പ്രതിഷേധിച്ച വിദ്യാര്‍ഥിനികളെ ഭക്ഷണം നല്‍കാതെ ഹോസ്റ്റലില്‍ പൂട്ടിയിട്ടു
തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ ഹോസ്റ്റലില്‍ പൂട്ടിയിട്ടു.
പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ മുറി ഒഴിയണമെന്നാവശ്യപ്പെട്ടതിന് ശേഷമായിരുന്നു അധികൃതരുടെ നടപടി. ഇന്ന് യൂണിവേഴ്സിറ്റി പരീക്ഷ തുടങ്ങാനിരിക്കെയാണ് ഹോസ്റ്റല്‍ മുറിയൊഴിയാന്‍ ആവശ്യപ്പെട്ടത്. പല വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് കുട്ടികളെ എത്രയും പെട്ടെന്ന് കൊണ്ടുപോകാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ ഒഴിയാന്‍ വിദ്യാര്‍ഥിനികള്‍ വിസമ്മതിച്ചതോടെ ഹോസ്റ്റലിലേക്കുള്ള വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചു.
വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണ വിതരണവും നിര്‍ത്തിവച്ചിരുന്നു. മുറി ഒഴിഞ്ഞില്ലെങ്കില്‍ പിന്നീട് പുറത്തേക്ക് വിടില്ലെന്നായിരുന്നു അധികൃതരുടെ ഭീഷണി. ഇക്കാര്യം ചില വിദ്യാര്‍ഥികള്‍ മാധ്യമങ്ങളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും വെളിച്ചവും നല്‍കാതെ തങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്നായിരുന്നു വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രതിഷേധവുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റലിന് മുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് ജനപ്രതിനിധികളും വിദ്യാര്‍ഥികളും നടത്തിയ ചര്‍ച്ചയില്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന പിടിവാശി മാനേജ്മെന്റ് ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, കോയമ്പത്തൂരിലെ കാംപസില്‍ നടക്കുന്ന പരീക്ഷക്കു പോകാന്‍ അധികൃതര്‍ കോളജ് ബസ് അനുവദിച്ചില്ലെന്ന് ചില വിദ്യാര്‍ഥികള്‍ പറഞ്ഞു. സാധാരണ വിദ്യാര്‍ഥികളെ കോളജ് ബസില്‍ കൊണ്ടുപോകാറാണ് പതിവ്. എന്നാല്‍ സ്വന്തം ചെലവില്‍ പോകാനായിരുന്നു ഇത്തവണ അധികൃതരുടെ നിര്‍ദേശം. അതുകൊണ്ടുതന്നെ മുപ്പതോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്കു പോകാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."