കര്‍മവീഥിയില്‍ പൊലിഞ്ഞുപോയ സൗമ്യദീപ്തി
പ്രവര്‍ത്തനപഥത്തിലെ എല്ലാ വിശേഷണങ്ങള്‍ക്കും അപ്പുറമായിരുന്നു ഇന്നലെ മരണപ്പെട്ട കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍. ഒരു പണ്ഡിതന് എങ്ങനെ തന്റെ പാണ്ഡിത്യം പൊതുസമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി ഉപയുക്തമാക്കാമെന്ന് സ്വജീവിതത്തിലൂടെ അദ്ദേഹം പകര്‍ന്നുതന്നു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായും സമസ്ത സെക്രട്ടറിയായും പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിംങ് കോളജ് സെക്രട്ടറിയായും സുപ്രഭാതം ചെയര്‍മാനായും ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും തന്റെ പ്രവര്‍ത്തനവൈഭവം അദ്ദേഹം സമൂഹത്തിന് നല്‍കി. പ്രവര്‍ത്തനവീഥിയില്‍ പ്രകാശപൂര്‍ണമായ വഴിയടയാളങ്ങളാണ് ജീവിതത്തിലുടനീളം അദ്ദേഹം നിക്ഷേപിച്ചത്.
സമസ്തയിലാകട്ടെ സംഘടനയുടെ ഇതര മേഖലയിലാകട്ടെ ജന്മംകൊള്ളുന്ന ആശയങ്ങളെ യാഥാര്‍ഥ്യമാക്കിയ കര്‍മധീരന്‍. ഏല്‍പ്പിക്കുന്ന ഏത് ദൗത്യത്തിന്റെയും നിര്‍വഹണത്തില്‍ ബാപ്പുമുസ്‌ലിയാരോളം പോന്ന പ്രതിഭാധനനായ ഒരു പണ്ഡിതനെ കാണാനാവുകയില്ല. ജാമിഅയില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ തന്റെ സംഘാടനാ വൈഭവം അദ്ദേഹം പ്രകടമാക്കി. സമന്വയ വിദ്യാഭ്യാസം സാര്‍വത്രികമാകും മുമ്പ് എം.എം ബഷീര്‍ മുസ്‌ലിയാരുമൊത്ത് കടമേരി റഹ്്മാനിയ അറബിക് കോളജില്‍ പ്രസ്തുത വിദ്യാഭ്യാസ പദ്ധതി വിജയകരമായി നടപ്പിലാക്കിയ വിജയശില്‍പിയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബിരുദത്തിനൊപ്പം റഹ്്മാനിയ ബിരുദവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും വിധം കോളജിനെ അദ്ദേഹം മുമ്പേ നടത്തിച്ചു. സമസ്തയുടെ വാര്‍ഷികയോഗം വിജയകരമായി നടത്തുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നിസ്തുലശോഭ പ്രസരിപ്പിച്ചു. അര്‍പ്പണബോധത്തോടെയായിരുന്നു ഈ രംഗങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സമസ്തയുടെ 70-ാം വാര്‍ഷികം കോഴിക്കോട് നടത്തിയപ്പോള്‍ പണ്ഡിത ബാഹുല്യവും ജനബാഹുല്യവും കണക്കിലെടുത്ത് 75-ാം വാര്‍ഷികം അഞ്ച് സ്ഥലങ്ങളിലായിട്ടായിരുന്നു നടത്തിയത്. ഇതിന്റെയെല്ലാം പ്രധാന വിജയശില്‍പി ബാപ്പുമുസ്‌ലിയാരായിരുന്നു.
85-ാം വാര്‍ഷികം 2012 ഫെബ്രുവരി 23 മുതല്‍ 26 വരെ വേങ്ങര കൂരിയാടില്‍ നടത്തിയതിന്റെ മുഖ്യസംഘാടകനും അദ്ദേഹമായിരുന്നു. സമ്മേളനത്തിന്റെ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സ്ഥലം പരിശോധിക്കുകയും അതിന്റെ കൃത്യമായ അളവെടുക്കുകയും ജനപങ്കാളിത്തത്തെ കുറിച്ച് പഠിക്കുകയും ചെയ്തതിന്റെ ഫലമായിട്ടായിരുന്നു സമ്മേളനം അത്യപൂര്‍വ വിജയത്തിലെത്തിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സമസ്തയുടെ 90-ാം വാര്‍ഷികം 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്നത് തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട അവിസ്മരണീയ സംഭവമാണ്. ഒരു തെക്കന്‍ ജില്ലയില്‍ സമസ്തയുടെ വാര്‍ഷിക യോഗത്തെ നിസ്തുല ശോഭയോടെ വിജയിപ്പിച്ചതിന്റെ മുഖ്യകാര്‍മികത്വം വഹിച്ചതും ബാപ്പുമുസ്‌ലിയാരായിരുന്നു.
