ഹരിതനഗരം: പ്ലാസ്റ്റിക് പടിക്കുപുറത്ത് നാടിനെ കാക്കാം നാളേക്കായ്
കണ്ണൂര്‍: കലോത്സവത്തിനൊരുങ്ങിയ കണ്ണൂരിനു ഹരിതവര്‍ണമാണ്. കലോത്സവങ്ങളുടെ ചരിത്രത്തിലാദ്യമായി ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന കലോത്സവം പൂര്‍ണ അര്‍ഥത്തില്‍ വിജയിപ്പിച്ചെടുക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതോടെ നഗരത്തില്‍ നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള മണ്ണിലലിയാത്ത വസ്തുക്കളെല്ലാം പടിക്കുപുറത്തായി. ഗ്രീന്‍ പ്രോട്ടോകോള്‍ നൂറുശതമാനം വിജയിപ്പിക്കാനായാല്‍ കലോത്സവ നടത്തിപ്പില്‍ അതു ചരിത്രമാകും.
മുന്‍ വര്‍ഷങ്ങളില്‍ പ്ലാസ്റ്റിക്കില്‍ ചെയ്ത അതേ മാതൃകയില്‍ കലോത്സവം നടക്കുന്നുണ്ടെങ്കിലും ഇത്തവണ മിഴിവ് ഒട്ടും ചോരാതെ പ്ലാസ്റ്റിക് ഇതര ഉല്‍പന്നങ്ങളുപയോഗിച്ചു കലോത്സവം കമനീയമാക്കാനാണു ഗ്രീന്‍പ്രോട്ടോകോള്‍ കമ്മിറ്റിയുടെഅവിശ്രാന്തശ്രമം. നാടന്‍ കലാരൂപങ്ങളും ബോര്‍ഡുകളുമായി നഗരത്തിലും വേദികളിലും കലോത്സവത്തിന്റെ പ്രചാരണ സാമഗ്രികള്‍ നിരന്നിട്ടുണ്ടെങ്കിലും ഒന്നില്‍ പോലും പ്ലാസ്റ്റിക്കിന്റെ അംശംപോലും തൊട്ടുകാണിക്കാന്‍ പറ്റാത്ത ക്രമീകരണമാണ് ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി നടത്തിയിരിക്കുന്നത്. പന്തലിനു മെടഞ്ഞ ഓല, ഊട്ടുപുരയില്‍ സ്റ്റീല്‍ ഗ്ലാസും ഇലയും എന്നിങ്ങനെയെല്ലാമാണ് ഒരുക്കങ്ങള്‍.
ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം കലോത്സവം നടത്താനുള്ള നിര്‍ദേശം കലക്ടര്‍ മിര്‍ മുഹമ്മദ് അലി മുന്നോട്ടുവച്ചപ്പോള്‍ സംഘാടകസമിതി ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയായിരുന്നു. പാചകശാലയിലും പ്രോഗ്രാം കമ്മിറ്റിയുടെ നടത്തിപ്പിലും വലിയ വെല്ലുവിളി മുന്നിലുണ്ടെന്നു കണ്ടെത്തിയെങ്കിലും ഹരിതപദ്ധതി പ്രകാരം തന്നെ മത്സരം നടത്താനുള്ള ഒരുക്കം അധികൃതര്‍ നടത്തി. അതിനു വേണ്ടി സംഘാടകസമിതി രൂപികരിക്കുമ്പോള്‍ ഇതിനു വേണ്ടി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയും രൂപീകരിച്ചു.
എണ്ണയിട്ട യന്ത്രം പോലെയാണ് പിന്നീട്കമ്മിറ്റി പ്രവര്‍ത്തനം. കലോത്സവ പ്രചാരണത്തിനു സംഘാടക സമിതിയും സംഘടനകളും സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ തുണിയിലാക്കാന്‍ നിര്‍ദേശം നല്‍കി. പ്രോഗ്രാം കമ്മിറ്റിയിലേക്ക് ആയിരത്തിലേറെ മഷിപ്പേനകള്‍ എത്തിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റുമുള്ള ബാഗുകള്‍ തുണിയില്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കി. ഓരോ ദിവസവും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി കോര്‍പറേഷന്‍ പരിധിയില്‍ സഞ്ചരിക്കും. എവിടെയെങ്കിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അടുത്തനമിഷം ആക്ഷന്‍. വരും ദിവസങ്ങളിലെ പ്രവര്‍ത്തനത്തിലൂടെ പ്രകൃതി സൗഹൃദ കലോത്സവം പൂര്‍ണമാക്കാനാകുമെന്നു ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി.ഇന്ദിര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."