പദ്ധതി നിര്‍വഹണം: പിന്നിലായി ബ്ലോക്ക് പഞ്ചായത്തുകള്‍
മാനന്തവാടി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടരമാസം മാത്രം ശേഷിക്കെ ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നില്‍. സംസ്ഥാന ശരാശരിയില്‍ ജില്ല പതിമൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 152 ബ്ലോക്കുകളില്‍ 151-ാം സ്ഥനത്താണുള്ളത്. ബ്ലോക്ക് സെക്രട്ടറിമാരുടെയും ആവശ്യത്തിന് ജീവനക്കാരുടെയും അഭാവമാണ് ജില്ലയെ പദ്ധതി നിര്‍വഹണത്തില്‍ പിറകിലാക്കയതായി പറയപ്പെടുന്നത്. 2016-17 വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മാനന്തവാടി ബ്ലോക്ക് പഞ്ചായത്താണ്. ആകെയുള്ള 114 പദ്ധതികളില്‍ ഇതിനോടകം തുടങ്ങിയത് ഒമ്പത് പദ്ധതികളും ചിലവഴിച്ചത് ആകെ തുകയുടെ രണ്ടര ശതമാനം മാത്രവുമാണ്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ പദ്ധതി നിര്‍വഹണത്തില്‍ 151-ാം സ്ഥാനമാണ് മാനന്തവാടിക്കുള്ളത്.
148-ാം സ്ഥാനത്തുള്ള കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആകെയുള്ള 141 പദ്ധതികളില്‍ 52എണ്ണം തുടങ്ങിയെങ്കിലും ഇതിനോടകം ചെലവഴിച്ചത് 2.63 ശതമാനം തുകമാത്രമാണ്. 132-ാം സ്ഥാനത്തുള്ള പനമരം ബ്ലോക്കാവട്ടെ 94 പദ്ധതികളില്‍ 71 ഏണ്ണം തുടങ്ങുകയും 7.67 ശതമാനം തുക വിനിയോഗിക്കുകയും ചെയ്തു. ജില്ലയില്‍ മുന്നില്‍ നില്‍ക്കുന്ന ബത്തേരി പഞ്ചായത്ത് 98ല്‍ 38 പദ്ധതികള്‍ തുടങ്ങുകയും 11.32 ശതമാനം തുകവിനിയോഗിക്കുകയും ചെയ്തു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ അഭാവമാണ് പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഏറ്റവും പിന്നിലാവാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം പുതുതായി ചുമതലയേറ്റ ഭരണസമിതിക്ക് മുന്‍പരിചയക്കുറവ് പരിഹരിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ മാനന്തവാടി ബ്ലോക്കില്‍ ഉണ്ടായിരുന്നില്ല. ബ്ലോക്ക് സെക്രട്ടറി, ജോ. ബി.ഡി.ഒ, ഹെഡ് ക്ലാര്‍ക്ക്, ഹെഡ് ഓഫ് അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നീ തസ്തികകള്‍ മാനന്തവാടി ബ്ലോക്കില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ജില്ലയിലെ മറ്റു ബ്ലോക്കുകളുടെയും അവസ്ഥ ഇതാണ്. ഇതിന് പുറമെ കഴിഞ്ഞ മാസങ്ങളിലുണ്ടായ നോട്ടുപ്രതിസന്ധിയും കരിങ്കല്‍കോറി സമരവും പ്രവൃത്തികളെ സാരമായി ബാധിച്ചു. പാരിസ്ഥികാനുമതിയുടെ പേരില്‍ ജില്ലയിലെ ഭൂരിഭാഗം കോറികളും അടച്ചതോടെ നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് ഇപ്പോഴും പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമായിരിക്കുകയാണ്. 70 ദിവസത്തിനകം ബാക്കി വരുന്ന 90 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തികരിച്ച് അടുത്ത വര്‍ഷത്തെ പദ്ധതിക്കായി ഫണ്ട് കുറവില്ലാതെ നേടിയെടുക്കുകയെന്ന സാഹസികതയാണ് നിലവില്‍ ഭരണസമിതിക്ക് മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."