കാമെന്ന ഉത്തരേന്ത്യന്‍ ലോബിയുടെ മോഹത്തിനു മേലെ കേരളത്തിന്റെ വാഴ്ച. 62ാമത് ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ട്രാക്കിലും ജംപിങ് പിറ്റിലും മറുപടി നല്‍കി ത്രസിപ്പിക്കുന്ന പോരാട്ടമാണ് പൂനെ ബാലേവാഡി സ്റ്റേഡിയത്തില്‍ കേരളം നടത്തിയത്. ആദ്യ ദിനത്തില്‍ മെഡല്‍ ബാസ്‌കറ്റ് ശൂന്യമായിരുന്നു. എന്നാല്‍ രണ്ടാം ദിനം മുതല്‍ കേരളം മുന്നില്‍ പറന്നു.
ഒരിക്കല്‍ പോലും മെഡല്‍ പട്ടികയില്‍ കേരളത്തെ പിന്നിലാക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായില്ല. മഹാരാഷ്ട്രയും പഞ്ചാബും തമിഴ്‌നാടുമാണ് കേരളത്തിനു വെല്ലുവിളിയുമായി എത്തിയത്. കേരളം കിരീടം നേടിയെങ്കിലും പ്രകടനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നു പിന്നാക്കം പോയി. കോഴിക്കോട് നടന്ന ദേശീയ സ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ വിഭാഗത്തില്‍ 156 പോയിന്റു നേടിയാണ് കേരളം ചാംപ്യന്‍മാരായത്. പെണ്‍കുട്ടികള്‍ 97 പോയിന്റും ആണ്‍കുട്ടികള്‍ 59 പോയിന്റും നേടിയിരുന്നു.
ഇത്തവണ പ്രതികൂല കാലാവസ്ഥയും നിര്‍ജലീകരണവും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നും കിരീടം നിലനിര്‍ത്താനായത് കേരളത്തിനു നേട്ടം തന്നെ. തുടര്‍ച്ചയായി 20 തവണയും കിരീടം കൈവിടാതെ കേരള കൗമാരം വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കായിക മാമാങ്കം മൂന്നായി വിഭജിച്ചത് പഴയ ആരവവും മേളക്കൊഴുപ്പും കുറച്ചു. മേളയുടെ അവസാന ദിനമായ ഇന്നലെ നാലു പുതിയ ദേശീയ റെക്കോര്‍ഡുകള്‍ കൂടി പിറന്നു. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അബിത മേരി മാനുവല്‍, 200 മീറ്ററില്‍ പശ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദ്, 4- 100 മീറ്റര്‍ റിലേയില്‍ തമിഴ്‌നാട് ടീം, ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മഹാരാഷ്ട്രയുടെ ഹര്‍ഷവര്‍ദ്ധന്‍ ബോസ്ലെ എന്നിവരാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. നാലു ദിനങ്ങളിലായി സീനിയര്‍ വിഭാഗത്തില്‍ മൊത്തം 11 റെക്കോര്‍ഡുകള്‍ പിറന്നു. 400, 800 മീറ്ററുകളില്‍ ഒളിംപ്യന്‍ പി.ടി ഉഷയുടെ പ്രിയ ശിഷ്യ അബിത മേരി മാനുവല്‍ റെക്കോര്‍ഡ് ഡബിളുമായി പൊന്‍ പതക്കം നേടി തിളങ്ങി.
