നന്മ നിലാവ്
ഉത്തരവാദിത്തങ്ങളുടെ ഉത്തമ പുരുഷന്‍
[caption id="attachment_217834" align="alignleft" width="139"] കെ.ടി ജലീല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി[/caption]
" കഴിഞ്ഞ തവണ കൊച്ചിയിലെ ഹജ്ജ് ക്യാംപില്‍ ബാപ്പു മുസ്‌ലിയാരുടെ സേവനങ്ങള്‍ എനിക്ക് നേരിട്ടു ബോധ്യപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന പല യോഗങ്ങളിലും നിസ്വാര്‍ഥനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി "
കര്‍മരംഗത്ത് തിളങ്ങി നില്‍ക്കേയാണ് ബാപ്പു മുസ്‌ലിയാര്‍ യാത്രയായത്. അതൊരു വലിയ ഭാഗ്യമാണ്. പദവി കേവലം ആലങ്കാരികമായിരുന്നില്ല ബാപ്പു മുസ്‌ലിയാര്‍ക്ക്. അത് ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കാന്‍ എന്നും അദ്ദേഹം ശ്രമിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ അദ്ദേഹത്തിന്റെ വിയോഗം മത സാമൂഹിക മണ്ഡലത്തിലുണ്ടാക്കിയ നഷ്ടം നികത്താനാകാത്തതാണ്.
കോഴിക്കോട് സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരിക്കേ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും വിവര്‍ങ്ങള്‍ ആരായുകയും ചെയ്തിരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എന്ന നിലയിലും വലിയ സേവനങ്ങളാണ് അദ്ദേഹം ചെയ്തത്. മദ്‌റസാ വിദ്യാഭ്യാസത്തെ ആധുനികവല്‍കരിക്കുന്നതില്‍ അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. ഒരു മത സംഘടനയില്‍ ഉറച്ചു നില്‍ക്കുമ്പോഴും മറ്റും സംഘടനാ നേതാക്കളുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തി. സമസ്ത എന്ന പണ്ഡിത സഭക്കു നേതൃത്വം നല്‍കുമ്പോള്‍ തന്നെ വ്യക്തമായ ജനാധിപത്യ മതേതര ബോധം നിലനിര്‍ത്തുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.
ഇസ്്‌ലാമിക പണ്ഡിതനായി പ്രവര്‍ത്തിക്കുമ്പോഴും പൊതു പ്രശ്‌നങ്ങളില്‍ ഇടപെട്ടു. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. കഴിഞ്ഞ തവണ കൊച്ചിയിലെ ഹജ്ജ് ക്യാംപില്‍ ബാപ്പു മുസ്‌ലിയാരുടെ സേവനങ്ങള്‍ എനിക്കു നേരിട്ടു ബോധ്യപ്പെട്ടതാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന പല യോഗങ്ങളിലും നിസ്വാര്‍ഥനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി. ക്യാംപില്‍ മുഴുസമയവും സജീവമായി അദ്ദേഹമുണ്ടായിരുന്നു. അവസാനത്തെ ഹാജിയും യാത്രയായ ശേഷമാണ് ബാപ്പു മുസ്്‌ലിയാര്‍ തിരിച്ചു പോയത്. വരുന്ന ഹജ്ജ് ക്യാംപുമായി ബന്ധപ്പെട്ട വിലപ്പെട്ട പല നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചിരുന്നു. ഹജ്ജ് ക്യാംപിലേക്കു തീര്‍ഥാടകര്‍ എത്തിയാല്‍ അവരുടെ ലഗേജുകള്‍ സ്വീകരിക്കുന്നതിനു പ്രത്യേക കൗണ്ടര്‍ ഒരുക്കി.
ചെലവ് കുറഞ്ഞ ഏകീകൃത ബാഗേജ് രീതി കൊണ്ടുവന്നു. ഇതെല്ലാം ചെയ്തത് അദ്ദേഹമായിരുന്നു. ഹജ്ജ് അപേക്ഷ ഓണ്‍ലൈനാക്കിയതിന്റെ പിന്നിലും ബാപ്പു മുസ്്‌ലിയാരുടെ ആസൂത്രണമികവുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച സേവനങ്ങളാണ് അദ്ദേഹം നിര്‍വഹിച്ചത്.
