പൂക്കാട് തടാകത്തിന്റെ ഹൃദ്യവിശാലതയില്‍ നൊമ്പരങ്ങള്‍ മറന്ന് വയോജനങ്ങള്‍
കല്‍പ്പറ്റ: വയനാട് ഗാന്ധിഗ്രാമം സമൂഹികക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ഉല്ലാസയാത്ര കണിയാമ്പറ്റ വയോജന മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഓര്‍മച്ചെപ്പില്‍ കരുതിവയ്ക്കാവുന്ന മറ്റൊരു അനുഭവമായി. ജീവിതസായാഹ്‌നത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരത്തില്‍ ഉള്ളുരുകി വൃദ്ധസദനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ കഴിയുന്നതിനിടെ ഉല്ലാസയാത്ര ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അന്തേവാസികള്‍ക്ക് വീണുകിട്ടിയ നിധിയായി. കണിയാമ്പറ്റയില്‍നിന്നുള്ള യാത്രയും പൂക്കോട് തടാകത്തില്‍ നടത്തിയ ബോട്ടിംഗും വയനാട് ചുരത്തിനു മുകളില്‍നിന്നുള്ള പ്രകൃതി ദൃശ്യങ്ങളും വയോജനങ്ങളുടെ ചിന്തകളില്‍ തല്‍കാലത്തേക്കെങ്കിലും പകര്‍ന്നത് യൗവനത്തിന്റെ പ്രസരിപ്പ്. മാനേജിംഗ് ഡയറക്ടറായിരുന്ന ഡോ. മുല്ലശേരി ദേവദാസിന്റെ ഒന്നാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് വയനാട് ഗാന്ധിഗ്രാമം വയോജന മന്ദിരം അന്തേവാസികള്‍ക്കായി ഉല്ലാസയാത്ര ഒരുക്കിയത്. ഡോ. ദേവദാസിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ജനുവരി എട്ടിന് വൃദ്ധസദനത്തില്‍ ഗാന്ധിഗ്രാമം അന്നദാനം നടത്തിയിന്നു. അന്ന് അന്തേവാസികളില്‍ ചിലര്‍ വയോജനമന്ദിരത്തിനു പുറത്തേക്ക് യാത്ര നടത്താനുള്ള ആഗ്രഹം അറിയിച്ചു. ഇക്കാര്യം ഗാന്ധിഗ്രാമം പ്രതിനിധികള്‍ മുഴുവന്‍ ചെലവും വഹിക്കാമെന്ന വ്യവസ്ഥയോടെ അറിയിച്ചപ്പോള്‍ വയോജനമന്ദിരം അധികാരി ഏകദിന ഉല്ലാസയാത്രയ്ക്ക് പച്ചക്കൊടി കാട്ടുകയായിരുന്നു. വൃദ്ധസദനം അന്തേവാസികളില്‍ 27 പുരുഷന്മാരും ഒന്‍പത് സ്ത്രീകളുമാണ് കഴിഞ്ഞ ദിവസം നടന്ന യാത്രയില്‍ പങ്കാളികളായത്. ടൂറിസ്റ്റ് ബസില്‍ പൂക്കോട് തടാകക്കരയില്‍ എത്തിയ വയോജനങ്ങള്‍ക്ക് ഡി.ടി.പി.സി ജീവനക്കാര്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഫീസ് ഈടാക്കാതെ വയോജനള്‍ക്ക് പ്രവേശനം അനുവദിച്ച ഡി.ടി.പി.സി സൗജന്യ ബോട്ടിംഗും ഒരുക്കി. ലൈഫ് ജായ്ക്കറ്റ് ധരിച്ച് സ്ത്രീകളടക്കം വയോജനങ്ങള്‍ നൈസര്‍ഗിക ശുദ്ധജലതടാകത്തിലൂടെയുള്ള ബോട്ട് യാത്ര ആസ്വദിച്ചു. രാവിലെ 10ന് പൂക്കോട് എത്തിയ വൃദ്ധജനങ്ങള്‍ നാലു മണിക്കൂറോളമാണ് തടാകത്തിലും പരിസരത്തുമായി ചെലവഴിച്ചത്. ഉച്ചകഴിഞ്ഞ് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച അവര്‍ വിശ്രമത്തിനുശേഷം ചുരത്തിലെ വ്യൂ പോയന്റിലെത്തി പ്രകൃതിയുടെ വിസ്മയക്കാഴ്ചകളിലേക്ക് മനസും മിഴികളും മണിക്കൂറോളം തുറന്നിട്ടശേഷമാണ് സദനത്തിലേക്ക് മടങ്ങിയത്. ഗാന്ധിഗ്രാമം മേധാവി സുധീര്‍കുമാര്‍, മാനേജര്‍ രാജന്‍ മാവൂര്‍, സാമൂഹികപ്രവര്‍ത്തകന്‍ ഉത്തോന്തുല്‍ കൃഷ്ണന്‍കുട്ടി, സാമൂഹികക്ഷേമവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."