മാനദാനം മഹാദാനം
പാവമായിരുന്നു ഉല്‍ബതുബ്‌നു സൈദ് (റ). കൈയില്‍ അരക്കാശില്ലാത്ത മനുഷ്യന്‍. ദാനധര്‍മാദികളിലാണെങ്കില്‍ വല്ലാത്ത തല്‍പരനും. പക്ഷേ, എന്തു ചെയ്യാന്‍..? കൊടുക്കാന്‍ വല്ലതും വേണ്ടേ...
ദാനധര്‍മങ്ങള്‍ നടത്താന്‍ പുണ്യപ്രവാചകന്‍ അനുയായികളോട് ആഹ്വാനം ചെയ്തപ്പോള്‍ ഉല്‍ബ പറഞ്ഞു: 'ദൈവദൂതരേ... ദാനം ചെയ്യാന്‍ അങ്ങ് പ്രേരണ നല്‍കിയിരിക്കുകയാണല്ലോ.. എന്റെ പക്കല്‍ അഭിമാനമല്ലാതെ വേറൊന്നുമില്ല. ഞാന്‍ ആ അഭിമാനം എന്നോട് അന്യായം കാട്ടിയവര്‍ക്കെല്ലാം ദാനം ചെയ്തിരിക്കുന്നു..!'
പ്രവാചകന്‍ അപ്പോള്‍ ഒന്നും മിണ്ടിയില്ല. അടുത്ത ദിവസം വിളിച്ചുചോദിച്ചു: 'എവിടെ തന്റെ അഭിമാനം ദാനം ചെയ്ത വ്യക്തി..? അദ്ദേഹത്തിന്റെ ദാനം അല്ലാഹു സ്വീകരിച്ചിരിക്കുന്നല്ലോ...'
മാനം നഷ്ടപ്പെടുത്തിയതിനു ലക്ഷങ്ങളും കോടികളും പരിഹാരം ചോദിക്കുന്ന കാലത്താണു നഷ്ടപ്പെടുത്തിയ തന്റെ വിലപ്പെട്ട മാനത്തെ നഷ്ടപ്പെടുത്തിയവര്‍ക്കുതന്നെ ദാനം ചെയ്തു മാതൃക കാണിച്ച മഹാമനുഷ്യനെ നാം ഓര്‍ക്കുന്നത്. ദാനങ്ങളില്‍വച്ച് ഏറ്റവും വലിയ ദാനം മാനദാനമാണെന്നതു പലരും ആലോചിച്ചിട്ടുണ്ടാവില്ല.
ധനദാനത്തേക്കാള്‍ മികച്ചതാണ് മാനദാനം. കാരണം, ധനദാനത്തിന്റെ സ്വീകര്‍ത്താവ് ഈ ലോകത്തു രക്ഷപ്പെടുമ്പോള്‍ മാനദാനത്തിന്റെ സ്വീകര്‍ത്താവ് പരലോകത്താണു രക്ഷപ്പെടുന്നത്. ഈ ലോകത്തെ രക്ഷയെക്കാള്‍ പരലോകത്തെ രക്ഷയാണല്ലോ പ്രധാനം. ധനദാനം മനസറിഞ്ഞാവണമെന്നില്ല.
