മാവുകള്‍ പൂത്തു തുടങ്ങി; കീടാണുക്കളുമെത്തി
ആലപ്പുഴ: പട്ടണപ്രദേശത്തെ തേന്‍ മാവുകള്‍ പൂത്തു തുടങ്ങിയതോടെ കീടാണുക്കളും എത്തി തുടങ്ങി. സാധാരണ നവംബര്‍ മാസത്തിലാണ് പൂത്തു തുടങ്ങുന്നതെങ്കിലും തണുപ്പിന്റെ അഭാവം മൂലം ഇക്കുറി ഏറെ വൈകിയാണ് മാവുകള്‍ പൂത്തു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം കാലം തെറ്റി പെയ്ത മഴ മൂലവും വിളവ് മോശമായിരുന്നു. ഇവയില്‍ പലതും കീടബാധയേറ്റ് നശിക്കുകയും ചെയ്തു. നാട്ടുകാര്‍ക്കു ധാരാളമായി ഗാര്‍ഹീകാവശ്യത്തിനും മിച്ചമുള്ളവ വില്‍പനയ്ക്കും പ്രയോജനപ്പെടുന്ന ടണ്‍ കണക്കിനു മാങ്ങയാണ് വര്‍ഷംതോറും ഉപയോഗശൂന്യമാകുന്നത്. കീടനിയന്ത്രണത്തിനു സര്‍ക്കാര്‍ തലത്തില്‍ സംവിധാനങ്ങളുണ്ടെങ്കിലും ഫലപ്രദമായി ഉപോയിഗിക്കാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ഷിക സര്‍വകലാശാലയും താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.
ഓരോ വീട്ടുകാര്‍ക്കും മാവില്‍ കയറിയുള്ള ഫലപ്രദമായ കീടനിയന്ത്രണ ഉപാധികള്‍ പ്രയോഗിക്കാനും ഇത്തിള്‍ പറിക്കാനും ബുദ്ധിമുട്ടുണ്ട്. അതിനാല്‍ കുറഞ്ഞ ചെലവില്‍ അവ പ്രദേശമാകെ ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് തത്തംപളളി റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മാമ്പഴയീച്ച കെണികളും പുകയ്ക്കലും പൂര്‍ണമായ കീടനിയന്ത്രണം പ്രദാനം ചെയ്യുന്നില്ല.
പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ജനങ്ങളുടെ പൊതുസഹകരണത്തോടെ ജൈവ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയാലെ പ്രയോജനമുണ്ടാകൂ.പട്ടണത്തിലെ വീട്ടു മുറ്റങ്ങളിലുള്ള ഫലവൃക്ഷങ്ങള്‍ സംരക്ഷിക്കാനുള്ള ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കൃഷിപരിപോഷണം മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ആരംഭിച്ച ഹരിത കേരള മിഷനില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."