അവസാന നോക്കുകാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
മലപ്പുറം: സുന്നി കൈരളിയുടെ ഊര്‍ജസ്വലനായ സംഘാടകന്റെ പ്രസന്ന മുഖം അവസാനമായി ഒരു നോക്കുകാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. മരണവാര്‍ത്തയറിഞ്ഞത് മുതല്‍ ഉസ്താദിന്റെ സ്വദേശമായ കാളമ്പാടിയിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7.15 നാണ് കോഴിക്കോട് നിന്നും ജനാസ കാളമ്പാടിയിലെത്തിയത്. കോട്ടുമല കോംപ്ലക്‌സില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് അറിയിപ്പുണ്ടായിരുന്നതിനാല്‍ ജനാസ എത്തുന്നതിനു മുമ്പുതന്നെ കോംപ്ലക്‌സും പരിസരവും ജനസമുദ്രമായി.
കാളമ്പാടിയിലെ വസതിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ ബന്ധുക്കളും നേതാക്കളും ദര്‍ശിച്ചതിനു ശേഷം ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനയും കഴിഞ്ഞാണ് കോട്ടുമല കോംപ്ലക്‌സിലേക്ക് കൊണ്ടുവന്നത്. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു ആദ്യ നിസ്‌കാരം. തുടര്‍ന്ന് കോട്ടുമല കോംപ്ലക്‌സ് മുറ്റത്ത് തയാറാക്കിയ പന്തലില്‍ പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും നിസ്‌കാരവും ഇടതടവില്ലാതെ തുടര്‍ന്നു. പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനുള്ള സമയത്ത് മാത്രമാണ് നിസ്‌കാരം നിര്‍ത്തിവച്ചത്.
മണിക്കൂറുകള്‍ വരിനിന്നാണ് പലര്‍ക്കും മയ്യിത്ത് ദര്‍ശിക്കാനും നിസ്‌കാരത്തില്‍ പങ്കെടുക്കാനുമായത്. രാത്രി ഏറെ വൈകിയും വരിയുടെ നീളം കൂടി വന്നു. കോഴിക്കോട്പാലക്കാട് ദേശീയ പാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. മലപ്പുറം നഗരത്തില്‍ പൊലിസ് വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നുവെങ്കിലും പലപ്പോഴും അതെല്ലാം വിഫലമായി.
വിഖായ, ത്വലബാ വളണ്ടിയര്‍മാരും പൊലിസ് ഉദ്യോഗസ്ഥരും ജനത്തിരക്ക് നിയന്ത്രിക്കാന്‍ ഏറെ പാടുപെട്ടു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള അവസാനത്തെ നിസ്‌കാരത്തിന് ശേഷം ഉസ്താദിന്റെ ഓര്‍മകള്‍ നെഞ്ചേറ്റിയ കോട്ടുമല കോംപ്ലക്‌സിലെ വിദ്യാര്‍ഥികളുടെയും ആയിരക്കണക്കിന് ശിഷ്യന്‍മാരുടെയും സുന്നീപ്രവര്‍ത്തകരുടെയും നിലയ്ക്കാത്ത ദിക്‌റുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഇടയില്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഓര്‍മയുടെ തീരമണഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."