സര്‍വേ താമസിപ്പിച്ചത് മണല്‍ മാഫിയയെ സഹായിക്കാനെന്ന്
ഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരപ്രദേശത്തെ പുറമ്പോക്കു ഭൂമി അളന്നു തിരിക്കാനുള്ള സര്‍വേ ജോലികള്‍ താമസിപ്പിച്ചത് മണല്‍ മാഫിയ ഉള്‍പ്പെടെയുള്ള കൈയേറ്റക്കാരെ സഹായിക്കാനായിരുന്നുവെന്ന് ആരോപണം.
ഏറ്റുമാനൂര്‍ നഗരസഭയില്‍ പേരൂര്‍ വില്ലേജില്‍ പൂവത്തുംമൂട് മുതല്‍ കിണറ്റിന്‍മൂട് വരെയുള്ള ഭാഗത്ത് പുറമ്പോക്ക് ഭൂമി കൈയേറിയത് വിവാദമായ നാള്‍ മുതല്‍ കൈയേറ്റക്കാര്‍ക്കനുകൂലമായ നിലപാടാണ് അഡീഷണല്‍ തഹസില്‍ദാര്‍ കൈകൊണ്ടത്. ആറ്റുതീരം അളന്ന് തീര്‍ന്നിട്ടും അതിര്‍ത്തി തിരിക്കാനുള്ള സര്‍വേ കല്ലുകള്‍ എത്തിക്കാതിരുന്നത് കൈയേറ്റക്കാരെ സഹായിക്കാനായിരുന്നുവെന്ന് റവന്യൂ വകുപ്പിലെ ജീവനക്കാര്‍ തന്നെ പറയുന്നു.
ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ പരാതിയെതുടര്‍ന്ന് രണ്ട് തവണ സര്‍വേയ്ക്ക് ഉത്തരവായെങ്കിലും കൈയേറ്റക്കാരുടെ അപേക്ഷ മാനിച്ച് അഡീഷണല്‍ തഹസില്‍ദാര്‍ തന്നെ അളവ് മാറ്റി വെച്ചിരുന്നു. വിവരാവകാശത്തിലൂടെ കിട്ടിയ രേഖകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അളവ് തുടങ്ങി.
എന്നാല്‍ കൈയേറ്റം വ്യക്തമായുണ്ടെന്ന് അറിയാവുന്ന സ്ഥലത്തേക്ക് കടക്കും മുമ്പ് തന്നെ സര്‍വേ അവസാനിപ്പിച്ച് ഉദ്യോഗസ്ഥരെ അഡീഷണല്‍ തഹസില്‍ദാര്‍ തിരികെ വിളിച്ചു.
രണ്ട് മാസത്തിനു ശേഷം വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലാ കലക്ടറെ വിളിച്ച് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കിയത്.
പക്ഷെ സര്‍വേ കല്ലുകള്‍ എത്തിക്കാന്‍ ഇദ്ദേഹം തയാറായില്ല എന്നാണ് പരാതി. കോടികള്‍ വിലവരുന്ന സര്‍ക്കാര്‍ സ്ഥലമാണ് കഴിഞ്ഞ ഒരാഴ്ച നടന്ന സര്‍വേയിലൂടെ കണ്ടെത്താനായത്. എന്നാല്‍ സര്‍വേ കല്ലുകളുടെ അഭാവത്താല്‍ കുറ്റി നാട്ടി പോരുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. രണ്ട് മാസം മുമ്പ് സര്‍വേ കല്ലുകള്‍ ഇല്ലാതെ അളന്ന് നാട്ടിയ കുറ്റികള്‍ കൈയേറ്റക്കാര്‍ പിഴുതെറിഞ്ഞിരുന്നു.
ആറ്റുപുറമ്പോക്ക് കുഴിച്ച് സ്വകാര്യവ്യക്തി മണല്‍ ഖനനം ചെയ്തത് സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് സര്‍വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിക്കുന്നു. മണലൂറ്റിയ നാളുകളിലെ വില കണക്കാക്കി ഈ നഷ്ടം മണല്‍മാഫിയായില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ നഗരസഭയുടെ പരിധിയില്‍ വരുന്ന ആറ്റുതീരത്തെ കൈയേറ്റം മുഴുവന്‍ കണ്ടെത്താനും നിര്‍ദ്ദേശം ഉയര്‍ന്നു.
പുന്നത്തുറ മുതല്‍ പാറമ്പുഴ കുത്തിയതോട് വരെയുള്ള ഭാഗത്തെ പുറമ്പോക്ക് സ്ഥലം അളന്നു തിരിച്ചെടുക്കുന്നതിന് പ്രാഥമിക ജോലികള്‍ ആരംഭിച്ചതായി വില്ലേജ് ഓഫിസര്‍ ബിന്ദു നായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അളന്നെടുത്ത ഭൂമി ഇതിനുള്ളില്‍പ്പെടുന്നതാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മണല്‍മാഫിയായുടെ കൈകളിലായതാണ് പേരൂര്‍ പുന്നത്തുറ പ്രദേശങ്ങലിലെ ആറ്റുപുറമ്പോക്കില്‍ സിംഹഭാഗവും.
ആറ്റില്‍ നിന്നുള്ള മണല്‍ വാരലിന് നിയന്ത്രണം വന്നുവെങ്കിലും അന്ന് വാഹനങ്ങള്‍ ഇറക്കാന്‍ പുറമ്പോക്കിലേക്ക് കെട്ടിയിറക്കിയ കടവുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്.
തീരപ്രദേശത്തെ എക്കല്‍മണ്ണ് ഇഷ്ടിക നിര്‍മാണത്തിന് എടുത്തത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്.
അടിത്തട്ട് പൊട്ടിച്ച് മണല്‍ വാരിയത് മീനച്ചിലാറിലെ ജലവിതാനം താഴ്ന്നതിനും നീരൊഴുക്ക് കുറഞ്ഞ് മലിനജലമായി കെട്ടികിടക്കുന്നതിനും പരിസരപ്രദേശങ്ങലിലെ ജലസ്രോതസുകള്‍ വറ്റി വരളുന്നതിനും കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."