ആത്മാവിനോടു ചേര്‍ന്നുനിന്നൊരാള്‍
[caption id="attachment_217842" align="alignleft" width="109"] ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി
(കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം)[/caption]
" ബാപ്പു മുസ്‌ലിയാരെ ആശുപത്രിയിലാക്കിയപ്പോള്‍ അവിടെ വന്ന പലരും പറഞ്ഞു. അദ്ദേഹത്തിന് യാതൊരു രോഗവും ഉണ്ടായിരുന്നില്ലല്ലോ എന്ന്. രോഗവും ക്ഷീണവും ഉണ്ടായിരുന്നിരിക്കാം. പക്ഷെ അതൊന്നും പുറത്തു പറഞ്ഞില്ല ".
കര്‍മപഥത്തില്‍ എല്ലാത്തിനെയും നിറപുഞ്ചിരിയോടെ നേരിട്ട കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ധവളിമയാര്‍ന്ന പാതയിലൂടെ നമ്മുടെ കണ്ണുകള്‍ക്കപ്പുറത്തേക്കു യാത്രപോയി. വിശ്വസിക്കാനാവുന്നില്ല. വിശ്വസിച്ചേ മതിയാകൂ. അദ്ദേഹത്തിന്റെ പാണ്ഡിത്യം, സംഘടനാ വൈഭവം എന്നിവയെ കുറിച്ചെല്ലാം പറയാന്‍ നിരവധി പേരുണ്ടാകും. എന്നാല്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ച കാര്യം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം കാണിച്ച ഭരണപാടവമാണ്. കേരളം കണ്ട ഏറ്റവും സജീവതയുള്ള ചെയര്‍മാനായിരുന്നു അദ്ദേഹം എന്നു പറഞ്ഞാല്‍ അതിശയോക്തിപരമല്ല.
എത്തേണ്ടിടത്തെല്ലാം കണ്ണെത്തിയില്ലെങ്കില്‍ എപ്പോഴും പരാതികള്‍ വന്നുചേര്‍ന്നേക്കാം. എന്നാല്‍ ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു, പ്രാര്‍ഥിച്ചു. ഹജ്ജ് സീസണായിക്കഴിഞ്ഞാല്‍ പിന്നെ വിശ്രമമില്ലാത്ത രാപകലുകളായിരുന്നു. രാത്രികളില്‍ ഹജ്ജാജികളും ഉദ്യോഗസ്ഥരും തലചായ്ച്ച ശേഷം മാത്രം ക്യാംപില്‍ നിന്നു മടങ്ങി, രാവിലെ എല്ലാവരും എത്തുന്നതിനു മുന്‍പ് ക്യാംപില്‍ തിരിച്ചെത്തി. ചെയര്‍മാന്റെ സജീവത കണ്ട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് സ്‌നേഹമാണോ ബഹുമാനമാണോ എന്നെനിക്ക് അളക്കാന്‍ കഴിഞ്ഞിട്ടില്ല. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയപ്പോള്‍ അദ്ദേഹം അവിടത്തന്നെ താമസമാക്കുകയായിരുന്നു.
ഹജ്ജ് കമ്മിറ്റിയില്‍ വളരെ കര്‍മനിരതനായ ഒരു ചെയര്‍മാനാകണമെങ്കില്‍ അധികദിവസവും അതുമായി ബന്ധപ്പെട്ടു തന്നെയായിരിക്കും ജോലി. അഞ്ചു വര്‍ഷമായി ഹജ്ജിനു അപേക്ഷിച്ച് അനുവാദം കിട്ടാതിരുന്ന ആളുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റുമായി ഇടപെട്ട് അനുവാദം വാങ്ങിച്ചതിലെ മുഴുവന്‍ ബഹുമതിയും ബാപ്പു മുസ്‌ലിയാര്‍ക്കുള്ളതാണ്. ഹജ്ജ് കമ്മിറ്റിയുടെ റിവ്യു യോഗത്തില്‍ ഞങ്ങള്‍ ഈ കാര്യത്തില്‍ ചെയര്‍മാന്‍ വഹിച്ച പങ്ക് പ്രത്യേകമായി മിനുട്‌സില്‍ എഴുതണമെന്ന് പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ എന്നു പ്രത്യേകം വേണ്ട, നമ്മള്‍ ഹജ്ജ് കമ്മിറ്റി എന്നു നല്‍കിയാല്‍ മതി എന്നും അദ്ദേഹം ശഠിച്ചു.
