കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂനിറ്റുകള്‍ തകര്‍ക്കാന്‍ നീക്കം
മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂനിറ്റുകള്‍ തകര്‍ക്കാന്‍ സി.ഐ.ടി.യു നീക്കം. ന്യൂട്രിമിക്‌സ് യൂനിറ്റ് കണ്‍സോര്‍ഷ്യം സംവിധാനം അട്ടിമറിച്ചു സി.ഐ.ടി.യു യൂനിയനുണ്ടാക്കാനാണ് നീക്കം. ഇതിനായി ഇന്നു മലപ്പുറത്തു രഹസ്യയോഗം വിളിച്ചിട്ടുണ്ട്.
ജില്ലയിലുള്ള മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. 2006 മുതലാണ് ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ അമൃതം ന്യൂട്രിമിക്‌സ് സംരംഭം ആരംഭിച്ചത്. യൂനിറ്റുകളില്‍നിന്നു തെരഞ്ഞെടുക്കുന്ന അംഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും ഇവിടെനിന്നു തെരഞ്ഞെടുക്കുന്ന അംഗങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തിലും കണ്‍സോര്‍ഷ്യം നിലവിലുണ്ട്. 2011ല്‍ ഇടതുപക്ഷം കൊണ്ടുവന്ന കണ്‍സോര്‍ഷ്യംതന്നെയാണ് ഇപ്പോഴും നിലവിലുള്ളത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തിയിട്ടില്ലെന്നിരിക്കേയാണ് ഇതിനെ മറികടന്ന് യൂനിയനുണ്ടാക്കാനുള്ള ശ്രമം. നിലവില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രാധിനിധ്യം എല്ലാ യൂനിറ്റുകളിലും ഉണ്ട്. എന്നാല്‍, രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരേ യൂനിറ്റുകളിലുള്ള ഇടതുപക്ഷത്തെ അനുകൂലിക്കുന്ന അംഗങ്ങളുടെതന്നെ എതിര്‍പ്പുണ്ട്. ഇതു മറികടന്നാണ് പുതിയ നീക്കം.
ആറു മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്‌സ് തയാറാക്കി ജില്ലയില്‍ വിതരണത്തിനെത്തിക്കുന്നത് കുടുംബശ്രീക്കു കീഴിലുള്ള ഈ ന്യൂട്രിമിക്‌സ് യൂനിറ്റുകളാണ്. 12 വര്‍ഷത്തോളമായി ജില്ലയില്‍ വിവിധ ഭാഗങ്ങളിലായുള്ള 42 യൂനിറ്റുകളിലായി 270ലേറെ അംഗങ്ങളാണ് ജോലി ചെയ്യുന്നത്. ഈ കാലയളവിനിടയില്‍ സര്‍ക്കാറുകള്‍ മാറിവന്നിട്ടും അധികാരത്തിലുള്ള പാര്‍ട്ടി കുടുംബശ്രീ യൂനിറ്റുകളെ രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല.
കടല, പരിപ്പ്, സോയ, പഞ്ചസാര, ഗോതമ്പ് എന്നിവ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത് പൊടിച്ചു തയാറാക്കുന്ന പോഷകാഹരം നിര്‍മിക്കുന്ന യൂനിറ്റുകള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗോതമ്പ് മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡിയോടെ യൂനിറ്റുകള്‍ക്ക് ലഭിക്കുന്നത്. ബാക്കിയുള്ള കടല, പരിപ്പ്, സോയ, പഞ്ചസാര തുടങ്ങിയവ മാര്‍ക്കറ്റ് വിലയിലാണ് വാങ്ങിക്കുന്നത്. ഇത് ഒരു കിലോ അമൃതം പൊടിക്ക് യൂനിറ്റുകള്‍ 25 വരെ നഷ്ടം സഹിച്ചാണ് വിതരണം ചെയ്യുന്നത്. 75 രൂപ ലഭിച്ചാല്‍ പോലും ലാഭകരമാകാത്ത സാഹചര്യത്തില്‍ 70 രൂപ കിലോ അമൃതം പൊടിക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."