അഖിലേഷുമായി ശത്രുതയില്ലെന്ന് മുലായം
ന്യൂഡല്‍ഹി: മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി തനിക്ക് ഒരുതരത്തിലുള്ള ശത്രുതയുമില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.
അതേസമയം മുഖ്യമന്ത്രിയെ വഴിതെറ്റിയ്ക്കുന്ന നിലപാടാണ് പാര്‍ട്ടിയുടെ രാജ്യസഭാംഗകൂടിയായ രാംഗോപാല്‍ യാദവ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സമാജ് വാദി പാര്‍ട്ടിയില്‍ ഇനിയും വെടിനിര്‍ത്തല്‍ ആയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മുലായത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമായത്.
ഇതിനിടയില്‍ രാംഗോപാല്‍ യാദവിനോടുള്ള ശത്രുത രൂക്ഷമാണെന്ന് വ്യക്തമാക്കികൊണ്ട് മുലായം അദ്ദേഹത്തെ രാജ്യസഭയിലെ പാര്‍ട്ടി ലീഡര്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് സഭാ അധ്യക്ഷനായ ഹാമിദ് അന്‍സാരിക്ക് കത്ത് നല്കി. പാര്‍ട്ടി ലീഡര്‍ സ്ഥാനത്തു നിന്നും നീക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സീറ്റ് മാറ്റണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മുലായത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും രാംഗോപാല്‍ യാദവിനെ പാര്‍ട്ടി ലീഡര്‍ സ്ഥാനത്തു നിന്നും നീക്കുന്നതിനെ സംബന്ധിച്ച് പരിശോധിക്കുകയാണെന്നും രാജ്യസഭാ ചെയര്‍മാന്റെ ഓഫിസ് അറിയിച്ചു.
അതേസമയം പാര്‍ട്ടിയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതിനുകാരണം ഒരു വ്യക്തിമാത്രമാണെന്നും രാംഗോപാല്‍ യാദവിനെ ചൂണ്ടിക്കാട്ടി മുലായം ആവര്‍ത്തിച്ചു. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ച മുലായം പാര്‍ട്ടി ചിഹ്നം തനിക്കുതന്നെ അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകാന്‍ തയാറാണെന്നും മുലായം കൂട്ടിച്ചേര്‍ത്തു.
താന്‍തന്നെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് ഇപ്പോഴുമുള്ളതെന്ന് കഴിഞ്ഞ ദിവസം മുലായം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."