വ്യക്തിപരമായി എനിക്കദ്ദേഹത്തോടു കുറേ കടപ്പാടുകളുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ ദക്ഷിണേന്ത്യന്‍ പ്രതിനിധിയായത് കഴിഞ്ഞ തവണ ഞാനായിരുന്നു. ഒരിക്കല്‍ പരിഗണിച്ചവരെ വീണ്ടും അതേ സ്ഥാനത്തേക്ക് പരിഗണിക്കാറില്ല. എന്നാല്‍ വീണ്ടും എന്നെ തന്നെ നിയമിച്ചതിനുപിന്നില്‍ ബാപ്പു മുസ്‌ലിയാരുടെ നയപരമായ ഇടപെല്‍ ഒന്നുമാത്രമായിരുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ സമയത്ത് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുതെന്നും അതിനുള്ള അവകാശം മത പണ്ഡിതന്‍മാര്‍ക്ക് വിട്ടുകൊടുക്കണമെന്നുമുള്ള എന്റെ അഭിപ്രായത്തെക്കുറിച്ച് നേരിട്ടു കണ്ടപ്പോള്‍ അദ്ദേഹം ഏറെ അഭിനന്ദിക്കുകയുണ്ടായി.
ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു അത്യാവശ്യം സൗകര്യമുള്ള ഹോട്ടലില്‍ താമസിക്കാമായിരുന്നു. അതിനൊന്നും അദ്ദേഹം പോയില്ല. മിക്കപ്പോഴും എന്റെ കൂടെ ഒതുങ്ങിക്കൂടാനായിരുന്നു അദ്ദേഹത്തിനിഷ്ടം. അസുഖം ബാധിച്ച ബാപ്പു മുസ്‌ലിയാരെ ആശുപത്രിയിലാക്കിയപ്പോള്‍ അവിടെ വന്ന പലരും മുഖത്തോടു മുഖം നോക്കി പറഞ്ഞു. അദ്ദേഹത്തിന് യാതൊരു ക്ഷീണവും രോഗവും ഉണ്ടായിരുന്നില്ലല്ലോ എന്ന്. അദ്ദേഹത്തിനു രോഗവും ക്ഷീണവും ഉണ്ടായിരുന്നിരിക്കാം. പക്ഷെ അതൊന്നും പുറത്തു പറഞ്ഞില്ല. ആരുടെ മുന്‍പിലും പ്രകടിപ്പിച്ചില്ല. ഒടുവില്‍...
സര്‍വശക്തന്‍ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.
മായാതെ ആ മന്ദസ്മിതം
[caption id="attachment_217843" align="alignleft" width="156"] ഇ.സി മുഹമ്മദ് (മുന്‍ ഹജ്ജ് അസി. സെക്രട്ടറി)[/caption]
" പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം കൈനിറയെ ഗുളികകളുമായി എന്റെ മുന്നില്‍ നില്‍ക്കുകയാണ് ഉസ്താദ്. ഇതെന്താ ഇത്ര ഗുളികയെന്നു ചോദിച്ചപ്പോള്‍ മറുപടി ആദ്യം പുഞ്ചിരിയിലൊതുക്കി. പിന്നീട് ഓരോന്നും ഓരോ രോഗത്തിനാണെന്ന് എണ്ണിപ്പറഞ്ഞു. അതുകേട്ടപ്പോള്‍ സത്യത്തില്‍ കണ്ണുനിറഞ്ഞുപോയി "
ബാപ്പു മുസ്‌ലിയാര്‍. വിശ്രമമില്ലാത്ത പൊതുപ്രവര്‍ത്തനവുമായി ഓടിനടക്കുന്ന ഈ പണ്ഡിതന്‍ എനിക്കെന്നും ഒരത്ഭുതമായിരുന്നു. ആദര്‍ശത്തിന്റെ ആര്‍ജവത്തോടൊപ്പം തന്നെ ഊര്‍ജസ്വലതയിലും അനുകരണീയമായ മാതൃകയായിരുന്നു അദ്ദേഹം. ഹജ്ജ് കാര്യത്തില്‍, മതപ്രബോധന രംഗത്ത്, സംഘടനാ പ്രവര്‍ത്തനത്തില്‍ എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എവിടെയും ആ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തന്റെ വേദനകളെ എല്ലാം മറന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നു തോന്നിയ ഒരുപാട് അവസരങ്ങളുണ്ടായിട്ടുണ്ട്.
