ഗാര്‍ഹിക തൊഴില്‍ മേഖലയിലെ കുറഞ്ഞ കൂലിനിരക്കുകള്‍ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ ഗാര്‍ഹിക തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി.
തുണി അലക്കല്‍, പാത്രം കഴുകല്‍, വീടും പരിസരവും വൃത്തിയാക്കുക, ഭക്ഷണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും മറ്റും വാങ്ങിക്കൊണ്ടുവരിക, ഭക്ഷണം പാചകം ചെയ്യുന്നതിന് സഹായിക്കുക തുടങ്ങിയ ജോലികള്‍ക്ക് ഒരു മണിക്കൂര്‍ നേരത്തേക്ക് 37.50 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 22.50 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവ ഒന്നിച്ചോ ഒന്നില്‍ കൂടുതലോ ജോലി ചെയ്യുന്നതിന് എട്ടു മണിക്കൂര്‍ ജോലിക്ക് ദിവസവേതനം 195 രൂപയും പ്രതിമാസ വേതനം 5070 രൂപയുമാണ് നിരക്ക്. മറ്റുള്ളവയുടെ നിരക്കുകള്‍ ദിവസവേതനം (എട്ട് മണിക്കൂര്‍ ജോലിക്ക്), പ്രതിമാസ വേതനം എന്ന ക്രമത്തില്‍ : കുട്ടികളെ പരിപാലിക്കുക, വിദ്യാലയത്തില്‍ കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്യുക - 201, 5226, പ്രായം ചെന്നവരെയും രോഗികളെയും ഭിന്നശേഷിയുള്ളവരെയും പരിപാലിക്കുക - 201, 5226, കുട്ടികളുടെയും വൃദ്ധരുടെയും പരിപാലനത്തിനൊപ്പം മുകളില്‍ പറഞ്ഞ വീട്ടുജോലികളേതെങ്കിലുമോ ഒന്നിച്ചോ ചെയ്യുന്നതിന് ദിവസത്തേക്ക് 201 രൂപയും ഒരു മാസത്തേക്ക് 5226 രൂപയും നല്‍കണം. കൂടാതെ ഭക്ഷണം പാചകം ചെയ്യുന്നതിന് - 213, 5538 രൂപയും വ്യക്തിയുടെയോ കുടുംബത്തിന്റെയോ താമസവുമായി ബന്ധപ്പെട്ട് വീട്ടിലും പരിസരത്തും മറ്റ് ജോലികള്‍ ചെയ്യുന്നതിന് - 195, 5070, വീട്ടില്‍ താമസിച്ച് ഗാര്‍ഹികജോലി ചെയ്യുന്നതിന് - 219, 5694, വാഹന ഡ്രൈവര്‍ - 219, 5694, ഗാര്‍ഡനര്‍ - 219,5694, ഹോം നഴ്‌സ്(വിദ്യാഭ്യാസ യോഗ്യതയോ വിദഗ്ധ പരിശീലനമോ നേടിയവര്‍) -1) പകല്‍സമയം - 225,5850, 2) വീട്ടില്‍ താമസിച്ച് - 219, 5694. സെക്യൂരിറ്റി വാച്ച്മാന്‍, ഗാര്‍ഡനര്‍ വര്‍ക്കര്‍ - 213, 5538 എന്നിങ്ങനെയുമാണ് നിരക്ക്.
ഈ വേതനത്തിനുപുറമെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണവും ദിവസം നാല് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് നേരത്തെ ഭക്ഷണവും ജോലി ചെയ്യുന്ന വീട്ടില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണവും സൗജന്യമായി നല്‍കണം. അടിസ്ഥാന വേതനത്തിന് പുറമെ സാമ്പത്തിക,സ്ഥിതിവിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയുടെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ വര്‍ധന വന്ന മാസത്തിന്റെ ഒന്നാം തിയതി മുതല്‍ അടിസ്ഥാന വേതനത്തിന്റെ അഞ്ച് ശതമാനം വീതം ക്ഷാമബത്തയായി നല്‍കണം. ആറ് ദിവസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഒരു ഒഴിവ് ദിവസവും ഒഴിവു ദിവസത്തെ ജോലിക്ക് ഓവര്‍ടൈം നിരക്കില്‍ വേതനവും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."