കണ്ണൂര്‍ സര്‍വകലാശാല; പാലയാട് കാംപസിലെ കോപ്പിയടി വിവാദം; എല്‍.എല്‍.ബി പ്രവേശന പരീക്ഷ റദ്ദാക്കി
കണ്ണൂര്‍: പാലയാട് കാംപസില്‍ കോപ്പിയടി നടന്നതായി പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല പഞ്ചവത്സര എല്‍.എല്‍.ബി പ്രവേശന പരീക്ഷ റദ്ദാക്കി. സിന്‍ഡിക്കേറ്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 20 നു നടന്ന പരീക്ഷ റദ്ദാക്കിയതായി സര്‍വകലാശാല ഉത്തരവിറക്കിയത്.
പുതിയ പരീക്ഷ ജനുവരി 21ന് രാവിലെ 10ന് പരീക്ഷ കണ്‍ട്രോളറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സര്‍വകലാശാലാ ആസ്ഥാനത്ത് നടക്കും. നേരത്തെ നടന്ന പരീക്ഷയില്‍ ചില വിദ്യാര്‍ഥികള്‍ വാട്‌സ്ആപ്പ് വഴി ചോദ്യങ്ങള്‍ പുറത്തേക്ക് അയച്ചുകൊടുക്കുകയും കിട്ടിയ ഉത്തരങ്ങള്‍ പരസ്പരം പങ്കുവച്ച് പരീക്ഷയെഴുതുകയും ചെയ്തതായി പരീക്ഷ ഹാളിലുണ്ടായിരുന്ന എ.ഐ.എസ്.എഫ് നേതാക്കളായ ആദര്‍ശ് ചാവശ്ശേരി, എ പ്രണോയ് എന്നിവര്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ ഇന്‍വിജിലേറ്ററോട് പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാത്തതിനാല്‍ കാംപസ് ഓഫിസിലേക്ക് പരാതി നല്‍കാന്‍ പോകുന്നതിനിടയില്‍ എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട ഒരു സംഘം ഇവരെ മര്‍ദിക്കുകകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ എ.ഐ.എസ്.എഫ് ജില്ലാ കമ്മറ്റിയും പരീക്ഷയെഴുതിയ രണ്ട് പെണ്‍കുട്ടികളും സര്‍വകലാശാലക്ക് നേരിട്ടു പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കേറ്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുതുക്കിയ പ്രവേശന പരീക്ഷ എഴുതാന്‍ അര്‍ഹരായവരുടെ പട്ടിക 24ന് വൈകുന്നേരം അഞ്ചിന് സര്‍വകലാശാലാ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവേശന നടപടികള്‍ 27, 28 തിയതികളില്‍ പൂര്‍ത്തിയാക്കി ജനുവരി 30 നു ക്ലാസ് ആരംഭിക്കും. ബാര്‍ കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രായപരിധി കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കുക. ഇതനുസരിച്ചു ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്കു 20 വയസും സംവരണ വിഭാഗങ്ങള്‍ക്ക് 22 വയസുമാണ് ഉയര്‍ന്ന പ്രായപരിധി. പ്രായപരിധി കണക്കാക്കുന്നത് വിജ്ഞാപന തിയതിയായ 2016 ഡിസംബര്‍ ഒന്ന് അടിസ്ഥാനമാക്കിയാണ്. പ്രവേശനപരീക്ഷയ്‌ക്കോ അഭിമുഖത്തിനോ നേരിട്ട് മെമ്മോ അയക്കുന്നതല്ല. സര്‍വകലാശാലാ വെബ്‌സൈറ്റ് പരിശോധിച്ചു വിദ്യാര്‍ഥികള്‍ അവരവരുടെ പ്രവേശന സാധ്യത ഉറപ്പു വരുത്തേണ്ടതാണെന്നും പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."