ടെക്‌നിക്കല്‍ കലോത്സവത്തിന് ഇന്നു തിരിതെളിയും
നെടുമങ്ങാട്: 39ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന് നെടുമങ്ങാട് മഞ്ച ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇന്ന് തിരിതെളിയും. വൈകുന്നേരം നാലിനു വര്‍ണശബളമായ ഘോഷയാത്ര ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ആരംഭിച്ചു ടി.എച്ച്.എസ്സില്‍ എത്തിച്ചേരും.
അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.സി.ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്,ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍,ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍,ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി,നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവര്‍ പങ്കെടുക്കും.
22ന് നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സി.ദിവാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ, മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഡോ.എ. സമ്പത്ത് എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രധാന വേദിക്ക് പുറമെ ആറു വേദികളിലായി 48 ഇനം കലാമത്സരങ്ങളാണ് അരങ്ങേറുന്നത്.പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ മാത്രമാണ് ഉപയോഗിക്കുകയെന്നും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും സി.ദിവാകരന്‍ എം.എല്‍.എ പറഞ്ഞു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെയും ഐ.ച്ച്.ആര്‍.ഡിക്ക് കീഴിലുള്ള 9 ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും 1200 പരം പ്രതിഭകളാണ് മാറ്റുരക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."