തൊടുപുഴയാറ്റില്‍ ജലനിരപ്പ് താഴ്ന്നു; ശുദ്ധജലക്ഷാമം രൂക്ഷം
തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദനം പരിമിതപ്പെടുത്തിയതോടെ തൊടുപുഴയാറ്റില്‍ ജലനിരപ്പ് താഴ്ന്നു. മലങ്കര അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കുറഞ്ഞതോടെയാണ് ഷട്ടര്‍ താഴ്ത്തി തൊടുപുഴയാറ്റിലേക്കുള്ള വെള്ളമൊഴുക്ക് പരിമിതപ്പെടുത്തിയത്. ഇതോടെ നഗരത്തിലും പരിസര പഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷമായി.
വൈകുന്നേരങ്ങളില്‍ പലപ്പോഴും തൊടുപുഴയാര്‍ വറ്റിയ നിലയിലാണ്. വേനല്‍ ശക്തമാകുകയും ശുദ്ധജലക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ തൊടുപുഴ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായി. മണക്കാട്, അരിക്കുഴ, പെരിയാമ്പ്ര ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമായിട്ടുണ്ട്. ഒരാഴ്ച മുന്‍പ് അരിക്കുഴ ഭാഗത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വീട്ടമ്മ മരിച്ചിരുന്നു. ഈ മേഖലയില്‍ ഏഴോളം പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോള്‍ ചികിത്സയിലാണ്. പെരിയാമ്പ്ര മേഖലയിലും മഞ്ഞപ്പിത്തവും മറ്റു പകര്‍ച്ചവ്യാധികളും ബാധിച്ചു പലരും ചികിത്സയിലുമുണ്ട്.
തൊടുപുഴയാറിന്റെ പലഭാഗത്തും അടിത്തട്ട് തെളിഞ്ഞു വെള്ളം രണ്ടുവശത്തുകൂടി മാത്രം ഒഴുകുന്ന സ്ഥിതിയാണ്. ഇതോടെ വിവിധ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല പദ്ധതികള്‍ക്കു വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. പ്രധാനമായും കരിങ്കുന്നം, മണക്കാട്, പുറപ്പുഴ, ആലക്കോട് പഞ്ചായത്തുകളിലേക്കുള്ള പമ്പിങ്ങാണു പ്രതിസന്ധിയിലായിരിക്കുന്നത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ പമ്പിങ് കിണറ്റിലേക്ക് ആവശ്യത്തിനു വെള്ളം കിട്ടാതെ വന്നതാണു പ്രതിസന്ധിക്കു പ്രധാന കാരണം.
കരിങ്കുന്നം പഞ്ചായത്തിലേക്കുള്ള മ്രാല പമ്പ് ഹൗസിലും മണക്കാട്, പുറപ്പുഴ പഞ്ചായത്തുകളിലേക്കുള്ള കുന്നത്തുപാറ പമ്പ് ഹൗസിലുമാണു പമ്പിങ് മുടങ്ങിയിരിക്കുന്നത്. ഇതോടെ ഈ പഞ്ചായത്തുകളില്‍ പൈപ്പുവെള്ളത്തെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി. വേനല്‍ കടുത്തതോടെ സ്വാഭാവിക ജലസ്രോതസുകളെല്ലാം വറ്റിത്തുടങ്ങി. നഗരത്തിലെ കിണറുകളിലും ജലനിരപ്പ് താണിട്ടുണ്ട്. ഇതോടെ പലഭാഗത്തും ജനം ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയിലാണ്. പൈപ്പുവെള്ളത്തെ മാത്രം ആശ്രയിച്ചുകഴിയുന്ന ജനങ്ങളാണ് പമ്പിങ് നിലച്ചതോടെ നെട്ടോട്ടത്തിലായത്. ഇടുക്കി ജലാശയത്തിലെ വെള്ളത്തെമാത്രം ആശ്രയിച്ചാണ് തൊടുപുഴയിലെ ജലവിതരണ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെയാണ് പകര്‍ച്ചവ്യാധികളും പിടിമുറുക്കുന്നത്. ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം പലവിധ രോഗങ്ങള്‍ വര്‍ധിക്കുന്നതിനിടയാക്കുന്നു. മണക്കാട് പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഇടതുകര കനാലിലൂടെ വെള്ളം തുറന്നുവിട്ടുവെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇന്നലെയും ഈ പ്രദേശത്തു കനാലില്‍ വെള്ളമെത്തിയില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഇടവെട്ടി, കുന്നം മേഖലയിലൂടെ പോകുന്ന കനാലിലും വെള്ളമെത്തിയില്ല. കനാലിലൂടെ വെള്ളം എത്തുകയാണെങ്കില്‍ത്തന്നെ പ്രദേശത്തെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും ആവശ്യത്തിനു വെള്ളം ലഭിക്കുമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍നിന്നു വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളമാണ് തൊടുപുഴ, മൂവാറ്റുപുഴ, പിറവം മേഖലകളില്‍ ജനങ്ങളുടെ ശുദ്ധജല പ്രശ്‌നം പരിഹരിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ ചതിച്ചതോടെ ഇടുക്കിയില്‍ വെള്ളം 38 ശതമാനത്തില്‍ താഴെയായി. ഇതോടെയാണു വൈദ്യുതി ഉല്‍പാദനം കുറച്ചത്. തൊടുപുഴ അര്‍ബന്‍ ശുദ്ധജല വിതരണ പദ്ധതിയുടെ കിണറ്റില്‍ മാത്രമാണ് ഈ മേഖലയില്‍ ഇപ്പോള്‍ വെള്ളമെത്തുന്നത്. ഇനിയും വെള്ളം കുറഞ്ഞാല്‍ നഗരത്തിലെ ശുദ്ധജല വിതരണത്തെയും ഇതു പ്രതികൂലമായി ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."