സഊദി ടെലികോം മേഖല സ്വദേശിവല്‍കരണം ഒന്നാംഘട്ടം ജൂണ്‍ ആറിന്
ദമ്മാം : സഊദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മൊബൈല്‍ കട സ്വദേശി വല്‍ക്കരണം ഒന്നാം ഘട്ട സമയം അടുത്തതോടെ മലയാളികളടക്കമുള്ള മൊബൈല്‍ കടയുടമകള്‍ മറ്റു വഴികളിലേക്ക് ചേക്കേറാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. ആറു മാസത്തിനകം സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ പൂര്‍ണമായും സ്വദേശവത്ക്കരിക്കാനാണ് സഊദി തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരവിട്ടത്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയര്‍ സേവന ഷോപ്പുകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മലയാളികളടക്കം നിരവധി വിദേശികള്‍ക്ക് തിരിച്ചടിയാകുന്ന നടപടി നടപ്പിലാക്കുന്നതിനായി മാര്‍ച്ച് പത്ത് മുതല്‍ ആറ് മാസം സാവകാശമാണ് മന്ത്രി നല്‍കിയിരുന്നത് .
ഇതില്‍ ഒന്നാം ഘട്ടമായ 50 ശതമാന സ്വദേശി വല്‍ക്കരണ സമയം ജൂണ്‍ ആറോടെ ആരംഭിക്കാനിരിക്കെയാണ് മറ്റു വഴികള്‍ തേടി മൊബൈല്‍ കടയുടമകള്‍ അലയുന്നത് .നിരവധി മൊബൈല്‍ കടകള്‍ വില്‍പ്പനക്കായി വെച്ചിരിക്കുകയാണ് .എന്നാല്‍ വിദേശികള്‍ ഈ മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ചില സ്വദേശികള്‍ ഈ രംഗം ചൂഷണം ചെയ്യാന്‍ മുതിരുന്നുണ്ട് .വിദേശികള്‍ക്ക് കടകള്‍ വിറ്റൊഴിക്കലല്ലാതെ മറ്റൊരു നിര്‍വ്വാഹമില്ലാതതാണ് സ്വദേശികള്‍ മുതലെടുക്കാന്‍ കാരണം.
രണ്ടാം ഘട്ടമായ സെപ്റ്റംബര്‍ രണ്ടോടെ 100 ശതമാനം സ്വദേശിവല്‍ക്കരണവും നടപ്പാക്കിയിരിക്കണമെന്നാണ് ഉത്തരവ്. വാണിജ്യ, വ്യവസായ, മുനിസിപ്പല്‍, ടെലികോം, ഐ.ടി മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത് . ഈ സമയ പരിധിക്കുളളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ ഇഖാമ, തൊഴില്‍ നിയമം, ബിനാമി ബിസിനസ് വിരുദ്ധ നിയമം എന്നിവ അനുസരിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാജ്യത്തെ മൊബൈല്‍ കടകളില്‍ ഈ രംഗത്ത് ഇന്ത്യക്കാരാണ് ഭൂരിഭാഗവും .നിയമം പ്രാവര്‍ത്തികമാകുന്നതോടെ മലയാളികടക്കമുള്ളവര്‍ക്ക് കനത്ത തൊഴില്‍ നഷ്ടമായിരിക്കും ഉണ്ടാവുക.
ടെക്‌നിക്കല്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ വാര്‍ത്തെടുക്കുന്നതിനായി സ്വദേശികള്‍ക്ക് ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രയിനിംഗ് സെന്റര്‍ രൂപപ്പെടുത്തി ഇതിനകം പ്രത്യേകം പരിശീലനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുവതികളടക്കമുള്ള ആയിരകണക്കിന് സ്വദേശികളാണ് ഇതി രജിസ്റ്റര്‍ ചെയ്ത് തൊഴില പഠനം നടത്തുന്നത് .മെബൈല്‍ കടകളുമായി ബന്ധപ്പെട്ട ബിസിനസ് രംഗം കൂടുതല്‍ സുരക്ഷയും മാന്യമായ വേതനവും കൈപറ്റുന്നതായാണ് കണക്കുകള്‍. അതിനാലാണ് ഈ മേഖലയില്‍ പൂര്‍ണ്ണ സ്വദേശിവത്കരണം ലക്ഷ്യം വെച്ച് സഊദി തൊഴില്‍ മന്ത്രാലയം രംഗത്തിറങ്ങിയത്.
അതേസമയം,19,000 സ്വദേശികള്‍ക്ക് മൊബൈല്‍ ഫോണ്‍ പരിശീലനം നല്‍കിയതായി സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പറേഷന്‍ ഗവര്‍ണര്‍ അഹമദ് അല്‍ ഫഹീദ് വ്യക്തമാക്കി .ഇതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം മുക്കാല്‍ ലക്ഷത്തോളം ഉയര്‍ന്നിട്ടുന്ദ് .ഇതിന് പുറമേ ഡയറി ഭക്ഷ്യോല്‍പാദനത്തില്‍ 114 യുവാക്കള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട് .വിഷന്‍ 2030 ന്റെ ഭാഗമായി വിവിധ സാങ്കേതിക മേഖലകളില്‍ സ്വദേശി വല്‍ക്കരണം ലക്ഷ്യമിട്ടാണ് സാങ്കേതിക തൊഴില്‍ പരിശീലന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."