അരുവാക്കോട് ഡിപ്പോയില്‍ മാര്‍ച്ചോടെ തടി ലേലം പുനരാരംഭിക്കും
നിലമ്പൂര്‍: തേക്ക് ക്ഷാമത്തെ തുടര്‍ന്നു നിര്‍ത്തിവച്ച വനംവകുപ്പിന്റെ തടി ലേലം മാര്‍ച്ചോടെ പുനരാരംഭിക്കും. സംസ്ഥാനത്തുതന്നെ വനംവകുപ്പിന്റെ പ്രധാന തടി ഡിപ്പോകളില്‍ ഒന്നായ നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ തേക്ക് ക്ഷാമത്തെ തുടര്‍ന്നു ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ലേലം മാറ്റിവച്ചിരിക്കുകയാണ്.
കഴിഞ്ഞ ലേലത്തില്‍ 11 ഘനമീറ്റര്‍ മരങ്ങള്‍ മാത്രമാണ് ലേലം കൊണ്ടത്. ഇനി ഡിപ്പോയില്‍ അവശേഷിക്കുന്നത് ഒരു വീട്ടി കഷ്ണവും നാല് തേക്ക് കഷ്ണങ്ങളും മാത്രമാണ്. 2015-16 വര്‍ഷത്തില്‍ ഡിപ്പോയില്‍ ലേലത്തില്‍വച്ചിരുന്ന പാലക്കാടന്‍ തേക്ക് ഉള്‍പ്പെടെയുള്ള 120 ഘനമീറ്റര്‍ തേക്ക് തടികള്‍ ഡിപ്പോയില്‍ കിടക്കുന്നുണ്ടെങ്കിലും പല പ്രാവശ്യം ലേലം ചെയ്തിട്ടും സര്‍ക്കാര്‍ പ്രതീക്ഷിച്ച തുക ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം വില പുനര്‍നിര്‍ണയിച്ചിരുന്നു.
ഇതിന്റെ അനുമതി കണ്‍സര്‍വേറ്ററില്‍നിന്നു ലഭിക്കേണ്ടതുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലാണ് നിലമ്പൂര്‍ റെയ്ഞ്ചിലെ 1944 ചാത്തംപുറായി തേക്ക് പ്ലാന്റേഷനില്‍നിന്നു തേക്ക് ഉള്‍പ്പെടെ 2200 ഘനമീറ്ററോളം മരങ്ങള്‍ ഈ മാസം അവസാനത്തോടെ ഡിപ്പോയില്‍ എത്തിക്കുന്നത്. ഡിപ്പോയില്‍ അട്ടിവച്ച് ലേലത്തിന് ഒരുക്കേണ്ടതിനാല്‍ മാര്‍ച്ച് മാസത്തോടെയേ ഈ തടികള്‍ ലേലത്തിന് തയാറാകൂ. 2200 ഘനമീറ്റര്‍ മരമെത്തിയാല്‍ കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും ലേലത്തിനുള്ള മരമാകും.
ഇ-ടെന്‍ഡര്‍ സംവിധാനമായതിനാല്‍ ഒരു മാസം പരമാവധി പോകുന്നത് 200 മുതല്‍ 300 ഘനമീറ്റര്‍ വരെയാണ്. സാമ്പത്തിക പ്രതിസന്ധിയും മറ്റും നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ കുറയാനാണ് കൂടുതല്‍ സാധ്യത. നെടുങ്കയം ടിമ്പര്‍ സെയില്‍സ് ഡിപ്പോയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ലേലത്തിനുള്ള മരങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ വനംവകുപ്പിന്റെ ജില്ലയിലെ ഡിപ്പോകള്‍ മാര്‍ച്ചോടെ സജീവമാകും. അതേസമയം, തേക്ക് ക്ഷാമം നേരിട്ടതോടെ ഡിപ്പോയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ലോഡിങ് തൊഴിലാളികള്‍ ഉള്‍പ്പെടെ ദുരിതത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."