എന്തെങ്കിലും ബാഹ്യസമ്മര്‍ദങ്ങള്‍ അതിനു പിന്നിലുണ്ടാവാം. എന്നാല്‍ മാനദാനം മനസറിയാതെ നടത്താനാവില്ല. ആയിരം രൂപ സംഭാവന ചെയ്യുന്നത് ആളുകളെ കാണിക്കാനാവാം. എന്നാല്‍ എന്നെ ജനമധ്യത്തിലിട്ട് അപമാനിച്ചതിനു നിനക്കു ഞാന്‍ മാപ്പു തരുന്നു എന്നു പറയണമെങ്കില്‍ മനസറിയാതെ കഴിയുമോ..? ആയിരമാളുകള്‍ക്ക് ആയിരം രൂപാവീതം സംഭാവന ചെയ്യാന്‍ വിശാലമായ മനസ് ആവശ്യമാണ്. എന്നാല്‍ അതിനെക്കാള്‍ വിശാലമായ മനസാണ് പത്താളുകള്‍ക്കിടയില്‍വച്ച് തന്നെ പരസ്യമായി അപഹസിക്കുകയും പരിഹസിക്കുകയും ചെയ്തവനു മാപ്പുകൊടുക്കാന്‍ വേണ്ടത്. ധനദാനം മിക്കവാറും മിത്രങ്ങള്‍ക്കായിരിക്കും. എന്നാല്‍ മാനദാനം മിക്കവാറും ശത്രുവിനായിരിക്കും. തന്റെ മാനം നഷ്ടപ്പെടുത്തിയ ശത്രുവിന്... മിത്രത്തിനു ദാനം ചെയ്യുന്നതിനെക്കാള്‍ ഇരട്ടിക്കിരട്ടി വലുതാണ് ശത്രുവിനു ദാനം ചെയ്യുന്നത്. ധനത്തിനു മൂല്യം കണക്കാക്കാം. പക്ഷേ, മാനത്തിനു മൂല്യം കണക്കാക്കാനാവില്ല. മൂല്യമുള്ളത് ദാനം ചെയ്യുന്നത് മഹത്തരം തന്നെ. അമൂല്യമായത് ദാനം ചെയ്യുന്നതാണ് അതിനെക്കാള്‍ മഹത്തരം. ചിലര്‍ ലക്ഷങ്ങള്‍ സംഭാവന ചെയ്യും. പക്ഷേ, മാനം നഷ്ടപ്പെടുത്തിയാല്‍ നഷ്ടപ്പെടുത്തിയവനില്‍നിന്നു കോടികള്‍ ഈടാക്കുകയും ചെയ്യും. നഷ്ടപ്പെട്ട ധനം തിരിച്ചുകിട്ടുമെങ്കിലും നഷ്ടപ്പെട്ട മാനം ധനം കൊണ്ടു തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ചിന്ത വിഡ്ഢിത്തമാണ്.
മാനനഷ്ടത്തിന് ഒരുലക്ഷം രൂപ ഈടാക്കുന്നവന്‍ തന്റെ മാനത്തിനു വിലയിടുന്നത് ഒരു ലക്ഷമാണ്...! എന്തൊരു കഷ്ടം..! ഒരു ലക്ഷമാണോ ഒരു മാനത്തിന്റെ വില..? നൂറു പവന്‍ സ്വര്‍ണത്തിനു നൂറു രൂപയാണോ വില..? ഇനി ഒരു ലക്ഷം നഷ്ടപരിഹാരമായി കിട്ടിയാല്‍തന്നെ തന്റെ നഷ്ടപ്പെട്ടുപോയ മാനം അതുവഴി തിരിച്ചുകിട്ടുമോ? കിട്ടിയവര്‍ ലോക ചരിത്രത്തിലുണ്ടോ? പരിഹാരമാവാത്തതിനെപ്പറ്റി നഷ്ടപരിഹാരം എന്നു പറഞ്ഞിട്ടെന്തു കാര്യം..?
മാനനഷ്ടത്തിന് ഒരു ലക്ഷം രൂപ വാങ്ങുന്നവന്‍ ഒരു ലക്ഷം പ്രാവശ്യം തന്റെ മാനം നഷ്ടപ്പെടുത്തുകയാണെന്നോര്‍ക്കണം. മാപ്പു കൊടുക്കാന്‍ മാത്രമുള്ള വിശാലത തന്റെ മനസിനില്ല എന്നു ലോകത്തോടു വിളിച്ചുപറയുകയാണയാള്‍. താന്‍ വലിയവനാണെങ്കിലും തന്റെ മനസ് കടുമണിയോളം ചെറുതാണെന്നു നാണമില്ലാതെ അയാള്‍ പ്രഖ്യാപിക്കുന്നു! തന്റെ മാനം നഷ്ടപ്പെടുത്തിയവനോടേറ്റുമുട്ടാനുള്ള മാനവും കൂടി സ്വയം നഷ്ടപ്പെടുത്തുന്ന പമ്പരവിഡ്ഢി! ഏറ്റുമുട്ടുമ്പോള്‍ മാനം തിരിച്ചുപിടിക്കുകയല്ല മാനം നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണയാള്‍.
