ഉപ്പിരിക്ക മാളിക, അഥവാ ചിതലെടുത്ത ചരിത്രത്തിന്റെ കഥ !
നെയ്യാറ്റിന്‍കര: ഇവിടെ നെയ്യാറ്റിന്‍കരയുടെ ഹൃദയഭാഗത്ത് മുന്‍പൊരു കൊട്ടാരമുണ്ടായിരുന്നു. ഉപ്പിരിക്ക മാളികയെന്നായിരുന്നു പേര് . ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും അമ്മച്ചി പ്ലാവും പളളിയുറങ്ങുന്ന പുരവണിക്കടവിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. നാല്‍പതു വര്‍ഷം മുന്‍പ് ദേവസ്വം ബോര്‍ഡ് ഇടിച്ചു നിരത്തിയ കൊട്ടാരത്തിന്റെ ശേഷിപ്പുകളായി പളളിയറ വഴിപണി കൊട്ടാരവും അതോടനുബന്ധിച്ചുളള ഭഗവതി ക്ഷേത്രവും മാത്രമാണ് ഇന്നുള്ളത്. പക്ഷേ, നാടിന്റെ ചരിത്രത്തില്‍ ഉപ്പിരിക്ക മാളികക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്.
പൂര്‍ണമായും വെട്ടുകല്ലിലായിരുന്നു നിര്‍മാണം. മൂന്ന് നിലകളിലായി മൂന്ന് വിശാലമായ ഹാളും പളളി ഉറക്കത്തിനുവേണ്ടി പന്ത്രണ്ടോളം മുറികളുമുണ്ടായിരുന്നു. നെയ്യാറിന്റെയും നെയ്യാറ്റിന്‍കരയുടെയും സൗന്ദര്യം ആസ്വദിക്കാനും അഗസ്ത്യമലയോട് കിന്നാരം ചൊല്ലാനും തിരുവിതാംകൂറിലെ രാജാക്കന്‍മാര്‍ ഇവിടേക്കെത്താറുണ്ടായിരുന്നുവെന്നാണ് ചരിത്രം.
തിരുവിതാംകൂറിലെ യുവ രാജാക്കന്‍മാര്‍ കിരീട ധാരണത്തിനു മുന്‍പ് തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നും തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴി ഇവിടെയായിരുന്നു വിശ്രമിച്ചിരുന്നത്. ഇവിടെ നിന്നും തല മുണ്ഡനം ചെയ്ത് നെയ്യാറില്‍ കുളിച്ച് തൊഴുതാണ് കിരീട ധാരണത്തിനായി യുവ രാജാക്കന്‍മാര്‍ അനന്തപുരിയിലെത്തുന്നത്.
കുളിപ്പുര കടവില്‍ കുളി കഴിഞ്ഞ് ഈറനായി എത്തുന്ന രാജാക്കന്‍മാര്‍ ഈ കൊട്ടാരത്തോട് അനുബന്ധിച്ച് പണിതിട്ടുളള പളളിയറ ഭഗവതി ക്ഷേത്രത്തില്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതും പതിവായിരുന്നു. തിരുവിതാംകൂറിലെ രാജഭരണം അവസാനിച്ചതോടെ മാളികയും അപ്രസക്തമായി.
സംരക്ഷിക്കാന്‍ ആളില്ലാതെ മേച്ചില്‍ ഓടുകളും ചുവരുകളും തേക്കിന്‍തടിയില്‍ പണിത കഴുക്കോലുകളും ഉത്തരങ്ങളും പട്ടികലും ദ്രവിച്ച് നശിച്ചു. ദേവസ്വം ബോര്‍ഡിന്റെ കീഴിലായിട്ടും ഉപ്പിരിക്ക മാളികയെ സംരക്ഷിക്കാനും സ്മാരകമായി നിലനിറുത്താനും ബോര്‍ഡ് അധികൃതര്‍ ഒന്നും ചെയ്തില്ല. തുടര്‍ന്ന് ഓരോ മഴയിലും ഓരോ ഭാഗവും അടര്‍ന്ന് വീഴുക പതിവായപ്പോള്‍ 40 വര്‍ഷം മുന്‍പ് കൊട്ടാരം ദേവസ്വം ബോര്‍ഡ് ഇടിച്ചു നിരത്തി.
അങ്ങനെ രാജഭരണത്തിന്റെ കഥ പറയുന്ന ഉപ്പിരിക്ക മാളിക കൊട്ടാരവും ഓര്‍മ്മയില്‍ നിന്ന് അകന്നു. ഇന്നിവിടെ പളളിയറ വഴിപണി കൊട്ടാരവും അതോടനുബന്ധിച്ചുളള ഭഗവതി ക്ഷേത്രവും മാത്രമാണുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസി.കമ്മിഷണര്‍ ഓഫീസും , അസി.എഞ്ചിനിയര്‍ ഓഫിസും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
മാര്‍ത്താണ്ഡവര്‍മ്മയെ എട്ട് വീട്ടില്‍ പിളളമാരില്‍ നിന്നും രക്ഷപ്പെടുത്തിയ അമ്മച്ചി പ്ലാവിന്റെ അസ്ഥി പഞ്ചരവും ഇന്നിവിടെ കാണാം. ചരിത്രത്തെ ശേഷിപ്പുകളില്‍ ഇപ്പോഴുള്ളവയെയെങ്കിലും സംരക്ഷിച്ചില്ലെങ്കില്‍ നാടിന്റെ സംസ്‌കാരത്തോടു ചെയ്യുന്ന അനീതിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."