'പനിനീര്‍പൂക്കളുമായി വിപ്ലവത്തിനു തുടക്കമിട്ടവര്‍ ഞങ്ങള്‍'
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സിറിയന്‍ അഭയാര്‍ഥി യുവാവിന്റെ കത്ത്. സിറിയയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന 40 ലക്ഷം അഭയാര്‍ഥികളില്‍ ഒരുവാനാണെന്ന ആമുഖത്തോടെയാണ് അബ്ദുല്‍ അസീസ് ദുഖാന്‍ എന്ന 18 കാരന്‍ കത്ത് ആരംഭിക്കുന്നത്.
മാതൃരാജ്യമായ സിറിയയില്‍ ഹൃദയം ഉപേക്ഷിച്ചാണ് ഞങ്ങളെപ്പോലുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓടിപ്പോന്നിരിക്കുന്നത്. ദീര്‍ഘിച്ച പലായനത്തിനിടെ ഞങ്ങളില്‍ പലരും മരിച്ചുവീണു. പാതയോരങ്ങളില്‍ അവരെ മറവചെയ്താണ് ഞങ്ങള്‍ അഭയകേന്ദ്രങ്ങളിലേക്കുള്ള പ്രയാണം തുടര്‍ന്നത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ താങ്കള്‍ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനം അറിയിക്കുന്നതോടൊപ്പം താങ്കളുടെ വാക്കുകള്‍ ഞങ്ങളുടെ ഭാവിതീരുമാനിക്കുന്നതില്‍ ഏറെ നിര്‍ണായകമാണെന്നും ഓര്‍മിപ്പിക്കട്ടെ.
പനിനീര്‍പൂക്കള്‍ മുറുകേ പിടിച്ചാണ് ഞങ്ങള്‍ വിപ്ലവത്തിന് തുടക്കമിട്ടത്. രാജ്യാന്തര സമൂഹത്തില്‍ നിന്ന് അകമഴിഞ്ഞ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പനിനീര്‍പൂക്കള്‍ തോക്കുകളായി പരിണമിച്ചെങ്കിലും ലോകം പിന്തുണയ്ക്കുമെന്ന പ്രതീക്ഷ ഇനിയും ബാക്കിയുണ്ട്.
താങ്കളുടെ മുന്‍ഗാമിയും അമേരിക്കന്‍ പ്രസിഡന്റുമായ ബരാക് ഒബാമ ഞങ്ങളുടെ വിധി മാറ്റിത്തീര്‍ക്കാന്‍ വല്ലതും ചെയ്തിരുന്നോയെന്ന് എനിക്കറിയില്ല. എന്നിരുന്നാലും ഞങ്ങള്‍ കടുത്ത ശുഭാപ്തി വിശ്വാസത്തിലാണ്.
നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന പ്രതീക്ഷാനിര്‍ഭരമായ വല്ലതും താങ്കളുടെ കാലത്ത് സംഭവിക്കുമെന്ന് കരുതുന്നതായും തുര്‍ക്കിയില്‍ അഭയം തേടുകയും പിന്നീട് ഗ്രീസിലേക്ക് നീങ്ങുകയും ചെയ്ത ദുഖാന്റെ കത്ത് തുടരുന്നു. സിറിയന്‍ പ്രശ്‌നത്തിലേക്ക് ലോകശ്രദ്ധ ക്ഷണിക്കാന്‍ ത്രൂ റെഫ്യൂജി ഐസ് എന്ന പേരില്‍ സിറിയന്‍ യുദ്ധത്തിന്റെ സാക്ഷ്യങ്ങളായ ചിത്രങ്ങളും ദുഖാന്‍ പ്രചരിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."