ഖാദി കലണ്ടറില്‍ ഗാന്ധിയില്ല; പകരം ചര്‍ക്ക തിരിക്കുന്ന മോദി
മുംബൈ: നരേന്ദ്ര മോദിയെ കവര്‍ചിത്രമാക്കി പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ 2017 കലണ്ടറിനു പിറകെ വീണ്ടും 'മോദി കലണ്ടര്‍'. ഇത്തവണ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ തന്നെ ഒഴിവാക്കിയാണ് മോദി കലണ്ടര്‍ മുഖചിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍(കെ.വി.ഐ.സി) പുറത്തിറക്കിയ 2017 കലണ്ടറിന്റെ കവര്‍ചിത്രത്തിലാണ് ഗാന്ധിക്കു പകരം മോദി പ്രത്യക്ഷപ്പെട്ടത്. തലമുറകളുടെ മനസില്‍ ഇടംപിടിച്ച ഖാദി വ്യവസായത്തിന്റെ 'ഐക്കണ്‍' ചിത്രമായ, ലളിത വസ്ത്രംധരിച്ചു ചര്‍ക്കയില്‍ ഖാദി നെയ്യുന്ന ഗാന്ധിചിത്രത്തിനു പകരമാണ് 'ട്രേഡ്മാര്‍ക്ക് ' കുര്‍ത്തയും കോട്ടും പൈജാമയും ധരിച്ച് മോദി ചര്‍ക്ക തിരിക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുത്തന്‍ വേഷത്തിനു പുറമെ, ഗാന്ധിയുടെ പഴയ ചര്‍ക്ക ഒഴിവാക്കി പുത്തന്‍ ചര്‍ക്കയാണു ചിത്രത്തില്‍ മോദി തിരിക്കുന്നത്.
കമ്മിഷന്റെ പുതിയ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ മുംബൈ വൈല്‍ പാര്‍ലേയിലെ കെ.വി.ഐ.സി ആസ്ഥാനത്ത് ഉച്ചഭക്ഷണ സമയത്ത് ഉദ്യോഗസ്ഥര്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
എന്നാല്‍, നടപടി അസാധാരണമല്ലെന്നും മുന്‍പും ഇത്തരത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും കെ.വി.ഐ.സി ചെയര്‍മാന്‍ വിനയ്കുമാര്‍ സക്‌സേന പറഞ്ഞു. ഖാദി വ്യവസായം പൂര്‍ണമായും ഗാന്ധിയുടെ ആശയങ്ങളും തത്വശാസ്ത്രവും ആദര്‍ശവും അടിസ്ഥാനമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തെ അവഗണിക്കുന്ന പ്രശ്‌നം തന്നെ ഉയരുന്നില്ല. എന്നാല്‍, നരേന്ദ്ര മോദി കാലങ്ങളായി ഖാദി ധരിക്കുന്നുണ്ടെന്നും വിദേശികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ അദ്ദേഹം ഖാദിക്കു വന്‍സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ടെന്നും സക്‌സേന പറഞ്ഞു. ഖാദിയുടെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസഡറാണു മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."