200ല്‍ മിന്നലായി മുഹമ്മദ് അജ്മല്‍
200 മീറ്ററിന്റെ ട്രാക്കില്‍ മുഹമ്മദ് അജ്മലിന് ഇന്നലെ മധുര പ്രതികാരത്തിന്റെ ദിനമായിരുന്നു. ട്രാക്കില്‍ തീ പടര്‍ത്തുന്ന പോരാട്ടമാണ് ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സംഭവിച്ചത്. 100 മീറ്ററില്‍ നേരിയ വ്യത്യാസത്തില്‍ നഷ്ടമായ പൊന്ന് 200 മീറ്ററില്‍ അജ്മല്‍ നേടി. സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ അജ്മല്‍ മിന്നലായി പറക്കുകയായിരുന്നു. ഫോട്ടോ ഫിനിഷില്‍ ജാര്‍ഖണ്ഡിന്റെ അമിത്കുമാര്‍ യാദവിനെ പിന്തള്ളിയാണ് സ്വര്‍ണം നേടിയത്. 21.98 സെക്കന്റിലായിരുന്നു അജ്മലിന്റെ ഫിനിഷ്. 21.99 സെക്കന്റിലാണ് അമിത്കുമാര്‍ ഫിനിഷിങ് ലൈന്‍ കടന്നത്. ഈയിനത്തില്‍ വെങ്കലവും കേരളം നേടി. ലിബിന്‍ ഷിബു 22.20 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കേരളത്തിന് മെഡല്‍ സമ്മാനിച്ചത്.
ഹര്‍ഡിലിന് മീതെ പറന്ന് അനില
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനില പറന്നപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൊന്ന് കേരളത്തിന്. സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ ഫിനിഷിങ് വരെ എതിരാളികളെ നിഷ്പ്രഭരാക്കിയ അനില വേണു 1.04.00 സെക്കന്റിലാണ് സ്വര്‍ണം നേടിയത്. 1.04.88 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ കടന്ന കര്‍ണാടകയുടെ എം.ബി ബിബിഷ വെള്ളി നേടിയപ്പോള്‍ കേരളത്തിന്റെ എസ് അര്‍ഷിത 1.05.50 സെക്കന്റില്‍ വെങ്കലം ഓടിപ്പിടിച്ചു. അവസാന ഹര്‍ഡിലില്‍ തട്ടി കാലിടറയിതാണ് അര്‍ഷിതയ്ക്ക് വെള്ളി നഷ്ടമാക്കിയത്. അനിലയും ബിബിഷയും തമ്മിലായിരുന്നു പൊന്നിനായുള്ള പോരാട്ടം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ മുഹമ്മദ് അനസ് 54.35 സെക്കന്റില്‍ വെള്ളി നേടിയ പോരില്‍ മഹാരാഷ്ട്രയുടെ ഹര്‍ഷവര്‍ദ്ധന്‍ ബോസ്ലെ 53.12 സെക്കന്റില്‍ പുതിയ റെക്കോര്‍ഡുമായി പൊന്നണിഞ്ഞു. 2015 ല്‍ റാഞ്ചിയില്‍ കേരളത്തിന്റെ എം.പി ജാബിര്‍ സ്ഥാപിച്ച 53.90 സെക്കന്റിന്റെ റെക്കോര്‍ഡാണ് മഹാരാഷ്ട്ര താരത്തിന്റെ കുതിപ്പില്‍ തകര്‍ന്നത്. കര്‍ണാടകയുടെ അക്ഷയ് വെങ്കലം നേടി.
[caption id="attachment_212045" align="alignleft" width="317"] പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ അനില വേണുവും വെങ്കലം നേടിയ അര്‍ഷിതയും[/caption]
രാജശ്രീക്ക് സ്പ്രിന്റ് ഡബിള്‍
സ്പ്രിന്റ് ഡബിളുമായി പശ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദ് നാളെയുടെ താരമെന്നു തെളിയിച്ചു. ഇന്നലെ 200 മീറ്ററിലും പൊന്നണിഞ്ഞാണ് രാജശ്രീ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്പ്രിന്റ് ഡബിള്‍ നേടിയത്. രാജശ്രീ പ്രസാദ് 200 മീറ്ററില്‍ 24.68 സെക്കന്റില്‍ പറന്നെത്തി പുതിയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. മഹാരാഷ്ട്രയുടെ രശ്മി ഷെരാഘര്‍ 2015 ല്‍ റാഞ്ചിയില്‍ സ്ഥാപിച്ച 25 സെക്കന്റിന്റെ റെക്കോര്‍ഡാണ് രാജശ്രീ തിരുത്തിയത്. വെള്ളിയും വെങ്കലവും നേടിയവരും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 24.80 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ കടന്ന മഹാരാഷ്ട്രയുടെ റൊസാലിന്‍ റൂബന്‍ ലൂയിസ് വെള്ളി നേടിയപ്പോള്‍ തമിഴ്‌നാടിന്റെ വി ശുഭ 24.96 സെക്കന്റില്‍ വെങ്കലം സ്വന്തമാക്കി.
