അസുഖം ബാധിച്ച് അഭയകേന്ദ്രത്തില്‍ കഴിഞ്ഞ തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: അനാരോഗ്യം മൂലം സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടാക്കിയ വീട്ടുജോലിക്കാരി, സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. എട്ടു മാസങ്ങള്‍ക്കു മുന്‍പ് സഊദിയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയ തമിഴ്‌നാട് മധുര സ്വദേശിനിയായ അനിത ദേവരാജ് ആണ് ജോലിക്കിടെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ വനിതാ അഭയ കേന്ദ്രത്തില്‍ കൊണ്ടാക്കിയത്.
ജോലിസാഹചര്യങ്ങള്‍ കുഴപ്പമില്ലായിരുന്നുവെങ്കിലും രണ്ടു മാസങ്ങള്‍ക്കു മുന്‍പ് അനിതയുടെ കണ്ണിന് അസുഖം ബാധിയ്ക്കുകയും, കാഴ്ചശക്തി കുറഞ്ഞു വരികയും ചെയ്തു. ക്രമേണ അസുഖം മൂര്‍ച്ഛിച്ചു പഴയതു പോലെ ജോലി ചെയ്യാനുള്ള ശേഷി അവര്‍ക്ക് നഷ്ടമായതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു.
വിവരമറിഞ്ഞു വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ ജീവകാരുണ്യപ്രവര്‍ത്തക കേസില്‍ ഇടപെടുകയും, അനിതയുടെ സ്‌പോണ്‍സറെ ഫോണ്‍ വിളിച്ച് സംസാരിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നഷ്ടപരിഹാരം ഒന്നും വാങ്ങാതെ അനിതയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ട് നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായി. ജോലി ചെയ്ത എട്ടു മാസത്തില്‍, അനിതയ്ക്ക് ഏഴു മാസത്തെ ശമ്പളവും നല്‍കിയ സ്‌പോണ്‍സര്‍, ബാക്കി ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്തു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ച അനിത സ്‌പോണ്‍സറുടെ നല്ല മനസിനും ഇടപെട്ടു സഹായിച്ചവര്‍ക്കും നന്ദി പറഞ്ഞാണ് നാട്ടിലേക്ക് തിരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍, കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ സ്വന്തം വസ്ത്രങ്ങള്‍ അല്ലാതെ, യാതൊന്നും കൈയ്യിലില്ലാതെ നാട്ടിലേയ്ക്ക്‌പോയ അനിതയുടെ അവസ്ഥ പരിതാപകരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."