ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം
പൂനെ: ഇതാണു നായകന്‍. പ്രതിസന്ധിയില്‍ പതറിയ ടീമിനെ മികച്ച ബാറ്റിങിലൂടെ വിജയത്തിലേക്ക് നയിച്ച് ഏകദിന നായകനായുള്ള അരങ്ങേറ്റം വിരാട് കോഹ്‌ലി അവിസ്മരണീയമാക്കി. അതും ഉജ്ജ്വല സെഞ്ച്വറിയുമായി. ഒപ്പം സെഞ്ച്വറി പ്രകടനത്തിലൂടെ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കിയ കേദാര്‍ ജാദവും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് പിടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 48.1 ഓവറില്‍ 356 റണ്‍സെടുത്താണ് വിജയിച്ചത്. ഇതു മൂന്നാം തവണയാണ് ഇന്ത്യ 350നു മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്നത്. വിരാട് കോഹ്‌ലി(122) കേദാര്‍ ജാദവ് (120) എന്നിവരുടെ കിടയറ്റ ശതകങ്ങളാണ് മത്സരത്തിന്റെ സവിശേഷത. 63 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ വീണു പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്‌ലി- ജാദവ് സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 200 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 65 പന്തില്‍ നിന്നു സെഞ്ച്വറി കുറിച്ച ജാദവിന്റെ പ്രകടനം ഉജ്ജ്വലമായിരുന്നു. പുറത്താകുമ്പോള്‍ ജാദവ് 76 പന്തില്‍ 120 റണ്‍സെടുത്തിരുന്നു. 12 ഫോറും നാലു സിക്‌സുമടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ജാദവിന്റെ രണ്ടാം ഏകദിന ശതകമാണിത്. കോഹ്‌ലി 105 പന്തില്‍ എട്ടു ഫോറും അഞ്ചു സിക്‌സും പറത്തി. ക്രിസ് വോക്‌സിന്റെ പന്ത് സിക്‌സര്‍ പറത്തിയാണ് കോഹ്‌ലി സെഞ്ച്വറി ആഘോഷിച്ചത്. ഏകദിനത്തിലെ കോഹ്‌ലിയുടെ 27ാം ശതകമാണിത്.ഇരുവരും പുറത്തായ ശേഷമെത്തിയ ഹാര്‍ദിക് പാണ്ഡ്യ(40) ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. അശ്വിന്‍ (15) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഇയാന്‍ ബെല്‍ മൂന്നും സ്റ്റോക്‌സ്, വില്ലി എന്നിവര്‍ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ച കോഹ്‌ലിയുടെ തീരുമാനം പാളി. ജാസന്‍ റോയ്(73), ജോ റൂട്ട് (78), ബെന്‍ സ്റ്റോക്‌സ് (40 പന്തില്‍ 62) എന്നിവരുടെ മികച്ച ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അവസാന പത്തോവറില്‍ 115 റണ്‍സാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചുകൂട്ടിയത്. മോര്‍ഗന്‍(28), ബട്‌ലര്‍(31), മോയിന്‍ അലി (28) എന്നിവരും പിടിച്ചുനിന്നു. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്‌റ എന്നിവര്‍ രണ്ടും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ജാദവാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."