പ്രവര്‍ത്തനം തുടങ്ങാതെ പബ്ലിക് ഹെല്‍ത്ത് ലാബ്
സുല്‍ത്താന്‍ ബത്തേരി: സാധാരണക്കാര്‍ക്ക് ഉപകാരപ്പെടേണ്ട പബ്ലിക് ഹെല്‍ത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങാന്‍ നടപടിയായില്ല. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് സ്ഥാപിച്ച അത്യാധുനിക ലാബാണ് രണ്ടു വര്‍ഷം കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടും ഇതുവരെ തുറന്ന് പ്രവര്‍ത്തിക്കാത്തത്.
45 ലക്ഷം രൂപ മുടക്കി 2012ലാണ് ലാബ് നിര്‍മാണം ആരംഭിച്ചത്. ഇരുനില കെട്ടിടത്തിന്റെ നിര്‍മാണം രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയായിരുന്നു. നിലവില്‍ തറയില്‍ ടൈല്‍ പതിക്കുന്ന പ്രവര്‍ത്തി നടക്കുന്നുണ്ട്. ലാബിലേക്കാവശ്യമായ വെള്ളത്തിന്റെ കണക്ഷന്‍ ലഭിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി കണക്ഷന്‍ ഇതുവരെ എത്തിയിട്ടില്ല. പാത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഹെമിറ്റോളജി, സീറോളജി, ഹോര്‍മോണ്‍ എന്നീവിഭാഗങ്ങളിലാണ് ലാബ് പ്രവര്‍ത്തിക്കുക. ഇതിനായി മെഡിക്കല്‍ ഓഫിസര്‍, ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍, മൂന്ന് ലാബ് ടെക്‌നീഷ്യന്‍ തുടങ്ങി ഒന്‍പത് തസ്തികകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 37 ജീവനക്കാര്‍ വേണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
നിലവില്‍ നാലു വിഭാഗങ്ങളിലായി താലൂക്ക് ആശുപത്രിയില്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ പല ടെസ്റ്റുകളും പുറത്ത് നിന്നും ഇരട്ടിയിലധികം പണം നല്‍കി ചെയ്യേണ്ടി വരുന്നത്. ഇഴഞ്ഞുനീങ്ങുന്ന ലാബ് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിച്ച് ലാബ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."