മേയര്‍ക്കെതിരേ ഭരണപക്ഷസ്ഥിരംസമിതി അധ്യക്ഷന്മാര്‍
കൊച്ചി:കോര്‍പറേഷന്‍ കൗണ്‍സിലില്‍ മേയര്‍ക്കെതിരേ ആക്ഷേപവുമായി ഭരണപക്ഷത്തെ സ്ഥിരംസമിതി അധ്യക്ഷന്മാര്‍. സൈന്‍ ബോര്‍ഡ് വിവാദത്തിലെ വിജിലന്‍സ് അന്വേഷണവും റിലയന്‍സ് ഇടപാടുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ കാണാതായതും സംബന്ധിച്ചാണ് ഭരണപക്ഷത്തെ രണ്ട് സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ മേയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.
സൈന്‍ ബോര്‍ഡ് വിവാദത്തില്‍ കൗണ്‍സിലിനെ അറിയിക്കാതെ വിജിലന്‍സ് അന്വേഷണത്തിന് ഫയല്‍ കൈമാറിയ മേയറുടെ നടപടിയില്‍ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും നഗരസഭയിലെ പ്രമുഖ കോണ്‍ഗ്രസ് കൗണ്‍സിലറുമായ ഷൈനി മാത്യുവാണ് പരസ്യമായി പ്രതിഷേധിമറിയിച്ചത്.സൈന്‍ബോര്‍ഡ് അഴിമതി വിജിലന്‍സിന് വിട്ട നടപടി ചെയര്‍മാനായ താന്‍ അറിഞ്ഞില്ല. ഫയല്‍ അന്വേഷിച്ചപ്പോള്‍ മേയറുടെ മേശപ്പുറത്താണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കരാര്‍ റദ്ദാക്കാന്‍ കൗണ്‍സിലിന് അധികാരം ഇരിക്കെ എന്തിനാണ് വിജിലന്‍സിന് ശുപാര്‍ശ ചെയ്തതെന്ന് അറിയണം.
ആരെ സംരക്ഷിക്കാനാണ് ഇത്തരം നടപടിയെന്നും ഷൈനി തുറന്നടിച്ചു. പ്രതിപക്ഷം അഴിമതി ആരോപിക്കുന്ന റിലയന്‍സ് ഫയലുകള്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് മുസ്ലീം ലീഗ് നേതാവും മരാമത്ത് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷനുമായ പി.എം .ഹാരിസ് പറഞ്ഞു.നിങ്ങളീ പറയുന്ന ഫയലുകളൊന്നും ഞാന്‍ കണ്ടിട്ടില്ല സഖാക്കളെ എന്നു പറഞ്ഞുകൊണ്ടായിരുന്നു പി.എം.ഹാരിസ് വിഷയത്തിലേക്ക് കടന്നത്.ഫയല്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ പഠിക്കാന്‍ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെ ലഭ്യമായിട്ടില്ല.
തന്റെ കമ്മിറ്റി അംഗങ്ങളെയെല്ലാം തനിക്ക് പൂര്‍ണ്ണവിശ്വാസമാണെന്നും അഴിമതിക്കാരാരും തന്റെ കമ്മിറ്റിയിലില്ലെന്നും ഹാരിസ് പറഞ്ഞു.മേയറും സ്ഥിരം സമിതി അധ്യക്ഷന്മാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂലം കൗണ്‍സിലിന്റെ കൂട്ടുത്തരവാദിത്വം നഷ്ടമായതായും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരുടെ വിശദീകരണത്തിന് ശേഷം പ്രതിപക്ഷ നേതാവ് കെ. ജെ ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കരിങ്കൊടി ഉയര്‍ത്തുകയും മേയറുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നടപടികള്‍ തുടരാരാനാകാതെ അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് മേയര്‍ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു.പ്രതിപക്ഷ നേതാവ് കെ. ജെ ആന്റണി, കൗണ്‍സിലര്‍മാരായ വി.പി ചന്ദ്രന്‍, പി.എസ് പ്രകാശ്, ബെനഡിക്ട് ഫെര്‍ണാണ്ടസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആരോപണങ്ങള്‍
അടിസ്ഥാനരഹിതം: മേയര്‍
കൊച്ചി: തനിക്കെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേയര്‍ സൗമിനി ജെയിന്‍.
സൈന്‍ബോര്‍ഡ് അഴിമതി വിജിലന്‍സ് അന്വേഷണത്തിന് വിട്ടത് നിയമോപദേശം ലഭിച്ചതിനാലാണെന്നും മേയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏതു ഫയലും തിരിച്ചു വിളിക്കാനും പരിശോധിക്കാനും മേയര്‍ക്ക് അധികാരം ഉണ്ടെന്നും ആ അധികാരം ഉപയോഗിച്ചാണ് റിയലന്‍സിന്റെ ഫയല്‍ ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. സ്ഥിരം സമിതിയുടെ ശുപാര്‍ശകള്‍ ക്രമ വിരുദ്ധമായി തീരുമാനമാക്കി കരാറുകാരന് തുടരാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥ നടപടിയെയും മേയര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."