എങ്ങുമെത്താതെ'ഇല്ലം'പദ്ധതി
കല്‍പ്പറ്റ: തോട്ടംതൊഴിലാളികളുടെ ലയങ്ങളിലെ ദൈന്യജീവിതത്തിന് അറുതിയാകുമെന്നു കരുതിയ ജില്ലാ പഞ്ചായത്തിന്റെ ഇല്ലം പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വാര്‍ഷിക ബജറ്റിലാണ് പദ്ധതി നിര്‍ദേശമുള്ളത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ലഭിക്കാത്തതാണ് പദ്ധതി വൈകിപ്പിക്കുന്നത്. പദ്ധതി നടത്തിപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് വിളിച്ച് സ്ഥലം ലഭിക്കുന്ന മുറക്ക് പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രാഥമിക സര്‍വേ മാത്രം പൂര്‍ത്തിയായ 12-ാം പഞ്ചവത്സര പദ്ധതിയിലുള്‍പെട്ട പദ്ധതി നടക്കാതിരിക്കാനാണ് സാധ്യത കൂടുതല്‍. മുന്‍ വര്‍ഷങ്ങളില്‍ തീരാത്ത പ്രവൃത്തികള്‍ വരും വര്‍ഷങ്ങളിലേക്ക് സ്പില്‍ഓവറായി മാറ്റിവെക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം 12-ാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതിനാല്‍ പ്രവൃത്തികള്‍ സ്പില്‍ ഓവറായി മാറ്റിവെക്കാന്‍ കഴിയില്ലെന്നതാണ് ഇല്ലം പദ്ധതിക്ക് തിരിച്ചടിയാകുന്നത്.
പദ്ധതിക്കായി ഒരു കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരുന്നത്. അതേ സമയം സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മാണ പദ്ധതിയും ഇതുവരെ ആരംഭിച്ചിട്ടില്ല. ബജറ്റിന് ശേഷം തോട്ടം തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണത്തിന് പദ്ധതി ആവിഷ്‌കരിച്ച സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് തോട്ടം മേഖലയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് മാത്രമാണ് പദ്ധതിയില്‍ ആകെ നടന്ന 'തുടര്‍നടപടി'.
നിലവിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭവന നിര്‍മാണ പദ്ധതികളില്‍ നിന്നെല്ലാം സാങ്കേതിക കാരണങ്ങളാല്‍ തോട്ടം തൊഴിലാളികള്‍ ഒഴിവാക്കപ്പെടുന്നു എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് 'ഇല്ലം' പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ തോട്ടം മാനേജ്‌മെന്റുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.
ഇതു സംബന്ധിച്ച് തോട്ടം മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയതായും ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഒഴികെയുള്ള ഭൂരിഭാഗം മാനേജ്‌മെന്റുകളും സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചതായും ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു.
ജില്ലയില്‍ ആദിവാസി മേഖലയില്‍ നടപ്പാക്കിയ 'ഫ്‌ളാറ്റ്' മാതൃകയിലുള്ള ഭവനങ്ങളാണ് 'ഇല്ലം' പദ്ധതിയില്‍ ആവിഷ്‌കരിച്ചത്. ഇതിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനമായി സര്‍വേ നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് വൈകുന്നതോടെ പൊളിഞ്ഞു വീഴാറായ ലയങ്ങളില്‍ കഴിയുന്ന തോട്ടം തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കണ്ട പദ്ധതിയാണ് ഇല്ലാതാകുന്നത്. തുടര്‍ നടപടികളില്ലാതായതോടെ തൊഴിലാളികളുടെ സ്വന്തം വീടെന്നത് സ്വപ്നം മാത്രമാകുകയാണ്. സമരങ്ങളാല്‍ പ്രക്ഷുബ്ധമായ തോട്ടം മേഖലയെ വോട്ടുബാങ്കായി മാത്രമാണ് ഭരണകൂടങ്ങള്‍ കാണുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."