മത്സ്യത്തൊഴിലാളികള്‍ക്കായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതി പാഴായി
തിരുവനന്തപുരം:കടലിനെക്കുറിച്ച് മത്സ്യ തൊഴിലാളികള്‍ക്കു വിവരം നല്‍കാന്‍ ആവിഷ്‌കരിച്ച ഫിഷര്‍ ഫ്രണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതി പാഴായി. ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച 'ഓഷ്യന്‍സൈറ്റ്'എന്ന ഉപഗ്രഹത്തിന്റെ സഹായത്തോടെ പൊട്ടന്‍ഷ്യല്‍ ഫിഷിങ് സോണുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ലക്ഷ്യം കാണാതെ പോയത്.
കടലില്‍ മത്സ്യങ്ങളുടെ ആഹാര സാന്നിധ്യമുള്ള മേഖലകള്‍ തിരിച്ചറിഞ്ഞ് വിവരം മത്സ്യതൊഴിലാളികളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മൊബൈല്‍ ആപ്പോടുകൂടിയ ഫോണുകളും നല്‍കിയിരുന്നു. എന്നാല്‍ ഇത് തൊഴിലിന് ഉപകരിക്കപ്പെട്ടില്ലെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
ഇതുവഴി ലഭിക്കുന്ന വിവരങ്ങളെല്ലാം നൂറോളം കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലങ്ങളെക്കുറിച്ചാണ്. അവിടെ ലഭ്യമാകാനിടയുള്ള മത്സ്യങ്ങള്‍, വലിപ്പം, സഞ്ചാരദിശ തുടങ്ങിയ വിവരങ്ങളൊന്നും ഇതുവഴി ലഭ്യമാകുന്നുമില്ല. വിവരം ലഭിച്ച് ബോട്ട് ഓടിയെത്തുമ്പോഴേക്കും മത്സ്യങ്ങള്‍ അവിടം വിട്ടുപോകുന്ന അവസ്ഥയുമുണ്ട്. ഈ രംഗത്തെ വിദഗ്ധരും മാധ്യമങ്ങളും പ്രചരിപ്പിച്ചതുപോലുള്ള പ്രയോജനങ്ങളൊന്നും ഇതുവഴി ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ആധുനിക സജ്ജീകരണങ്ങളുമായി മത്സ്യസമ്പത്ത് ഊറ്റിയെടുക്കാന്‍ കാത്തുകിടക്കുന്ന വിദേശക്കപ്പലുകളെയും വന്‍കിട ബോട്ടുകളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കൊണ്ടുവന്നതെന്ന ആരോപണം മത്സ്യബന്ധന മേഖലയില്‍ നിന്ന് ഉയരുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."