അനധികൃത ബങ്കുകള്‍ നീക്കം ചെയ്തു
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു മുന്നോടിയായി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബങ്കുകള്‍ നീക്കം ചെയ്തു. സ്റ്റേഡിയം കോര്‍ണര്‍, ഗാന്ധി സര്‍ക്കിള്‍, പ്ലാസ റോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകളാണ് ഇന്നലെ കോര്പറേഷന് അധികൃതര്‍ നീക്കം ചെയ്തത്. അനധികൃത ബങ്കുകള്‍ കാല്‍നടയാത്രക്കും വാഹനഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുമെന്നതിനെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ മുന്നറിയിപ്പില്ലാതെ ബങ്കുകള്‍ നീക്കം ചെയ്തത്. നേരത്തെ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്ന് നഗരത്തിലെ ബങ്കുകള്‍ നീക്കം ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ നീക്കം ചെയ്ത ബങ്കുകള്‍ പിന്നീട് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും പല സ്ഥലങ്ങളിലും പുതുതായി ബങ്കുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കഴിഞ്ഞ കോര്പറേഷന് യോഗത്തിലാണ് കലോത്സവം നടക്കുന്നതിനാല്‍ മുഴുവന്‍ അനധികൃത ബങ്കുകളും ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയരുകയും അവ ഉടന്‍ നടപ്പാക്കാന്‍ യോഗം തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് കോര്പറേഷന് ആരോഗ്യ വിഭാഗം നഗരത്തിലെ അനധികൃത ബങ്കുകളുടെ കണക്കെടുത്തിരുന്നു. തുടര്‍ന്നാണ് നടപടി തുടങ്ങിയത്.സ്റ്റേഡിയം കോര്‍ണറില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകള്‍ നീക്കം ചെയ്തതോടെ ഇവിടെ വലിയ സ്ഥലം പാര്‍ക്കിങ്ങിനും മറ്റുമായി ലഭിക്കും. ഇന്നലെ അഞ്ചോളം ബങ്കുകളാണ് നീക്കം ചെയ്തത്. ഇന്നും ബങ്കുകളില്‍ പരിശോധന നടക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."