മാലിന്യം: മുട്ടാര്‍ പുഴയെ രക്ഷിക്കാന്‍ നടപടികള്‍ ആരംഭിച്ചു
കൊച്ചി: ഏലൂര്‍ നഗരവാസികള്‍ക്കും പരിസര ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന മാലിന്യത്തില്‍ നിന്നു മുട്ടാര്‍ പുഴയെ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ കലക്ടറേറ്റില്‍ എ.ഡി.എം സി. കെ പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.
മുട്ടാര്‍ പുഴയിലെ മലിനീകരണം മൂലം ആയിരക്കണക്കിനാളുകളാണ് ഇപ്പോള്‍ കഷ്ടപ്പെടുന്നത്. പ്രദേശങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണു മുട്ടാര്‍ പുഴ. ആലുവ, ചൂര്‍ണിക്കര, കളമശേരി, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചേരാനെല്ലൂര്‍, വരാപ്പുഴ, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. നീരൊഴുക്കു കുറഞ്ഞതിനാല്‍ ഉപ്പുവെള്ളത്തിന്റെ കയറ്റവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടികള്‍ക്കായി ഏലൂര്‍ നഗരസഭാ പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗം ചേര്‍ന്നത്.
യോഗ തീരുമാനമനുസരിച്ചു പുഴയിലെ ഉപ്പിന്റെ തോതു കുറയ്ക്കുന്നതിനും പോളയും പായലും ഒഴുകിപ്പോകുന്നതിനും ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് 10 ദിവസം കൂടുമ്പോള്‍ വെള്ളം തുറന്നുവിടാന്‍ ആവശ്യപ്പെടും. കളമശേരി എസ്.സി.എം.സി മുതല്‍ മഞ്ഞുമ്മല്‍ പാലം വരെ ആറുകിലോമീറ്ററോളം നിറഞ്ഞുകിടക്കുന്ന പോളയും പായലും നീക്കുന്നതിന് അടിയന്തിര ഫണ്ട് കണ്ടെത്തും.
കളമശേരി നഗരസഭ വക ഡമ്പിങ് യാര്‍ഡില്‍ നിന്നുള്ള മാലിന്യം പുഴയില്‍ ചേരുന്നതു തടയുന്നതിനു യാര്‍ഡിനു പിന്നിലുള്ള 30 സെന്റ് സ്ഥലം കൂടി വാങ്ങി ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനമായിട്ടുണ്ട്. അതിന്റെ നിര്‍മാണം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കും. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ട് മാലിന്യം പുഴയിലേക്കു തള്ളുന്ന സ്ഥാപനങ്ങള്‍ക്കു മലിനീകരണ നിയന്ത്രണ ബോര്‍ഡ് വഴി നോട്ടീസ് നല്‍കും. പുഴയില്‍ ഇപ്പോള്‍ വ്യാപകമായി വാഹനങ്ങള്‍ കഴുകുന്നുണ്ട്. ഇതു തടയും. ഇതിനായി നിരീക്ഷണം ശക്തമാക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.ബി ബാബു, ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിജി ബാബു, വൈസ്‌ചെയര്‍മാന്‍ എ.ഡി സുജില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സി.പി ഉഷ, എം.എ ജെയിംസ്, ഫാക്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.കെ ഉണ്ണികൃഷ്ണ പ്രസാദ്, സാങ്കേതികവിഭാഗം ഡിവിഷനല്‍ മാനേജര്‍ കെ.സി തോമസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി എം.പി രാജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."