കെ.എം.സി.ടി പോളിടെക്‌നിക്കില്‍ താടിവളര്‍ത്തുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതായി പരാതി
സംഭവത്തില്‍ സമരം ശക്തമാക്കുമെന്ന് എസ്.എഫ്.ഐ
മുക്കം: കളന്‍തോട് കെ.എം.സി.ടി മാനേജ്‌മെന്റിനു കീഴിലുള്ള പോളിടെക്‌നിക് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് താടിവളര്‍ത്തുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതായി പരാതി. സ്ഥാപനത്തിലെ ഇത്തരം അച്ചടക്കലംഘനങ്ങള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നു വന്‍തുക പിഴ ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. അധ്യാപകരും മാനേജ്‌മെന്റും ഒരുമിച്ചാണ് ഇത്തരത്തില്‍ വന്‍തുക പിഴയീടാക്കുന്നതെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ പരസ്യമായി രംഗത്തു വരികയായിരുന്നു. ബെഞ്ചില്‍ ചാരി നിന്നാലും ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചാലും ധരിക്കുന്ന ബെല്‍റ്റിന്റെയോ ഷൂവിന്റയോ നിറം മാറിയാലും 1000 രൂപ മുതല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.
കാലങ്ങളായി ഇത്തരം പീഡനം തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. സ്വാശ്രയ കോളജുകള്‍ അടച്ചിട്ടതിനെതിരേ ഇന്നലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് ക്ഷണിക്കാനായി സംഘടനയുടെ തിരുവമ്പാടി ഏരിയാ നേതാക്കളെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം വിദ്യാര്‍ഥികള്‍ പുറത്തു പറഞ്ഞത്.
തുടര്‍ന്ന് എസ്.എഫ്.ഐ നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ ധിക്കാരപരമായാണ് പെരുമാറിയതെന്നും ആക്ഷേപമുണ്ട്. പ്രശ്‌നം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയാന്‍ മാനേജ്‌മെന്റിനെ ഭയന്ന് മടികാണിച്ച വിദ്യാര്‍ഥികള്‍ പിന്നീട് മുഖം മറച്ചാണ് സംസാരിക്കാന്‍ തയാറായത്.
സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ സമരപരിപാടികളുമായി എസ്.എഫ്.ഐ മുന്നോട്ടു പോകുമെന്നും മാനേജ്‌മെന്റ് നയം തിരുത്തുന്നതു വരെ സമരം തുടരുമെന്നും എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അരുണ്‍ ഒഴലോട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."