തദ്ദേശ സ്ഥാപനങ്ങള്‍ കൈകോര്‍ത്താല്‍ കളിയാംവെള്ളിത്തോട് ശുദ്ധജലം തരും
എടച്ചേരി: ഏറാമല, ചോറോട് പഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയും പരസ്പരം കൈകോര്‍ത്താല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകും. വടകരയിലെ പൂത്തൂരില്‍ നിന്നാരംഭിച്ച് ചോറോട് പഞ്ചായത്തിലൂടെ ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി ടൗണിന്റെ ഓരം ചേര്‍ന്നൊഴുകി കളിയാംവെള്ളി കനാലില്‍ പതിക്കുന്ന പുത്തൂര്‍ കളിയാം വെള്ളിത്തോടാണ് വന്‍ ജലസംഭരണിയായി നിലകൊളളുന്നത്.
പ്രദേശത്തെ ഏറെ ഉപകാരപ്രദമാകുന്ന, ദൈര്‍ഘ്യമേറിയ ഈ തോട് ഇപ്പോള്‍ ആരും ശ്രദ്ധിക്കപ്പെടാതെ കാടുമൂടി കിടക്കുകയാണ്. ഓര്‍ക്കാട്ടേരി വില്യാപ്പളളി റോഡിലെ തോണിത്തലക്കല്‍ ഭാഗം മുതല്‍ തോടിന്റെ തുടക്കമായ പുത്തൂര്‍ പ്രദേശം വരെ ഇരുകരകളിലും ഭയാനകമാം വിധം കാട് പടര്‍ന്നു പിടിച്ചിരിക്കുകയാണ്. വേനല്‍കാലത്ത് ഇവ ഉണങ്ങി തോട്ടിലേക്ക് പതിക്കുന്നതിനാല്‍ ഇതിലെ വെളളം ഉപയോഗശൂന്യമാവുകയാണ് പതിവ്. വരാന്‍ പോകുന്ന രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കാന്‍ ഈ തോട് സംരക്ഷണത്തിലൂടെ സാധിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
നിലവില്‍ വേലിയേറ്റ സമയത്ത് കളിയാംവെള്ളി കനാലിലെ വെളളം തോട്ടിലേക്ക് കയറുന്നതിനാല്‍ തോട്ടിലെ വെളളത്തിന് ഉപ്പ് രസമാണ്. ഏറാമല പഞ്ചായത്തിലെ ഓര്‍ക്കാട്ടേരി തോണിത്തലക്കല്‍ പരിസരത്ത് തോടില്‍ തടയണ നിര്‍മിച്ചാല്‍ ഈ പ്രശ്‌നവും പരിഹരിക്കപ്പെടും. ഇവിടെ പോടംകുനി വീട് പരിസരത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തടയണ നിര്‍മിച്ചിരുന്നുവെങ്കിലും അത് നശിച്ചു പോവുകയായിരുന്നു.
തോടിന്റെ ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കാടുകള്‍ വെട്ടിമാറ്റുകയും കെട്ടിക്കിടക്കുന്ന ചെളിമണ്ണ് കോരി മാറ്റുകയും ചെയ്താല്‍ കൊടുംവേനലില്‍ പോലും വറ്റാതെ സംരക്ഷിക്കാം. ഇരുകരകളിലും കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന വയല്‍ പ്രദേശങ്ങളില്‍ തോട്ടിലെ ജലം ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷി പദ്ധതിയും ആരംഭിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."