ഹരിതകേരളത്തിന് മാതൃക കാട്ടി 'ധന്യം' സമാപിച്ചു
കൊല്ലം: വെള്ളവും വൃത്തിയും പച്ചപ്പും വീണ്ടെടുക്കാനുള്ള നാടിന്റെ പരിശ്രമങ്ങള്‍ക്ക് മാതൃക കാട്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നാഷനല്‍ സര്‍വീസ് സ്‌കീം സംസ്ഥാന വാര്‍ഷിക സംഗമം 'ധന്യം' സമാപിച്ചു. കടപ്പാക്കട ടി.കെ.ഡി.എം ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് കേന്ദ്രീകരിച്ച് നടത്തിയ ക്യാമ്പില്‍ വിവിധ ജില്ലകളില്‍നിന്നുള്ള 600 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഉദ്ഘാടനത്തിന്റെ വേദിനിര്‍മാണം മുതല്‍ ക്യാമ്പിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചിരുന്നു. പുല്‍പ്പായകൊണ്ടാണ് വേദിയുടെ പശ്ചാത്തലം ഒരുക്കിയത്. ഇതില്‍ വിശദാംശങ്ങളും ക്യാമ്പിന്റെയും ഹരിതകേരളത്തിന്റെ ലോഗോയുമെല്ലാം വരച്ചു ചേര്‍ക്കുകയായിരുന്നു. നേരത്തെ നിര്‍ദേശം നല്‍കിയതിനുസരിച്ച് വിദ്യാര്‍ഥികള്‍ ഭക്ഷണത്തിനുള്ള പ്ലേറ്റും ഗ്ലാസും കൊണ്ടുവന്നു. ഇതിനു പുറമെ സംഘാടകര്‍ സ്റ്റീല്‍ ഗ്ലാസുകളും മുളകൊണ്ടുള്ള ഗ്ലാസുകളും കരുതിയിരുന്നു.
ടി.കെ.ഡി.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വീടുകളില്‍ വെള്ളിയാഴ്ച്ച രാത്രി തങ്ങിയ ക്യാമ്പംഗങ്ങള്‍ ഹരിതഭവനം പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടശേഷമാണ് മടങ്ങിയത്. തിരിച്ചെത്തി സ്വന്തം വീട്ടുവളപ്പിലും ഇവര്‍ വൃക്ഷത്തൈകള്‍ നടും. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം വനം മന്ത്രി കെ. രാജു ഇന്നലെ സ്‌കൂളില്‍ നിര്‍വഹിച്ചു. എം. നൗഷാദ് എം.എല്‍.എ, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍ സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നലെ രാവിലെ ക്യാമ്പംഗങ്ങള്‍ ഒത്തുചേര്‍ന്ന് ആശ്രാമം മൈതാനത്ത് ശുചീകരണം നടത്തി. മൈതാനത്തിനു സമീപം ഒരുക്കിയ വലിയ കാന്‍വാസില്‍ വരവര്‍ണ്ണജാലം എന്നപേരില്‍ ഹരിതകേരളം, പരിസ്ഥിതി, സാമൂഹ്യ സേവനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചിത്രങ്ങള്‍ വരക്കുകയും സന്ദേശങ്ങള്‍ എഴുതുകയുംചെയ്തു. അജിത് പ്ലാക്കാട് നേതൃത്വം നല്‍കി. ക്യാംപിന്റെ സ്മാരകമായി അഗ്നിച്ചിറകുമായ് എന്ന പേരില്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ സ്ഥാപിച്ച ഓപ്പണ്‍ ലൈബറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.സി നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഇ. ഫാസില്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബേബി ചന്ദ്ര, പ്രോഗ്രാം കണ്‍വീനര്‍ എസ്. ദിലീപ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."