ആദ്യം വേദിയിലെത്താതിരിക്കാന്‍ കുറുക്കുവഴി തേടിയാല്‍ കുടുങ്ങും
കണ്ണൂര്‍:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാമതായി വേദിയില്‍ കയറുന്നത് ഒഴിവാക്കാന്‍ കുറുക്കുവഴി തേടിയാല്‍ മത്സരാര്‍ഥികള്‍ കുടുങ്ങും.
ആദ്യം വേദിയില്‍ കയറേണ്ടവര്‍ ഒഴിവാകുന്നതു മൂലം മത്സരം തുടങ്ങാന്‍ വൈകുന്നതിനു കാരണമാകാറുണ്ട്. ഇത് ഇല്ലാതാക്കാനാണ് മത്സരാര്‍ഥികള്‍ക്ക് മൂക്കുകയറിടാന്‍ പ്രോഗ്രാം കമ്മിറ്റി ഒരുങ്ങുന്നത്.
തുടക്കത്തില്‍ തന്നെ സ്റ്റേജില്‍ കയറുന്നത് കുട്ടികളെ സമ്മര്‍ദത്തിലാക്കാറുണ്ട്. ഇക്കുറി സമയബന്ധിതമായി പരിപാടികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ കുറുക്കുവഴികളില്‍ വീഴേണ്ടതില്ലെന്നാണ് തീരുമാനം. ഇതിനായി മുന്നൊരുക്കവും പ്രോഗ്രാം കമ്മിറ്റി തുടങ്ങിയിട്ടുണ്ട്.
ചെസ്റ്റ് നമ്പര്‍ കൈപ്പറ്റി അരമണിക്കൂര്‍ മുന്‍പേ വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഡി.പി.ഐയും പ്രോഗ്രാം കമ്മിറ്റിയും വെവ്വേറെ സര്‍ക്കുലറുകള്‍ അയച്ചു കഴിഞ്ഞു.
ആദ്യം കയറാതിരിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരേ ഹാജരാക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മത്സരം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് ആശുപത്രി വിട്ടതാണെന്ന രീതിയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവഗണിച്ചിരുന്നില്ല.
എന്നാല്‍ ഇത്തവണ അതുവേണ്ടെന്നുള്ള തീരുമാനത്തില്‍ സംഘാടക സമിതി എത്തിയിട്ടുണ്ട്. കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ പരുക്ക് പറ്റിയാല്‍ മത്സരിക്കാതിരിക്കുകയെന്ന നിലപാട് തന്നെ കലോത്സവത്തിനും സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കണമെന്നും കാണിച്ച് പ്രോഗ്രാം കമ്മിറ്റി ഡി.പി.ഐക്ക് കത്തു നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."