കിളിമാനൂരിലെ കുടിവെള്ളപദ്ധതി 25ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
കിളിമാനൂര്‍: കിളിമാനൂര്‍, മടവൂര്‍, പഴയകുന്നുമ്മേല്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് 17 വര്‍ഷം മുമ്പ് വിഭാവനം ചെയ്ത കിളിമാനൂര്‍ കുടിവെള്ളപദ്ധതി ജനുവരി 25ന് വൈകിട്ട് 4ന് കിളിമാനൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ ബി സത്യന്‍ എം.എല്‍.എ അധ്യക്ഷനാകും. കിളിമാനൂര്‍, മടവൂര്‍, പഴയകുന്നുമ്മേല്‍ പഞ്ചായത്തുകളിലെ ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്. ഗുണഭോക്താക്കളുടെ വീടുകളില്‍ സ്ഥാപിക്കുന്ന പൈപ്പ്‌ലൈന്‍ കണക്ഷനുകളിലേക്ക് ജലമെത്തിക്കുന്നതാണ് പദ്ധതി. നിലവില്‍ മറ്റ് പദ്ധതികളില്‍ നിന്നും കുടിവെള്ളം ലഭ്യമായിവരുന്നവര്‍ക്ക് മുഴുവന്‍ സമയവും ജലലഭ്യത ഉറപ്പുവരുത്താനായി പദ്ധതിയുമായി ലിങ്ക് ചെയ്യും. 8.77 എം.എല്‍.ഇ ശേഷിയുള്ള പദ്ധതിയുടെ ഭാഗമായി 123 കിലോമീറ്റര്‍നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്.
വാമനാപുരം നദിയില്‍ സ്ഥാപിച്ചിട്ടുള്ള പത്ത് മീറ്റര്‍ വ്യാസമുള്ള കിണറില്‍ നിന്നും ജലം 6 കിലോമീറ്റര്‍ അകലെയുള്ള ഇരട്ടച്ചിറയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് കെ.എസ്.ടി.പി റോഡിനടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെ കടലുകാണി, കൈലാസംകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ജലസംഭരണികളില്‍ സംഭരിച്ച് വിതരണം ചെയ്യുന്നതാണ് നിര്‍ദ്ധിഷ്ട പദ്ധതി. തട്ടത്തുമലയില്‍ ബൂസ്റ്റര്‍ പമ്പ് ഹൗസും ഉണ്ട്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി നൂലാമാലകളും പ്രതിബന്ധങ്ങളുമാണ് കഴിഞ്ഞ് സര്‍ക്കാരുകലുടെ കാലത്തുണ്ടായത്. കെ.എസ്.ടി.പിയുടെ അധീനതയിലുള്ള സംസ്ഥാനപാത 9 കിലോമീറ്റര്‍ മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിനെചൊല്ലി തര്‍ക്കം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തന്നെ ഭീഷണിയുയര്‍ത്തിയിരുന്നു.
ഉദ്ഘാടനം കഴിഞ്ഞാലും എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതില്‍ കാലതാമസം വരും. മൂന്ന് പഞ്ചായത്തുകളിലും ഇടറോഡുകളില്‍ ആവശ്യത്തിന് പൈപ്പ് ലൈനുകള്‍ ഇനിയും സ്ഥാപിക്കേണ്ടതായുണ്ട്. ഇത് വ്യാപകമായ പരാതിക്ക് കാരണമാകും. ഉദ്ഘാടനം വിജയിപ്പിക്കാനാവശ്യമായ സംഘാടകസമിതിരൂപീകരണയോഗം പഴയകുന്നുമ്മേല്‍ പഞ്ചായത്ത് രാജാരവിവര്‍മ്മാ കമ്യൂണിറ്റിഹാളില്‍ ബി സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. രാജേന്ദ്രന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, പഞ്ചായത്തു പ്രസിഡന്റുമാരായ എസ് രാജലക്ഷ്മി അമ്മാള്‍ , ബി വിഷ്ണു, ഗിരിജാ ബാലചന്ദ്രന്‍, എന്‍ രാജന്‍ മുന്‍ എം.എല്‍.എ, അഡ്വ. എസ്. ജയചന്ദ്രന്‍, കെ സുഭാഷ്, എന്‍ സുദര്‍ശനന്‍, മടവൂര്‍ വിക്രമന്‍നായര്‍, എം കാര്‍ത്തികേയന്‍, ടി എം ഉദയകുമാര്‍, വി ബിനു, എം മൈതീന്‍കുഞ്ഞ്, കെ ജി പ്രിന്‍സ്, എ ഷിഹാബുദ്ദീന്‍, രഘുകുമാര്‍ തുടങ്ങിവിവിധ രാട്രീയ നേതാക്കള്‍ പങ്കെടുത്തു.
പ്രോജക്ട് എക്‌സി.എഞ്ചിനീയര്‍ ബി അജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ഭാരവാഹികളായി അഡ്വ ബി സത്യന്‍ എം എല്‍ എ (ചെയര്‍മാന്‍) ബി അജയകുമാര്‍ (ജനറല്‍ കണ്‍വീനര്‍) ഉള്‍പ്പെടെ 150 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."