ബേപ്പൂരില്‍ വീട്ടില്‍നിന്ന് 25 പവന്‍ മോഷണം പോയി
ഫറോക്ക്: ബേപ്പൂര്‍ അരക്കിണറിലെ വീട്ടില്‍ നിന്ന് 25.5പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. അരക്കിണര്‍ റെയില്‍വെ ലൈനിനു സമീപം എരഞ്ഞിവയല്‍ കൊട്ടാരപ്പാട്ട് വീട്ടില്‍ പ്രഭാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനും മൂന്നിനുമിടയിലാണ് സംഭവമെന്നാണ് കരുതുന്നത്. വീടിനകത്തെ അലമാരകള്‍ തുറന്നാണ് കവര്‍ച്ച നടത്തിയത്.
ജനലഴികളിലൂടെ കൈയിട്ട് അടുക്കള വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. വീടിന്റെ മുകളിലത്തെ നിലയിലെത്തിയ മോഷ്ടാവ് ഗൃഹനാഥന്‍ പ്രഭാകരനും ഭാര്യ കുമാരിയും കിടന്ന മുറിയിലെ അലമാര തുറന്നാണ് പതിനഞ്ചര പവനോളം വരുന്ന ആഭരണങ്ങളെടുത്തത്. കൂടാതെ മറ്റു മുറികളിലെ അലമാരകള്‍ തുറന്നും ആഭരണങ്ങള്‍ കവര്‍ന്നു. ആഭരണങ്ങളടങ്ങിയ പെട്ടികളെല്ലാം വീടിന്റെ മുകളിലെ മുറിയില്‍ കൊണ്ടുവന്ന വച്ച ശേഷമാണ് ആഭരണങ്ങള്‍ മാത്രമെടുത്തിട്ടുള്ളത്. കുമാരിയുടെ മൊബൈല്‍ ഫോണും 2000രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
വീട്ടില്‍ പ്രഭാകരനും ഭാര്യയും കൂടാതെ മകനും ഭാര്യയുമാണുള്ളത്. മകന്‍ പ്രമേഷ് പത്ത് ദിവസം മുന്‍പാണ് ഖത്തറില്‍ നിന്നെത്തിയത്. പ്രമേഷും ഭാര്യ ശ്രീജിതയും വീടിന്റെ താഴത്തെ മുറിയിലാണ് കിടന്നിരുന്നത്. വെളുപ്പിന് അഞ്ചരയ്ക്ക് അലമാരകളും അടുക്കള വാതിലും തുറന്ന് കിടക്കുന്നത് കണ്ട വീട്ടുടമ പ്രഭാകരനാണ് മോഷണ വിവരം ആദ്യമറിയുന്നത്.
മോഷ്ടാക്കള്‍ പ്രഭാകരന്റെയും കുമാരിയുടെയും മൊബൈല്‍ ഫോണുകള്‍ മുറിയില്‍ നിന്നുമെടുത്തിരുന്നെങ്കിലും പ്രഭാകരന്റെ ഫോണ്‍ വീടിന്റെ പുറകില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. വീടും പരിസരവും നന്നായി അറിയുന്നവരാകും മോഷ്ടാക്കള്‍ എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സൗത്ത് അസി. കമ്മിഷണര്‍ കെ. അബ്ദുല്‍ റസാഖ്, ചെറുവണ്ണൂര്‍ നല്ലളം സി.ഐ ദിനേശന്‍ കോറോത്ത്, ബേപ്പൂര്‍ എസ്.ഐ അജീഷ് എന്നിവര്‍ വീട്ടിലെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."