വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക
ചണ്ഡീഗഡ്: അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടിട്ട് 10 വര്‍ഷമായതോടെ എങ്ങനേയും പഞ്ചാബിലെ ഭരണം തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. ഇന്നലെ പുറത്തിറക്കിയ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് വന്‍വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കുന്നത്.
അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ലോണ്‍ എഴുതിതള്ളും. സംസ്ഥാനത്തെ ജനങ്ങള്‍ക്കെല്ലാം സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുകയും തൊഴിലില്ലാത്ത യുവാക്കള്‍ക്കെല്ലാം തൊഴില്‍ നല്‍കുമെന്നും തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.
ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്താണ് പ്രകടനപത്രിക പുറത്തിറക്കിയത്.
രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് നോട്ട് അസാധുവാക്കലെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആരോപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നിലയെ തകര്‍ത്തുവെന്നതാണ് ഇതുവഴിയുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കലുണ്ടായതോടെ രാജ്യത്തിന്റെ ജി.ഡി.പി ഈ വര്‍ഷം 7.6 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിന്റെ വികസനത്തിനായി നിരവധി ഘടകങ്ങളുണ്ടെങ്കിലും അതൊന്നും ഉപയുക്തമാക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാറിന് കഴിയുന്നില്ലെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു. പഞ്ചാബിന്റെ സാമ്പത്തിക രംഗം പൂര്‍ണമായും അകാലിദള്‍ ഭരണം തകര്‍ത്തു.
കൃഷി, ഉദ്പാദന-സേവന മേഖലകള്‍, സാമൂഹിക രംഗങ്ങള്‍ എന്നിവയിലെല്ലാം കാതലായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ഇക്കാര്യങ്ങള്‍ പ്രകടന പത്രികയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക വിശ്വസിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളുള്ളതാണെന്ന് ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദല്‍ പരിഹസിച്ചു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും വ്യത്യസ്തമായ രീതിയിലാണെന്നും ജലാലാബാദില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പൊതുയോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."