ഒരുപാട് മഹത്വമുണ്ടായിരുന്ന പണ്ഡിതരത്‌നം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ മകനായി പിറന്നു എന്നത് തന്നെയായിരുന്നു ബാപ്പുമുസ്‌ലിയാരുടെ ജന്മപുണ്യം. സമസ്തയിലെ ഉന്നത ശീര്‍ഷരായ പല പണ്ഡിതന്മാരുടെയും ഉസ്താദായിരുന്നു കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍. പണ്ഡിതലോകം അദ്ദേഹത്തിന് നല്‍കിയ ആദരവ് മകന്‍ ബാപ്പുമുസ്‌ലിയാര്‍ക്കും നിര്‍ലോഭം പകര്‍ന്നു നല്‍കി. അതിന്റെ ഊര്‍ജത്തില്‍ നിന്നാണ് തന്നെ ഭരമേല്‍പ്പിച്ച മഹനീയ കര്‍മങ്ങളെല്ലാം ആത്മവിശ്വാസത്തിന്റെയും ദൈവിക സ്മരണയുടെയും പിന്‍ബലത്തോടെ വിജയപൂര്‍വം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായത്.
ഏതു പരിപാടിക്ക് ക്ഷണിച്ചാലും സ്വീകരിക്കുവാന്‍ മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ കൃത്യസമയത്ത് അദ്ദേഹം എത്തുമായിരുന്നു. രോഗശയ്യയിലാകും വരെ ഈ പതിവ് അദ്ദേഹം തെറ്റിച്ചില്ല. രണ്ടാമത് ഒരിക്കല്‍ കൂടി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബാപ്പുമുസ്‌ലിയാരെ നിര്‍ദ്ദേശിക്കുവാന്‍ സമസ്തക്ക് അര നിമിഷം പോലും ആലോചിക്കേണ്ടി വരാതിരുന്നത് ആ പ്രവര്‍ത്തന നൈപുണ്യത്തിനുള്ള അംഗീകാരമായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരിക്കെ ഇതര സംഘടനാ പ്രതിനിധികളിലെ അംഗങ്ങളെ പോലും സൗമ്യദീപ്തമായ സമീപനം കൊണ്ട് അദ്ദേഹം സമന്വയത്തിന്റെ പാതയിലൂടെ മുന്നോട്ടു നയിച്ചു. വിഷയം നന്നായി പഠിച്ചതിന് ശേഷമായിരുന്നു അദ്ദേഹം തന്റെ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരുന്നത്. ഇറങ്ങിയതിന് ശേഷം പിന്നെ അത് പൂര്‍ത്തിയാക്കാതെ ഒരിക്കലും അദ്ദേഹം വിശ്രമിച്ചില്ല. ബാപ്പുമുസ്‌ലിയാരുടെ ജീവിതം തന്നെ സമസ്തക്കും അഹ്്‌ലുസുന്നത്തി വല്‍ ജമാഅത്തിനും വേണ്ടിയുള്ള അവിരാമമായ പ്രവര്‍ത്തനമായിരുന്നു.
മരണം വരെ അത് അദ്ദേഹം തുടര്‍ന്നു. സുപ്രഭാതം ദിനപത്രമെന്ന ആശയം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സമസ്തയില്‍ മുളപൊട്ടിയതാണ്. ഒരു പത്രം തുടങ്ങുന്നതിന്റെ പ്രയാസങ്ങളായിരുന്നു വന്‍ മലപോലെ സംഘടനക്ക് മുന്നില്‍ ഉയര്‍ന്നു വന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും സാങ്കേതികമായുമുള്ള പ്രതിസന്ധികളുടെ കനല്‍കാലത്തെ മറികടന്നാണ് ബാപ്പുമുസ്‌ലിയാര്‍ സുപ്രഭാതം യാഥാര്‍ഥ്യമാക്കിയത്. സുപ്രഭാതം പത്രത്തിന്റെ ജന്മം തന്നെ പത്രലോകത്ത് തന്നെയുള്ള അത്ഭുതസംഭവമാക്കി മാറ്റിയതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ നിസ്തല പ്രവര്‍ത്തനമായിരുന്നു. പത്രത്തെ സ്വപ്നസന്നിഭമായ ഉയര്‍ച്ചയിലെത്തിച്ച ശേഷമാണ് അദ്ദേഹം എന്നെന്നേക്കുമായി കണ്ണടച്ചത്.
പണ്ഡിതലോകത്തെ നിഷ്‌കാമകര്‍മി ഇനിയില്ല, സുപ്രഭാതത്തിന്റെ എല്ലാമെല്ലാമായിരുന്ന ചെയര്‍മാന്‍ ബാപ്പുമുസ്‌ലിയാരുടെ വിയോഗവ്യഥയനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ ഉലയുന്ന ഉള്ളവുമായി ഞങ്ങളും പങ്കുചേരുന്നു. പാരത്രിക ലോകത്ത് അഖിലലോക രക്ഷിതാവ് അദ്ദേഹത്തിന് ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."