ഡല്‍ഹിയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വിളിച്ച യോഗത്തിലേക്കുള്ള യാത്ര. ബാപ്പു ഉസ്താദും ഞാനും ഒന്നിച്ചുള്ള ആദ്യയാത്ര. അദ്ദേഹം ചെയര്‍മാനും ഞാന്‍ അസി. സെക്രട്ടറിയും എന്ന നിലയിലായിരുന്നു യോഗത്തില്‍ സംബന്ധിക്കുന്നത്. ഡല്‍ഹിയിലെത്തുമ്പോള്‍ രാത്രിയായി.
പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണം കഴിച്ച ശേഷം കൈനിറയെ ഗുളികകളുമായി എന്റെ മുന്നില്‍ നില്‍ക്കുകയാണ് ഉസ്താദ്. ഇതെന്താ ഇത്ര ഗുളികയെന്നു ചോദിച്ചപ്പോള്‍ മറുപടി ആദ്യം പുഞ്ചിരിയിലൊതുക്കി. പിന്നീട് ഓരോന്നും ഓരോ രോഗത്തിനാണെന്ന് എണ്ണിപ്പറഞ്ഞു. അതുകേട്ടപ്പോള്‍ സത്യത്തില്‍ കണ്ണുനിറഞ്ഞുപോയി.
എന്റെ നാടായ കൂട്ടിലങ്ങാടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കാളമ്പാടിയിലാണ് ഉസ്താദിന്റെ വീട്. ഞാന്‍ എ.ഡി.എം ആയി മലപ്പുറത്തുള്ള കാലത്തേ ഉസ്താദിനെ പരിചയമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം 2012ല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി. അക്കാലയളവിലാണ് ഞാന്‍ ഹജ്ജ് അസി. സെക്രട്ടറിയാകുന്നത്. അന്നുമുതല്‍ മരണം വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അദ്ദേഹം ഒരു ഗുരുസ്ഥാനീയനും കൂടിയായിരുന്നു എനിക്ക്. ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനായി ഒരു ശിഷ്യനെപ്പോലെ കൂടെ നിന്നു. ഹജ്ജ് ഹൗസിലെ ഓരോ ജീവനക്കാരനും ആ സൗഹൃദം അറിഞ്ഞു. സ്‌നേഹം അനുഭവിച്ചു. ഉദ്യോഗസ്ഥരും ഹജ്ജ് ഹൗസിലെ ജീവനക്കാരും നിര്‍ദേശങ്ങളെ ശിരസാവഹിച്ചു. ഹജ്ജ് കമ്മിറ്റി ഒരു കാര്യം തീരുമാനിച്ചാല്‍ പൂര്‍ത്തീകരിക്കുന്നതു വരെ നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം കൂടെയുണ്ടാകും.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നത് വെറുമൊരു പദവിയല്ല, അതൊരു സേവനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതു സഹപ്രവര്‍ത്തകരോടും ജീവനക്കാരോടും പലപ്പോഴും ഉണര്‍ത്തി. ഹാജിമാരെ സേവിക്കുക എന്ന കരുതലായിരിക്കണം ഓരോരുത്തര്‍ക്കും വേണ്ടതെന്ന് ഓര്‍മപ്പെടുത്തി. ആരും പേരെടുക്കാനുള്ള വേദിയാക്കരുത് ഹജ്ജ് സേവനം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നെടുമ്പാശ്ശേരിയിലേക്ക് അവസാന നിമിഷം ഹജ്ജ് ക്യാംപ് മാറ്റിയപ്പോഴുണ്ടായ ആശങ്ക ഉസ്ദാതിന്റെ അവസരോചിത ഇടപെടല്‍ മൂലമാണ് ഇല്ലാതായത്.
ഹജ്ജ് കമ്മിറ്റിയില്‍ വിവിധ സംഘടനകളില്‍പെട്ടവരായ അംഗങ്ങളോടും സൗമ്യമായ സമീപനത്തിലൂടെയുള്ള പ്രവര്‍ത്തന രീതി മാതൃകാപരമായിരുന്നു. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ ഹജ്ജ് ക്യാംപുകളില്‍ അപസ്വരങ്ങളില്ലാതായതും ഇതുമൂലമാണ്. എന്നും ഉസ്താദ് സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ചു. കലര്‍പ്പും കലഹങ്ങളുമില്ലാതെ അദ്ദേഹത്തിന്റെ കൂടെ സേവനം ചെയ്യാനായി എന്നതാണ് ജീവിതത്തില്‍ എന്നും എന്നെ ഓര്‍മിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."