ആവേശമായി റിലേ പോരാട്ടം
മീറ്റിന് സമാപനം കുറിച്ചു നടന്ന 4 - 100 മീറ്റര്‍ റിലേ പോരാട്ടം ആവേശത്തിന്റെ കൊടുമുടി കയറ്റുന്നതായിരുന്നു. കേരളത്തിന്റെ പെണ്‍പടയെ വെള്ളിയിലേക്ക് തള്ളി തമിഴ്‌നാട് കിരീടം ചൂടിയപ്പോള്‍ ആണ്‍ പട തിരിച്ചടിച്ചു. മൂന്നാം ലാപ്പില്‍ ഓടിയ മുഹമ്മദ് അജ്മല്‍ നല്‍കിയ ലീഡുമായി അവസാന ലാപ്പിലോടിയ ഓംകാര്‍നാഥ് മസില്‍ വേദനയെയും വകവയ്ക്കാതെയാണ് പൊന്നിലേക്ക് പറന്നത്. 41.83 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ കടന്നാണ് കേരളത്തിന്റെ നേട്ടം. 42.15 സെക്കന്റില്‍ തമിഴ്‌നാട് വെള്ളിയും 42.40 സെക്കന്റില്‍ മഹാരാഷ്ട്ര വെങ്കലവും നേടി. കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ച പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളി കൊണ്ട് തൃപ്തരായി. തമിഴ്‌നാട് 47.40 സെക്കന്റില്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. അഞ്ജന എം, അബിഗേല്‍ ആരോഗ്യനാഥ്, നിഭ കെ.എം, അഞ്ജലി ജോണ്‍സണ്‍ എന്നിവരടങ്ങിയ കേരള ടീം 48.26 സെക്കന്റിലാണ് വെള്ളിയിലേക്ക് കുതിച്ചത്. വെങ്കലം കര്‍ണാടകയ്ക്ക്.
ക്രോസ് കണ്‍ട്രിയില്‍ അജിത്
കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്രോസ് കണ്‍ട്രിയില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍ അജിത്താണ് വെങ്കലം നേടിയത്. ഈയിനത്തില്‍ പൊന്നണിഞ്ഞ ഗുജറാത്തിന്റെ അജീത്കുമാര്‍ ട്രിപ്പിള്‍ സ്വര്‍ണത്തിനു അവകാശിയായി. മീറ്റിലെ ഏക ട്രിപ്പിള്‍ സ്വര്‍ണ ജേതാവാണ് അജീത് കുമാര്‍. വിദ്യാഭാരതിയുടെ ധര്‍മ്മേന്ദ്രകുമാര്‍ യാദവിനു വെള്ളി. പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരള താരങ്ങള്‍ നിരാശപ്പെടുത്തി. ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കെ.ആര്‍ ആതിര നാലാമതും സാന്ദ്ര എസ്. നായര്‍ എട്ടാമതുമാണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ മൂന്ന് മെഡലുകളും മഹാരാഷ്ട്രയ്ക്ക്. പൂനം ദിന്‍കര്‍ സ്വര്‍ണവും കോമള്‍ ചന്ദ്രക വെള്ളിയും സ്യാലി സതീഷ് വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."