വിലമതിക്കാനാവാത്തതിനു വിലയിടുന്നത് വിലയിടിക്കലാണ്. ഏതൊരു മാതാവിനും തന്റെ കുഞ്ഞ് വിലമതിക്കാനാവാത്ത നിധിയാണ്. ആ നിധിയെ ഒരു കോടി തന്നാല്‍ തരുമോ എന്ന ചോദ്യത്തിനു 'അതെ' എന്നുത്തരം നല്‍കുന്ന മാതാവ് മാതൃത്വമില്ലാത്ത മാതാവാണ്. അവള്‍ തന്റെ വിലയിടിക്കുന്നതോടൊപ്പം തന്റെ കുഞ്ഞിന്റെ വിലയുമാണ് ഇടിച്ചുകളയുന്നത്. ഒരു കോടിക്കോടി തരാം, നിങ്ങളുടെ രണ്ടു കണ്ണുകളെനിക്കു തരുമോ എന്നു ചോദിച്ചാല്‍ നിങ്ങള്‍ കൊടുക്കാന്‍ തയാറാകുമോ? ഡ്യൂപ്ലിക്കേറ്റ് പല്ലുകള്‍ വയ്ക്കാന്‍ പാടില്ലെന്ന കര്‍ശനമായ നിബന്ധനയോടെ ഒരാള്‍ നിങ്ങളോടു പറയുകയാണ്; നിങ്ങളുടെ 32 പല്ലുകള്‍ വേണ്ടാ, മുന്‍പിലുള്ള രണ്ടു പല്ലുകള്‍ എനിക്കു തന്നാല്‍ ഒരു ലക്ഷം തരാം... കൊടുക്കാന്‍ നിങ്ങള്‍ തയാറാകുമോ? ഒരിക്കലുമില്ല. കാരണം, വിലമതിക്കാനാവാത്തതിനു വിലയിട്ടാല്‍ വില പോകും. തന്റെ വിലയും കണ്ണിന്റെ വിലയും പല്ലിന്റെ വിലയും പോകും. മാനവുമതുപോലെയാണ്. വില എന്ന വലയിട്ട് തിരിച്ചുപിടിക്കാന്‍ പറ്റുന്ന ഒന്നല്ല ആരുടെയും മാനം. അത് അമൂല്യമാണ്; അതുല്യവും.
നഷ്ടപ്പെട്ടുപോയ മാനം ധനത്തിലൂടെയല്ല, ദാനത്തിലൂടെയാണു തിരിച്ചുപിടിക്കേണ്ടത്. പണം വന്നു പവര്‍ വരട്ടെ എന്നല്ല, പണം പോയി പവര്‍ വരട്ടെ എന്നാണു പറയേണ്ടത്. എന്നെ അപമാനിച്ചവന് ഞാന്‍ മാപ്പു കൊടുത്തു എന്നു പറയുമ്പോള്‍ അഭിമാനം കൈവരും. മരിച്ചു മണ്ണായാലും മാപ്പാക്കില്ല എന്നു പറയുമ്പോള്‍ അതു നഷ്ടപ്പെട്ടുപോയ മാനത്തിനു പരിഹാരമാകില്ല. ജനമധ്യേ വീണ്ടും വില കുറഞ്ഞവനായിത്തീരുകയാണുണ്ടാവുക.
നഷ്ടപ്പെട്ട മാനത്തിനു മറ്റുള്ളവരില്‍നിന്നു വില ഈടാക്കുന്നവരും തുച്ഛലാഭത്തിനുവേണ്ടി വിലപ്പെട്ട മാനം വില്‍പ്പന നടത്തി സ്വയം നഗ്നരാകുന്ന പരസ്യപ്പലകകളിലെ അവിവേകികളും സ്വന്തം ശരീരത്തിന്റെ ശത്രുക്കളാണ്; സമൂഹത്തിന്റെയും ശത്രുക്കളാണ്. അവര്‍ എന്നെന്നും അധമന്മാരായിരിക്കും. വിലമതിക്കാനാവാത്തതുകൊണ്ട് നഷ്ടപ്പെട്ട മാനം നഷ്ടപ്പെടുത്തിയവര്‍ക്കുതന്നെ ദാനം ചെയ്തു പരിഹാരം സ്വീകരിക്കുന്നവര്‍ സമൂഹത്തിന്റെ മിത്രങ്ങളാണ്; സ്വന്തത്തിന്റെയും മിത്രങ്ങളാണ്. അവര്‍ എന്നെന്നും മഹാന്മാരായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."