ക്ലാസില്‍ ഉറക്കെ സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷനും പൊലിസ് കസ്റ്റഡിയും വിദ്യാര്‍ഥികളെ വിട്ടയച്ചത് എസ്.എഫ്.ഐയുടെ സ്റ്റേഷന്‍ ഉപരോധത്തെ തുടര്‍ന്ന്
തൊടുപുഴ: ക്ലാസില്‍ ഉറക്കെ സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ പൊലിസിനെ വിളിച്ചുവരുത്തി ബലമായി കസ്റ്റഡില്‍ എടുപ്പിച്ചു.
താടുപുഴ കോഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയിലെ രണ്ട് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്ത നടപടിയാണ് വിവാദമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ വിട്ടയച്ചത്. പൊലിസ് ലാത്തിക്ക് കുത്തിയതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പറയുന്നതിങ്ങനെ: വെള്ളിയാഴ്ച തൊടുപുഴ കോ ഓപ്പറേറ്റീവ് സ്‌കൂള്‍ ഒഫ് ലോയിലെ രണ്ടാം സെമസ്റ്റര്‍ ക്ലാസില്‍ ബഹളമുണ്ടാക്കിയെന്ന് പറഞ്ഞ് ക്ലാസിലെ നാല് വിദ്യാര്‍ഥികളോട് രക്ഷിതാക്കളെ വിളിച്ച് കൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് നിയമ വിദ്യാര്‍ഥികളായ തങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദമില്ലേയെന്ന് ചോദിച്ചതിന് ഒരു വിദ്യാര്‍ഥിയെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.
തുടര്‍ന്ന് ചൊവ്വാഴ്ച നാല് വിദ്യാര്‍ഥികളും രക്ഷിതാക്കളെ വിളിച്ചു കൊണ്ട് വന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനോട് കോളജ് അധികൃതര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഈ വിദ്യാര്‍ഥിയോട് അടുത്ത ദിവസം മാപ്പപേക്ഷ എഴുതി നല്‍കിയാല്‍ ക്ലാസില്‍ കയറ്റാമെന്നും അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാവിലെ മാപ്പ് എഴുതി നല്‍കാനായി എത്തിയപ്പോള്‍ 15 മിനിട്ട് താമസിച്ചെന്ന് പറഞ്ഞ് സ്വീകരിച്ചില്ല. മാത്രമല്ല വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ ചേമ്പറിലെത്തി. ഇതിനിടെ പ്രിന്‍സിപ്പല്‍ പൊലിസിനെ വിളിച്ചുവരുത്തി വിദ്യാര്‍ഥികളില്‍ രണ്ടു പേരെ ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളെ പൊലിസ് വിട്ടയച്ചു. എന്നാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ചിലര്‍ സ്‌റ്റേഷനിലേക്ക് കയറാന്‍ തുടങ്ങിയത് പൊലിസ് തടഞ്ഞു.
ഇത് സംഘര്‍ഷത്തിനിടയാക്കി. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥി കോളജ് വളപ്പില്‍ കയറിയെന്നും പ്രിന്‍സിപ്പലിനോട് അപമര്യാദയായി പെരുമാറിയെന്നുമുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലിസ് പറഞ്ഞു. വിദ്യാര്‍ഥികളെ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും കേസെടുത്തതിന് ശേഷം വിട്ടയച്ചെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."